തിരുവനന്തപുരം: ആരോഗ്യരംഗത്ത് ഉയർന്നുവരുന്ന പരാതികൾ പരിഹരിക്കാൻ അടിയന്തിര നടപടിയുമായി സർക്കാർ.ഡോക്ടർമാരുടെ സമയം 8 മുതലാക്കാൻ സർക്കാർ ആലോചന.താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് വരെയുള്ള ഡോക്ടർമാരുടെ ഡ്യൂട്ടി സമയം പുനഃക്രമീകരിക്കുന്നതാണ് ആരോഗ്യ വകുപ്പിന്റെ പരിഗണനയിലുള്ളത്.

ആരോഗ്യ മന്ത്രി വീണാ ജോർജും ആരോഗ്യ ഡയറക്ടറും ഒരുമിച്ചും വെവ്വേറെയും നടത്തിയ പരിശോധനയിലാണ് ഒപിയിൽ രോഗികൾ മണിക്കൂറുകൾ കാത്തു നിന്നാലും ഡോക്ടർമാർ സമയത്ത് എത്തുന്നില്ലെന്നും ചില ആശുപത്രികളിൽ ഒരു ഡോക്ടർ ഒറ്റയ്ക്ക് ഒപിയിൽ മുഴുവൻ രോഗികളെയും നോക്കേണ്ടിവരുന്ന അവസ്ഥയുണ്ടെന്നും മനസ്സിലാക്കിയത്.

തുടർന്ന് എല്ലാ ഡിഎംഒമാരും വകുപ്പ് വിജിലൻസും പ്രധാന ആശുപത്രികളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകി.ഇതിന് പിന്നാലെയാണ് സമയ പുനക്രമീകരണത്തിന് വകുപ്പ് ആലോചിക്കുന്നത്.ഇക്കാര്യം പഠിച്ചു റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും ആരോഗ്യ സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു.ഡോക്ടർമാർക്കും ജീവനക്കാർക്കും പഞ്ചിങ് ഏർപ്പെടുത്താനും തീരുമാനമായി.

താലൂക്ക് ആസ്ഥാനം, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ 8 മുതൽ 1 മണി വരെയായി ഒപി നിശ്ചയിച്ചിരുന്നു. ഈ രീതി എല്ലാ ആശുപത്രികളിലും നടപ്പാക്കാനും ഡോക്ടർമാർ 8ന് തന്നെ എത്തുന്നുവെന്ന് ഉറപ്പു വരുത്താനുമാണ് ആരോഗ്യ വകുപ്പ് ഈ സർക്കുലർ അടിസ്ഥാനമാക്കിയുള്ള പരിഷ്‌കാരം കൊണ്ട് ഉദ്ദേശിക്കുന്നത്.

അന്നത്തേതിന്റെ മൂന്നിരട്ടി രോഗികളെങ്കിലും ഇപ്പോൾ സർക്കാർ ആശുപത്രികളുടെ ഒപിയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. ഏഴും അതിൽ കൂടുതലും ഡോക്ടർമാരുള്ള ആശുപത്രികളിൽ രാത്രി ഡ്യൂട്ടിക്കും ഡോക്ടർമാർ ഉണ്ടാകണം. ആശുപത്രി സൂപ്രണ്ട് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ആശുപത്രിയിൽ ഉണ്ടാകണമെന്നുമാണ് വ്യവസ്ഥ.

്അതേസമയം ഡോക്ടർമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് 2013ൽ ആരോഗ്യ വകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. പിഎച്ച്സി മുതൽ സിഎച്ച്സി വരെ ഡോക്ടർമാർക്കു 9 മുതൽ 3 വരെ ഡ്യൂട്ടി എന്നതുൾപ്പെടെയായിരുന്നു നിർദ്ദേശമെങ്കിലും നടപ്പായില്ല.