- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് വർഷമായി വിട്ടുമാറാത്ത ചുമയും, ശ്വാസകോശ പ്രശ്നങ്ങളും; ശ്വാസനാളികളിലൊന്നിൽ കുടുങ്ങിയ എല്ല് കണ്ടെത്തിയത് സിടി സ്‌കാനിൽ; അതീവ സൂക്ഷ്മതയോടെ ബ്രോങ്കോസ്‌കോപ്പി; 71കാരനായ ഒമാനിലെ മുസാന സ്വദേശിക്ക് കേരളത്തിലെ ചികിത്സയിൽ രോഗമുക്തി
മസ്‌കറ്റ്: നാല് വർഷമായി വിട്ടുമാറാത്ത ചുമയും, ശ്വാസകോശ പ്രശ്‌നങ്ങളുമായി കേരളത്തിൽ ചികിത്സ തേടിയെത്തിയ 72കാരനായ ഒമാനിലെ മുസാന സ്വദേശിയായ സലീം നാസറിന് ഒടുവിൽ രോഗമുക്തി. രാജഗിരി ആശുപത്രിയിൽ നടത്തിയ ബ്രോങ്കോ സ്‌കോപ്പിയിലൂടെയാണ് പ്രധാന ശ്വാസനാളികളിലൊന്നിൽ കുടുങ്ങിയ എല്ലിന്റെ കഷണങ്ങൾ നീക്കം ചെയ്തത്.
കഴുത്ത് അനക്കുമ്പോൾ വേദനയും, ശ്വാസമെടുക്കുമ്പോഴുള്ള ബുദ്ധിമുട്ടും മൂലം ഒമാനിലും, പുറത്തുമായി വിവിധ ആശുപത്രികളിൽ ഏറെ നാളുകൾ ചികിത്സ നടത്തിയിട്ടും ഫലം ഉണ്ടാകാതെ വന്നതോടെയാണ് 71കാരനായ സലീം കേരളത്തിലെ ആശുപത്രിയിലെത്തിയത്. ശ്വാസകോശ അണുബാധയ്ക്കുള്ള മരുന്ന് കഴിച്ച് താത്കാല ആശ്വാസം നേടിയിരുന്ന സലീം മെയ് 4 നാണ് രാജഗിരി ആശുപത്രിയിൽ എത്തുന്നത്.
രാജഗിരിയിൽ എത്തുമ്പോൾ ബന്ധുക്കൾക്കും, റഫർ ചെയ്ത ഡോക്ടർമാർക്കും രോഗാവസ്ഥയെ കുറിച്ച് ആശങ്കയും, അവ്യക്തതയും ആയിരുന്നു. ശ്വാസകോശ രോഗവിഭാഗത്തിലെ ഡോ.മെൽസി ക്ലീറ്റസിന്റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ എക്‌സ്‌റേ, സിടി സ്‌കാൻ പരിശോധനയുടെ ഫലങ്ങളാണ് വഴിത്തിരിവായത്.
വലത് ശ്വാസകോശത്തിലെ പ്രധാന ശ്വാസനാളികളിലൊന്നിൽ എല്ലിന് സമാനമായ വസ്തു തടഞ്ഞിരിക്കുന്നതായി സിടി സ്‌കാനിൽ വ്യക്തമായി. അബദ്ധത്തിൽ പല്ല് വിഴുങ്ങി പോയതാകാം എന്ന നിഗമനത്തിലായിരുന്നു ആദ്യം ഡോക്ടർമാർ. ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ ബ്രോങ്കോ സ്‌കോപ്പിയിലൂടെ എല്ലിന്റെ കഷണങ്ങൾ നീക്കം ചെയ്തു.
രോഗിയുടെ പ്രായം കണക്കിലെടുത്ത് അനസ്തീസിയ നൽകി അതീവ സൂക്ഷ്മതയോടെയായിരുന്നു ഡോക്ടർമാർ ബ്രോങ്കോസ്‌കോപ്പി പൂർത്തിയാക്കിയത്. ശ്വാസകോശ വിഭാഗം ഡോക്ടമാരായ ഡോ. ദിവ്യ ആർ, ഡോ.ജ്യോത്സന അഗസ്റ്റിൻ എന്നിവരും ചികിത്സയിൽ പങ്കാളികളായി. രോഗിയുടെ അറിവില്ലാതെ ഭക്ഷണ പദാർഥങ്ങൾ ശ്വാസനാളത്തിലെത്തി തടസ്സമുണ്ടാക്കുന്ന അവസ്ഥ കുട്ടികളിൽ പതിവാണെങ്കിലും, മുതിർന്നവരിൽ അസാധാരണമാണെന്ന് ഡോ.രാജേഷ് വി പറഞ്ഞു.
കേരളത്തിലെ ആരോഗ്യ രംഗം മികച്ചതാണെന്നും, നാല് വർഷമായുള്ള ദുരിതത്തിൽ നിന്നും പിതാവിന് മോചനം നൽകിയ ഡോക്ർമാരെ നന്ദിയോടെ ഓർക്കുമെന്ന് സലീമിന്റെ മകൻ പറഞ്ഞു. ശ്വാസകോശ വിഭാഗത്തിലെ മുഴുവൻ ജീവനക്കാർക്കും മധുരം വിതരണം ചെയ്താണ് സലീമും കുടുംബവും ചികിത്സ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ