കണ്ണൂർ: അളമുട്ടിയാൽ ചേരയും കടിക്കുമെന്നു പറഞ്ഞതു പോലെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ രാപകൽ സേവനം നടത്തുന്നഹൗസ് സർജന്മാർ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി. തിങ്കളാഴ്‌ച്ച രാവിലെ മെഡിക്കൽ കോളേജ് കാംപസിൽ പ്രതിഷേധപ്രകടനം നടത്തിയ ഹൗസ് സർജന്മാർ പ്രിൻസിപ്പാൾ ഓഫീസിന് മുൻപിൽ പ്രതിഷേധധർണയും നടത്തി.ഡോ.നീരജ കൃഷ്ണൻ, ഡോ.സൗരവ് സുരേഷ്, പരിയാരം ഐഎംഎ പ്രസിഡന്റ് ഡോ.കെ.മാധവൻ, ആംസ്റ്റ പ്രസിഡന്റ് ഡോ.കെ.രമേശൻ എന്നിവർ പ്രസംഗിച്ചു.

2018 ബാച്ചിലുള്ള 90 ഹൗസ് സർജന്മാർക്ക് കഴിഞ്ഞ അഞ്ച് മാസമായി സ്‌റ്റൈപ്പന്റ് ലഭിക്കാത്തതിനെ തുടർന്നാണ് പണിമുടക്ക്. ഇന്റണൽഷിപ്പിൽ ജോലി ചെയ്യുന്ന തങ്ങളെപ്പോലുള്ള 2017 ബാച്ച്കാർക്ക് സ്‌റ്റൈപ്പന്റ് നൽകുമ്പോഴും ഡിഎംഇയിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ 2018 ബാച്ചിലെ ഹൗസ് സർജൻസിന് സ്റ്റെപ്പൻഡിന് അർഹതയുണ്ടാകുവെന്ന വിചിത്രമായ ന്യായം വിവേചനമാണെന്നും, ഒരു പോലെ ജോലി ചെയ്യുന്ന രണ്ട് ബാച്ച് ഹൗസ് സർജന്മാരോട് വിവേചന ബുദ്ധിയോടെ പെരുമാറുന്നത് ന്യായത്തിന് നിരക്കുന്നതല്ലെന്നും ഇവർ പറഞ്ഞു.

നാല് മാസത്തിന്റെ സ്റ്റെപ്പന്റ് ഇനത്തിൽ കോളേജിന് ആവശ്യമായ തുകയുടെ ഇരട്ടിയിൽ അധികം തുക ഗവൺമെന്റ് അക്കൗണ്ടുകളിലായും, തനത് ഫണ്ട് അക്കൗണ്ടിലായും ബാക്കി നിൽക്കെയാണ് ഡിഎംഇ നിർദ്ദേശം കാത്തിരിക്കുന്നത്. 36 മണിക്കൂർ ഷിഫ്റ്റുകളിലായി രാപകൽ രോഗിപരിചരണം നടത്തുന്ന ഹൗസ് സർജന്മാരാണ് മെഡിക്കൽ കോളേജിന്റെ ജീവനാഡി. ഇവരുടെ പണിമുടക്ക് സമരം ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനെ ബാധിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

കണ്ണൂർ, കാസർകോട്ജില്ലകളിലെ സാധാരണക്കാരായ രോഗികളാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയെ ചികിത്സയ്ക്കായി സമീപിക്കുന്നത്. ഇവിടെ ഒ.പിയിലും വാർഡുകളിലും രാപകൽ സേവനം നടത്തുന്നത് ഹൗസ് സർജന്മാരാണ്2018 ബാച്ചിലുള്ള 90 ഹൗസ് സർജന്മാർക്ക് കഴിഞ്ഞ അഞ്ച് മാസമായി സ്‌റ്റൈപ്പന്റ് ലഭിക്കാത്തതിനെ തുടർന്നാണ് പണിമുടക്ക് നടത്തിയത്. സ്റ്റൈപൻഡ് കുടിശിക അനുവദിക്കാത്തതിനെ തുടർന്ന് ആരോഗ്യമന്ത്രി, ജില്ലാമെഡിക്കൽ ഓഫീസർ, കോളേജ് പ്രിൻസിപ്പൽ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും അവഗണിക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്.

നവംബറിൽ ഈ വിഷയം ഉന്നയിച്ചു ഹൗസ് സർജന്മാർ സൂചനാപണിമുടക്ക് നടത്തിയിരുന്നുവെങ്കിലും പ്രതിഷേധം സർക്കാർ അവഗണിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അനിശ്ചിതകാല സമരത്തിന് തങ്ങളെ നിർബന്ധിതമാക്കിയതെന്നു ഹൗസ് സർജൻസ് അസോ. ഭാരവാഹികൾഅറിയിച്ചു.2018ലെ ബാച്ചിനു മാത്രമാണ് സർക്കാർ സ്റ്റൈപന്റ് നിഷേധിക്കുന്നതെന്നും ഹൈക്കോടതിയിൽ ഫീസടച്ചില്ലെന്ന കേസുമായി ബന്ധപ്പെട്ടാണ് സർക്കാർ ഫണ്ടുണ്ടായിട്ടും അനുവദിക്കാത്തതെന്നു അസോസിയേഷൻ ഭാരവാഹിയായ ഡോ.നീരജ കൃഷ്ണൻ ആരോപിച്ചു.തങ്ങളുടെ വിഷയം ആരോഗ്യ മന്ത്രിയെ നേരിൽ കണ്ടുഅറിയിച്ചിരുന്നു. ഉടൻ നടപടി ഉണ്ടാകുമെന്ന് മറുപടി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇതിനെ തുടർണാണ് സമരം ചെയ്യുന്നതെന്നു അസോ.ഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ അഞ്ച് മാസത്തോളമായിതങ്ങൾ ഭക്ഷണം കഴിക്കുന്നതിന് പോലും വീട്ടുകാരിൽ നിന്നാണ് പണം വാങ്ങുന്നത്. വ്യക്തമായ കാരണമില്ലാതെയാണ് ഒരുപോലെ ജോലി ചെയ്യുന്ന ഹൗസ് സർജന്മാരോട് വിവേചനം കാണിക്കുന്നത്. എന്തുകൊണ്ട് സ്റ്റൈപ്പൻഡ് ലഭിക്കുന്നില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ആരോഗ്യ മന്ത്രിയും തയ്യാറാകുന്നില്ല. ഇതിൽ തങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ടെന്ന് ഹൗസ് സർജൻസി ഡോക്ടർമാർ പറഞ്ഞു.