പത്തനംതിട്ട: പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ നാട്ടിൽ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പു നൽകുന്നതിനിടെ വളർത്തു നായ ലൈവ് സ്റ്റോക് ഇൻസ്പെക്ടറെ കടിച്ചു. റാന്നി പെരുനാട് വെറ്റിനറി ഡിസ്പെൻസറിയിലെ രാഹുലിനാണ് കടിയേറ്റത്.

റാന്നി പെരുനാട് പഞ്ചായത്ത് പേ വിഷ നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30 ന് നായ്ക്കൾക്ക് വാക്സിനേഷൻ ക്യാമ്പ് നടക്കുമ്പോഴാണ് സംഭവം.പെരുനാട് പഞ്ചായത്ത്,1,13,14,15 വാർഡുകളിലെ നായകൾക്ക് വാക്സിനേഷൻ നൽകുന്നതിനായി പെരുനാട് മാമ്പാറ എന്ന സ്ഥലന്ന് കക്കാട് എൽപി സ്‌കൂളിന് മുൻ വശം ക്യാംപ് ഒരുക്കിയിരുന്നു.

ക്യാംപിൽ വാക്സിനേഷൻ എടുക്കുന്നതിനിടെ പെരുനാട് മാമ്പാറ മേലേടത്ത് ജയാ സുനിൽ കൊണ്ട് വന്ന വളർത്തു നായയാണ് രാഹുലിനെ കടിച്ചത്. വാക്സിൻ എടുക്കുന്ന സമയത്താണ് രാഹുലിന് ഇടതു കൈയിൽ കടിയേറ്റത്. ഉടൻ തന്നെ പെരുനാട് സി.എച്ച്.സിയിൽ എത്തിച്ച് ആന്റി റാബീസ് വാക്സിൻ എടുത്തു. തുടർ ചികിൽസയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.