കോട്ടയം: തെരുവുനായയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കും കുട്ടികൾക്കും ഉൾപ്പെടെ 7 പേർക്ക് പരുക്ക്. കോട്ടയം പാമ്പാടി നൊങ്ങൽ ഏഴാം മൈലിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞു നാലരയോടെയാണ് സംഭവം. വീട്ടുമുറ്റത്തിരുന്ന സ്ത്രീയുടെ നേരെ തെരുവുനായ പാഞ്ഞടുത്തു. ഓടി വീട്ടിലേക്ക് കയറിയ വീട്ടമ്മയെ പിന്നാലെ എത്തി നായ കടിക്കുകയായിരുന്നു. കാലിനു കടിയേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെറ്റിയിൽ കിടന്ന മറ്റൊരു സ്ത്രീക്കും കടിയേറ്റു. വീടിനകത്തു കിടന്നുറങ്ങിയ 12 കാരനും മാതാപിതാക്കൾക്കൊപ്പം കാറിൽ വന്നിറങ്ങിയ പത്തു വയസുകാരിക്കും നായയുടെ കടിയേറ്റു. വഴിയാത്രക്കാരനായ 65 കാരനെയും നായ ഓടിച്ചിട്ട് കടിച്ചു. നായയെ കണ്ടു ഓടിയ രണ്ടുപേർക്ക് വീണ് പരുക്കേറ്റു. ഇതിൽ 21 കാരന്റെ ഷോൾഡർ വീഴ്ചയിൽ ഊരിമാറിയാണ് പരിക്കേറ്റത്.

ഒരുകിലോമീറ്റർ ചുറ്റളവിലാണ് നായയുടെ ആക്രമണം ഉണ്ടായത്. നായയുടെ കടിയേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ പരിഭ്രാന്തി പരത്തിയ നായയെ ചത്ത നിലയിൽ കണ്ടതോടെ തിരുവല്ല വെറ്റിനറി ആശുപത്രിയിൽ പരിശോധനക്കായി എത്തിച്ചു. മേഖലയിൽ നാട്ടുകാർ ഭീതിയിലാണ്. ഒരു മാസം മുൻപും എട്ടു പേർക്ക് നായയുടെ കടിയേറ്റിരുന്നു. വിജനമായ പ്രദേശമായ നെല്ലിമലകോട്ടയിൽ നായ്ക്കളെ ഉപേക്ഷിക്കുന്നതാണ് മേഖലയിൽ നായ്ക്കൾ പെരുകാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. കശാപ്പു ശാലയും പൊതുശ്മാശാനവുമൊക്ക തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറി.

കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം മേഖലയിൽ കൂടുതലായിരുന്നതായി നാട്ടുകാർ പറയുന്നു. കോട്ടയം ജില്ലയുടെ പല പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാണ്.