തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഡോഗ് സ്‌ക്വാഡിൽ കോടികളുടെ അഴിമതിയെന്ന് ആരോപണം. ഗിരീഷ് ബാബു എന്ന വ്യക്തിയാണ് ഈ വിഷയം ഉന്നയിച്ചു വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. ഡോഗ് പരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും മറവിൽ കോടികളുടെ അഴിമതി നടക്കുന്നുവെന്നാണ് ഹാർജിയിൽ പറയുന്നത്. 2011 മുതൽ ഡോഗുകൾക്കുള്ള ഡ്രൈ ഫുഡുകളുടെ പർച്ചേഴ്സ് ആരംഭിച്ചത് വഴിയും, അനർഹരായ പൊലീസ് സേനാംഗങ്ങളിൽ നിന്നു ലക്ഷങ്ങൾ കൈക്കൂലി വാങ്ങി ജില്ലാ ഡോഗ് സ്‌ക്വാഡുകളിലേയ്ക്കുള്ള നിയമനങ്ങളും, പുനർ നിയമനങ്ങൾ നൽകിയും, സേനയിലേയ്ക്ക് ആവശ്യത്തിലധികമായി ഡോഗുകളെ വാങ്ങിക്കൂട്ടിയുമാണ് അഴിമതി.

നിലവിൽ സംസ്ഥാനത്തെ പൊലീസ് ഡോഗുകളുടെ ചുമതല വഹിക്കുന്ന ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പി. പ്രകാശ് ഐപിഎസിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയും അസിസ്റ്റന്റ് കമാന്റുമായ എസ് സുരേഷ്, തലസ്ഥാനത്തെ മൗണ്ടഡ് പൊലീസ് ക്യാമ്പിലെ വെറ്റിനറി അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലുണ്ടായിരുന്ന ഡോ: ലോറൻസ്, നിലവിലെ വെറ്റിനറി അസിസ്റ്റന്റ് ഡയറക്ടർ ഡോ: സുമൻ, ഡോഗ് സ്‌ക്വാഡിലേയ്ക്ക് ഫുഡ് വിതരണം ചെയ്യുന്ന കരാറുകാരയ തിരുവനന്തപുരത്തെ കരമനയിൽ പ്രവർത്തിക്കുന്ന വേണാട് എന്റർപ്രൈസസ് സ്ഥാപനത്തിന്റെ ഉടമകളും, കൂടാതെ ഭരണകക്ഷിയിലെ ഒരു മുതിർന്ന നേതാവും ചേർന്നു ഖജനാവിൽ നിന്നും കോടികൾ തട്ടുന്നതായും പരാതിയിൽ പറയുന്നു.

അഴിമതി റാക്കറ്റിൽ ഉൾപ്പെട്ട വേണാട് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനു മാത്രം കരാർ ലഭിക്കുന്നതിനായി ഈ സ്ഥാപനത്തിന്റെ വിതരണാവകാശമുള്ള ഫാർമിനാ എന്ന പെറ്റ് ഫുഡ് നിർമ്മാണ കമ്പനിയുടെ എൻ & ഡി എന്ന പ്രൊഡക്ട് വാങ്ങുന്നതിനായി വെറ്റിനറി ഡോക്ടറെക്കൊണ്ട് ആട്ടിറച്ചിയും ബ്ലൂബറിയും ഘടകമായി വരുന്ന ഫുഡുകകൾ മാത്രമേ ഡോഗുകൾക്കു കൊടുക്കാവു എന്ന് റിപ്പോർട്ടുണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥാപനത്തിനു മാത്രം ടെണ്ടറിൽ പങ്കെടുക്കുന്നതിനു വേണ്ടി ഏറ്റവും കുറഞ്ഞ ദിവസത്തെ സാവകാശം മാത്രം നൽകി അതീവ രഹസ്യമായി ടെണ്ടർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

പൊതുവിപണിയിൽ നിന്നും ഡോഗ് ഫുഡ് എംആർപി വിലയേക്കാൾ 60 % ത്തിൽ കുറവ് മാർജിനിൽ വാങ്ങാൻ കഴിയുന്ന വിവിധ സ്‌കീമുകൾ നിലവിലുള്ളപ്പോൾ വെറും 33 % കുറവിൽ മാത്രമാണ് വേണാട് എന്റർ പ്രൈസസസ് എന്ന സ്ഥാപനത്തിൽ നിന്നും ഡോഗ് ഫുഡ് വാങ്ങുന്നത്. കൂടാതെ പൊതുവിപണിയിൽ നിന്നും ഇതേ ഫുഡ് രണ്ട് ബാഗ് വാങ്ങുമ്പോൾ ഒന്ന് സൗജന്യമായി ലഭിക്കുന്ന സ്‌കീമുകളുണ്ടായിട്ടും അതും പ്രയോജനപ്പെടുത്തുന്നില്ല.

12 കിലോയുടെ 2400 ബാഗ് ഡോഗ് ഫുഡാണ് കേന്ദ്രീകൃത പർച്ചേഴ്സിലൂടെ പ്രതിവർഷം വാങ്ങുന്നത്. ഈ ഫുഡിൽ നിന്നാണ് ജില്ലയിലെ ഓരോ സ്‌ക്വാഡുകളിലേയ്ക്കും ഓരോ മാസത്തേയും ഉപയോഗം കണക്കാക്കി ഫുഡ് നൽകുന്നത്. കരാർ കമ്പനിയിൽ നിന്നും ഇത്തരത്തിൽ ലഭിക്കുന്ന ഫുഡ് ബാഗിൽ വെറ്റിനറി ഡോക്ടർ നിർദ്ദേശിച്ച പ്രകാരമുള്ള കരാറിൽ പറഞ്ഞിട്ടുള്ള ഫുഡുപകളായിരിക്കില്ല ലഭിക്കുന്നത്. മാത്രവുമല്ല ചില ഫുഡ് ബാഗകളുടെ കാലവധി കഴിഞ്ഞതിനാൽ ഉപയോഗിക്കാൻ പോലും സാധിക്കുന്നില്ല. ഇത്തരത്തിലും കോടികളാണ് ഖജനാവിൽ നിന്നും കൊള്ളയടിക്കുന്നത്.

അതേസമയം ഓരോ പൊലീസ് ഡോഗിനൊപ്പവും കൃത്യമായി 9 മാസം പരിശീനം ലഭിച്ചവരെ മാത്രമേ നിയമിക്കാവു. കാരണം ഓരോ ഡോഗിനും അതിന്റെ ഒരു യജമാനനിൽ നിന്നുള്ള നിർദ്ദേശം മാത്രമേ സ്വീകരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ പൊലീസ് ഡോഗ് മാനുവലും സർക്കാർ ഉത്തരവുകളും അട്ടിമറിച്ചാണ് സ്‌ക്വാഡുലേയ്ക്ക് തനിയമനം നടത്തുന്നത്.

അതേസമയം 10 വർഷത്തേക്കാണ് ഒരു ഡോഗിന്റെ സർവ്വീസ് കാലാവധി. ഈ കാലാവധി കഴിയുമ്പോൾ ഡോഗിനൊപ്പം അത്രയും നാൾ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ലോക്കൽ പൊലീസ് സ്റ്റേഷനിലേയ്ക്ക് തിരികെ പോകേണ്ടതാണ്. അത്തരത്തിൽ പോകാൻ താൽപ്പര്യമില്ലാത്തവർ കൈക്കൂലി നൽകി തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളിലെ ഡോഗ് സ്‌ക്വാഡിലേയ്ക്ക് വീണ്ടും വീണ്ടും പുനർ നിയമനം നേടിയെടുത്തത് സേനയിൽ ഏറെ വിവാദം ഉണ്ടാക്കിയിട്ടുണ്ട്.