- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ കോൺസുൽ ജനറൽ ഉൾപ്പെട്ട ഡോളർ കടത്ത് എം ശിവശങ്കർ മറച്ചുവച്ചു; ഇന്റലിജൻസ് റിപ്പോർട്ടുകൾ സ്വപ്‌നയ്ക്കും സരിത്തിനും ചോർത്തി കൊടുത്തത് ഗുരുതരമായ കുറ്റം; സ്വപ്‌നയുടെ ലോക്കറിൽ നിന്ന് എൻഐഎ പിടിച്ചെടുത്ത ഒരു കോടി ശിവശങ്കറിന് ഉള്ള കമ്മീഷൻ; ഡോളർ കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്ന് കസ്റ്റംസ് കുറ്റപത്രം
കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആറാം പ്രതി. കേസിൽ ശിവശങ്കർ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസിന്റെ കുറ്റപത്രം. ശിവശങ്കർ ഇന്റലിജൻസ് രഹസ്യങ്ങൾ സ്വപ്നയ്ക്ക് ചോർത്തിക്കൊടുത്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു. യുഎഇ കോൺസുലേറ്റിലെ മുൻ ധനകാര്യവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ജൗഫ്രിയാണ് ഒന്നാംപ്രതി. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പൻ, എം.ശിവശങ്കർ എന്നിവരാണ് മറ്റുപ്രതികൾ. കേസിൽ ആകെ 40 പേജുകളുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
യുഎഇ കോൺസുൽ ജനറൽ അടക്കം ഉൾപ്പെട്ട ഡോളർ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കർ അക്കാര്യം മറച്ചുവെച്ചു. ഇവരുടെ കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ പലതവണ സ്വപ്നയ്ക്കും സരിത്തിനും ചോർത്തി കൊടുത്തെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. യുഎഇ കോൺസുൽ ജനറൽ അടക്കം ഉൾപ്പെട്ട കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെ സംബന്ധിച്ചാണ് ശിവശങ്കർ വിവരം കൈമാറിയിരുന്നത്. ഇത് വളരെ ഗുരുതരമായ കണ്ടെത്തലാണ്.അന്വേഷണ സംഘം സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
എല്ലാ ഇടപാടുകളും ശിവശങ്കറിന് അറിയാമായിരുന്നു. ലൈഫ് മിഷൻ കരാറിലെ വഴിവിട്ട നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും ശിവശങ്കറായിരുന്നു. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ കരാർ യൂണിടാക്കിന് നൽകിയത് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു. സ്വപ്നയുടെ ലോക്കറിൽനിന്ന് എൻ.ഐ.എ. പിടിച്ചെടുത്ത ഒരുകോടി രൂപ ശിവശങ്കറിനുള്ള കമ്മീഷനായിരുന്നുവെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തിൽ വിശദീകരിക്കുന്നുണ്ട്.
ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളെ സംബന്ധിച്ചും കുറ്റപത്രത്തിൽ പരാമർശമുണ്ട്. വിദേശത്ത് ബിസിനസ് സംരംഭം തുടങ്ങാൻ ശിവശങ്കറിന് താത്പര്യമുണ്ടായിരുന്നതായി വാട്സാപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് പറഞ്ഞിരിക്കുന്നത്. 2017-ൽ മുഖ്യമന്ത്രി യുഎഇയിലുള്ള സമയത്ത് ഖാലിദ് മുഹമ്മദ് ചില ബാഗുകൾ കടത്തിയതായുള്ള സ്വപ്നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. ഈ മൊഴികളാണ് സ്വപ്ന അടുത്തിടെ പുറത്തുവിട്ടത്.
പല രാഷ്ട്രീയ നേതാക്കളും വിദേശത്തേക്ക് പണം കടത്തിയതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നു. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതികളുമായി ശിവശങ്കറിനുള്ള അടുപ്പം ചീഫ് സെക്രട്ടറിതല അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതെ തുടർന്ന്, 2020 ജൂലൈ 17ന് ആണ് ഐടി പ്രിൻസിപ്പൽ സെക്രട്ടറി കൂടി ആയിരുന്ന ശിവശങ്കറെ സസ്പെൻഡ് ചെയ്തത്. 2022 ജനുവരിയിൽ ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്തു.
മറുനാടന്‍ മലയാളി ബ്യൂറോ