കൊയ്റോ: ലോക വേദിയികളില്‍ എവിടെ പോയാലും സൗന്ദര്യം കൊണ്ട് ശ്രദ്ധനേടാറുണട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോനി. ഗസായിലെ അന്താരാഷ്ട്ര ഉച്ചകോടിയുടെ വേദിയിലും മെലോനി താരമായി. ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണിയെ സുന്ദരിയെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

തിങ്കളാഴ്ച ഈജിപ്തില്‍ നടന്ന ഗാസ അന്താരാഷ്ട്ര ഉച്ചകോടിയിലായിരുന്ന വേദിയിലെ ഏക വനിതാ നേതാവായ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെക്കുറിച്ച് ട്രംപ് ചില പ്രത്യേക വാക്കുകള്‍ പറഞ്ഞത്. മെലോണിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നേക്കാമെന്നും എന്നാല്‍ താന്‍ നേരിടാന്‍ തയ്യാറാണെന്നും ട്രംപ് പറയുകയുണ്ടായി.

'യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഒരു സ്ത്രീയെക്കുറിച്ച് 'സുന്ദരി' എന്ന വാക്ക് ഉപയോഗിച്ചാല്‍, അത് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ്, പക്ഷേ ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നു' പ്രസംഗത്തിനിടെ ട്രംപ് പറഞ്ഞു. 'നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ, അല്ലേ? കാരണം നിങ്ങള്‍ സുന്ദരിയാണ്' തനിക്ക് പിന്നിലായി നിന്നിരുന്ന 48കാരിയായ മെലോണിക്ക് നേരെ തിരിഞ്ഞ് ട്രംപ് ചോദിച്ചു. ചിരിച്ചുകൊണ്ട് മെലോണി അതിന് മറുപടി നല്‍കുന്നുണ്ടായിരുന്നു. പറഞ്ഞത് എന്താണെന്ന് വ്യക്തമായിരുന്നില്ല.

കുടിയേറ്റം, സാംസ്‌കാരിക വിഷയങ്ങള്‍ എന്നിവയില്‍ മെലോണിയുടെ നിലപാടുകളെ ട്രംപ് പ്രശംസിച്ചു. ഇറ്റലിയില്‍ അവര്‍ക്ക് വലിയ ബഹുമാനമുണ്ട്. അവര്‍ വളരെ നല്ല രാഷ്ട്രീയക്കാരിയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസ വെടിനിര്‍ത്തല്‍ക്കരാര്‍ പുതിയ പശ്ചിമേഷ്യയുടെ ഉദയമാണെന്നും ഭീകരതയുടെയും നാശത്തിന്റെയും ശക്തികള്‍ പരാജയപ്പെട്ടെന്നും സമാധാന ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ച ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാമര്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക് മെര്‍സ് തുടങ്ങിയ ലോകനേതാക്കള്‍ പങ്കുചേര്‍ന്നു.

അടുത്തിടെ 'ഐ ആം ജോര്‍ജിയ മൈ റൂട്ട്സ്, മൈ പ്രിന്‍സിപ്പിള്‍സ്' എന്ന മെലോണിയുടെ ആത്മകഥയുടെ ഇന്ത്യന്‍ പതിപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആമുഖം എഴുതിയത്. അവിവാഹിതയായ അമ്മയെന്ന നിലയില്‍ നേരിടേണ്ടിവന്ന ആക്രമണങ്ങള്‍ മുതല്‍ ഗര്‍ഭിണിയായിരിക്കെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടിവന്നത് വരെയുള്ള വ്യക്തിപരമായ പോരാട്ടങ്ങള്‍ വിവരിക്കുന്നതാണ് മെലോനിയുടെ പുസ്തകം.

പുസ്തകത്തെ 'അവരുടെ മന്‍ കി ബാത്ത്' എന്നാണ് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചിട്ടുള്ളത്. മാതൃത്വം, ദേശീയത, പാരമ്പര്യം എന്നിവയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് മെലോണിയെ അദ്ദേഹം അഭിനന്ദിച്ചു. 2023-ലെ മെലോനിയുടെ ഇന്ത്യ സന്ദര്‍ശനത്തിനു ശേഷം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് വളര്‍ന്നുവരുന്ന ഇന്ത്യ-ഇറ്റലി ബന്ധത്തിന്റെ അടിത്തറ ഇത്തരം മൂല്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുസ്‌കത്തിന് ആമുഖം എഴുതാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും ദേശസ്നേഹിയും സമകാലികരായ നേതാക്കളില്‍ അസാധാരണ വ്യക്തിത്വത്തിന് ഉടമയുമാണ് മലോണിയെന്നും എടുത്തുപറയുന്നു. ഇന്ത്യയും ഇറ്റലിയും പാരമ്പര്യത്തോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ ആധുനികതയെ സ്വീകരിക്കുന്നതിലൂടെ ആത്മീയമായി ഒന്നിച്ചിരിക്കുന്നു. മെലോനിയുമായുള്ള എന്റെ വ്യക്തിപരമായ സൗഹൃദത്തിന്റെ അടിത്തറ അതാണെന്നും മോദി പറയുന്നു.

ഒരു സ്ത്രീ രാഷ്ട്രീയത്തില്‍ പ്രവേശിക്കേണ്ടത് സ്ത്രീകളെ പ്രതിനിധീകരിക്കാന്‍ വേണ്ടി മാത്രമാണെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ലെന്ന് ആത്മകഥയില്‍ മെലോണി പറയുന്നുണ്ട്. രാഷ്ട്രീയം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. പൊതുവായ നന്മയ്ക്ക് വേണ്ടി. ഗര്‍ഭിണി ആണെന്ന കാരണംകൊണ്ട് ഒരാളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ പാടില്ല. ഒരു കോള്‍ സെന്ററില്‍ താല്‍ക്കാലിക ജോലി ചെയ്യുന്ന ഗര്‍ഭിണിയായ ഒരു യുവതിക്ക് എന്ത് സാധ്യതയാണുള്ളത്? കുട്ടികള്‍ ഒരു പരിമിതിയല്ലെന്ന് തെളിയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. വാസ്തവത്തില്‍, പരിമിതികളെ മറികടക്കാന്‍ അവരാണ് നമ്മെ സഹായിക്കുന്നുതെന്നും അവര്‍ പറയുന്നു.

2021-ല്‍ മെലോനി പ്രതിപക്ഷത്തായിരുന്നപ്പോള്‍ ആദ്യം പ്രസിദ്ധീകരിച്ച ആത്മകഥ അന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകമായി മാറിയിരുന്നു. 2025 ജൂണില്‍ പുറത്തിറങ്ങിയ യുഎസ് പതിപ്പില്‍ യുഎസ് പ്രസിഡന്റിന്റെ മൂത്ത മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ ആമുഖമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

2023ല്‍ ദുബായില്‍ നടന്ന ലോക കാലാവസ്ഥാ ഉച്ചകോടി (കോപ് 28) ക്കിടെ എടുത്ത ഒരു സെല്‍ഫി വൈറലായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രിയും തമ്മിലുള്ള സൗഹൃദം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 'കോപ് 28-ലെ നല്ല സുഹൃത്തുക്കള്‍' എന്ന അടിക്കുറിപ്പോടെ മെലോണിയാണ് ചിത്രം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. 'സുഹൃത്തുക്കളെ കാണുന്നത് എല്ലായ്പ്പോഴും സന്തോഷമാണ്,' എന്ന് എഴുതിക്കൊണ്ട് മോദി ചിത്രം റീപോസ്റ്റ് ചെയ്തിരുന്നു.