- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്രംപ് വീണ്ടും പ്രസിഡന്റായാൽ ഇലോൺ മസ്‌ക് യുഎസിന്റെ ഉപദേഷ്ടാവായേക്കും
വാഷിങ്ടൺ: അമേരിക്ക തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ബൈഡനും, ട്രംപും തമ്മിലാണ് മാറ്റുരയ്ക്കുക എന്നും വ്യക്തമാണ്. ഈ സാഹചര്യത്തിൽ ഇക്കുറി അമേരിക്കയിൽ ട്രംപിനൊപ്പം കൈകോർക്കാൻ പല പ്രമുഖരും ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെ ട്രംപിന് പിന്തുണയുമായി ഇലോൺ മസ്‌ക്ക് രംഗത്തുവരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു വ്യവസായി എന്നതിലുപരി ആഗോള വിഷയങ്ങളിൽ നിരന്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുള്ള വ്യക്തികളിലൊരാളാണ് ഇലോൺ മസ്‌ക്. അങ്ങനെയുള്ള മസ്‌ക്കിനെ ഒപ്പം തീർത്താൻ ട്രംപ് ശ്രമം ശക്തമാക്കിയിട്ടുണ്ട്.
ഇലോൺ മസ്‌കിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയമാനം കൈവരാൻ പോവുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബഹിരാകാശ പദ്ധതികളും മനുഷ്യന്റെ തലച്ചോറിനെയും നിയന്ത്രിക്കുന്ന ന്യൂറോലിങ്ക് ഗവേഷണവുമായും മുന്നോട്ടു പോകുന്ന മസ്‌ക്കിനെ ട്രംപ് പ്രസിഡന്റായാൽ വൈറ്റ്ഹൗസ ഉപദേഷ്ടാവാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് മസ്‌കും ട്രംപും ഫോൺ സംഭാഷണങ്ങൾ നടത്തിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ കഴിഞ്ഞ സർക്കാറിലും മസ്‌ക്കിന് കാര്യമായ സ്വാധീനം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മാർച്ചിൽ കോടീശ്വര വ്യവസായിയായ നെൽസൺ പെൽറ്റ്സിന്റെ എസ്റ്റേറ്റിൽ വെച്ച് ട്രംപും മസ്‌കും തമ്മിൽ കണ്ടിരുന്നു. അന്ന് മുതൽ ഇരുവരും തമ്മിൽ കുടിയേറ്റം ഉൾപ്പടെ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തകാലത്തായി ഇത്തരം വിഷയങ്ങളിൽ അദ്ദേഹം എക്സ് പോസ്റ്റുകളും പങ്കുവെച്ചിരുന്നു.
ഈ വരുന്ന തിരഞ്ഞെടുപ്പിൽ രണ്ട് പക്ഷങ്ങളുടെ പ്രചാരണത്തിനും സംഭാവന നൽകില്ലെന്ന് മസ്‌ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജോ ബൈഡനെ പിന്തുണയ്ക്കുന്നതിൽ നിന്ന് തന്റെ സഖ്യത്തിലുള്ള സമ്പന്നരും ശക്തരുമായ ആളുകളെ പിന്തിരിപ്പിക്കാൻ ട്രംപിനൊപ്പം ചേർന്ന് മസ്‌ക് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നേരത്തെ സോഷ്യൽ മീഡിയയിൽ പരസ്പരം പോരടിച്ചിരുന്നവരാണ് മസ്‌കും ട്രംപും.
നേരത്തെ ട്രംപ് പ്രസിഡന്റ് പദവിയിലിരിക്കെ വൈറ്റ് ഹൗസിന്റെ ബിസിനസ് അഡൈ്വസറി ഗ്രൂപ്പിൽ മസ്‌ക് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ 2017 ൽ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് യുഎസ് പിന്മാറിയതിനെ തുടർന്ന് മസ്‌ക് ഇതിൽ നിന്ന് പിന്മാറുകയായിരുന്നു. ഇരുവരും തമ്മിലുള്ള എതിർപ്പുകൾ ഇപ്പോൾ മയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെന്റ് ചെയ്യപ്പെട്ടതിനെതിരെ പ്രതികരിച്ച വ്യക്തിയാണ് മസ്‌ക്. പിന്നീട് ട്വിറ്ററിനെ ഏറ്റെടുത്തതിന് ശേഷം മസ്‌ക് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചിരുന്നു. എക്സിൽ സജീവമാകാൻ മസ്‌ക് ട്രംപിനോട് ആവശ്യപ്പെട്ടുവെങ്കിലും സ്വന്തം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ സജീവമാകാനായിരുന്നു ട്രംപിന്റെ തീരുമാനം.
അതേസമയം നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ പണം നൽകിയതുമായി ബന്ധപ്പെട്ട ബിസിനസ് രേഖകളിൽ കൃത്രിമം വരുത്തിയ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത് ട്രംപിന് തിരിച്ചടിയാണ്. ഈ കേസിൽ ജൂലൈയിൽ ശിക്ഷ വിധിക്കാനിരിക്കയാണ്.
കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു. നാലു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. എന്നാൽ, മുൻ പ്രസിഡന്റ് ആയതിനാൽ ട്രംപിന്റെ ശിക്ഷ പിഴയിൽ ഒതുക്കുമെന്നാണ് റിപ്പോർട്ട്. സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം പുറത്തു വരാതിരിക്കാൻ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് 1,30,000 ഡോളർ നൽകിയെന്നാണ് പരാതി. രേഖകളിൽ കൃത്രിമം കാണിച്ചെന്ന് ഉൾപ്പെടെയുള്ള വകുപ്പുകളും വഞ്ചന കുറ്റങ്ങളും ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നൽകി ഹരജി നേരത്തെ ന്യൂയോർക്ക് കോടതി തള്ളിയിരുന്നു. കേസിൽ മാർച്ച് 25നാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ലോവർ മാൻഹാട്ടൻ ഫെഡറൽ കോടതിയിലെത്തി അറസ്റ്റ് വരിച്ചിരുന്നു. യു.എസിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതും അറസ്റ്റിലാകുന്നതും. യു.എസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാൻ അഞ്ച് മാസം മാത്രം ബാക്കിനിൽക്കെയാണ് ട്രംപിനെതിരെ കോടതി വിധി. നവംബർ അഞ്ചിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.