ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ ഡൽഹി ഡെറാഡൂൺ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ഋഷഭ് പന്ത് അപകടനില തരണം ചെയ്തതിന്റെ ആശ്വാസത്തിലാണ് ക്രിക്കറ്റ് ലോകം. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്നും കൂടുതൽ പരിശോധനകൾക്കു വിധേയനാക്കുമെന്നുമാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്.

എന്നാൽ അപകടം നേരിട്ടുകണ്ട ബസ് ഡ്രൈവറുടെ വാക്കുകൾ ആരെയും നടക്കുന്നതാണ്. അതിവേഗത്തിൽ എത്തിയ എസ്‌യു.വി ഡിവൈഡറിൽ ഇടിച്ച ശേഷം പതവണ മറിഞ്ഞെന്നാണ് ഡ്രൈവർ പറയുന്നത്. അപകടത്തിൽപ്പെട്ട മെഴ്‌സിഡസ് എസ്.യു.വി തീപിടിച്ചെങ്കിലും സാഹസികമായാണ് പന്ത് രക്ഷപ്പെട്ടത്.

ഹരിയാനയിൽ പുലർച്ച ഡിവൈഡറിൽ ഇടിച്ച് തകർന്ന് കത്തിയ മെഴ്‌സിഡസ് എസ്.യു.വിയിൽ നിന്ന് ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ചത് ആ സമയം അവിടെ എത്തിയ ബസ് ഡ്രൈവറയിരുന്നു. അപകടത്തിൽ പെട്ടയാൾക്ക് ചികിത്സ ലഭ്യമാക്കാനായി ആംബുലൻസ് സംഘടിപ്പിക്കാനാണ് ആദ്യം ശ്രമിച്ചതെന്നും ബസ് ഡ്രൈവർ സുശീൽ മാൻ പറഞ്ഞു. ഋഷഭ് പന്തിനെ തനിക്ക് അറിയില്ലായിരുന്നു. താൻ ക്രിക്കറ്റ് കാണാറില്ലെന്നും അതുകൊണ്ട് അദ്ദേഹത്തെ തിരിച്ചറിയാനായില്ലെന്നുമാണ് ബസ് ഡ്രൈവർ പറഞ്ഞത്.

'എനിക്ക് എതിർ വശത്തു നിന്ന് അതിവേഗത്തിൽ എത്തിയ എസ്‌യു.വി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഞാൻ പെട്ടെന്ന് ബസ് റോഡരികിൽ ഒതുക്കി. കാർ ബസിനടിയിലേക്ക് മറിയുമെന്ന് ഭയപ്പെട്ടു. ഡിവൈഡറിൽ ഇടിച്ച വാഹനം നിൽക്കുന്നതിന് മുമ്പ് പലതവണ മറിഞ്ഞിരുന്നു. കാറിന്റെ ഡ്രൈവർ (ഋഷഭ്) വിൻഡോക്ക് പകുതി പറത്തായിരുന്നു. ഞാൻ ക്രിക്കറ്റ് കാണാറില്ല. അതിനാൽ എനിക്ക് അദ്ദേഹതെത തിരിച്ചറിയാനായില്ല. എന്നാൽ എന്റെ ബസിലുള്ള മറ്റുള്ളവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നു.

ക്രിക്കറ്ററാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി എന്നും അമ്മയെ വിളിച്ച് പറയുമോ എന്നും ചോദിച്ചു. ഋഷഭിനെ പുറത്തെത്തിച്ചശേഷം കാറിൽ മറ്റാരെങ്കിലുമുണ്ടോ എന്നാണ് പരിശോധിച്ചത്. ആരുമുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ നീല ബാഗും 7000-8000 രൂപയും ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന് ആംബുലൻസിലേക്ക് കൈമാറി - സുശീൽ മാൻ പറഞ്ഞു.

ഋഷഭ് പന്ത് ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പുതുവർഷം അമ്മയ്‌ക്കൊപ്പം ആഘോഷിക്കാനായി വീട്ടിലേക്ക് വരികയായിരുന്നു പന്ത്. അമ്മയ്ക്ക് സർപ്രൈസാവട്ടെയെന്ന് മനസിലുണ്ടായിരുന്നു. എന്നാൽ അതൊരു അപകടത്തിൽ അവസാനിക്കുകയായിരുന്നു.

വലത് കാൽമുട്ടിലെ ലിഗമെന്റിന് പരിക്കുണ്ട്. കൂടാതെ, വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പന്തിന്റെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ട്. താരം ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്. എംആർഐ സ്‌കാനിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.

താരത്തിന്റെ കുടുംബാംഗങ്ങളുമായും പരിശോധിക്കുന്ന ഡോക്ടർമാരുമായും സംസാരിച്ചതായും ജയ് ഷാ ട്വിറ്ററിൽ കുറിച്ചു. ഋഷഭ് പന്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ജയ് ഷാ അറിയിച്ചു. അത്ഭുതകരമായിട്ടാണ് താരം രക്ഷപ്പെട്ടതെന്ന് സംഭവസ്ഥലം സന്ദർശിച്ച പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.