- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡോവൽ ഇഫക്ടിൽ 'സർജിക്കൽ സ്ട്രൈക്കുകൾ' ഇനിയും തുടർന്നേക്കാം
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിലും ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവൽ എത്തുമ്പോൾ ഓപ്പേറഷനുകൾ സ്വദേശത്തും വിദേശത്തും തുടരും. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനം നടത്തി വിദേശത്തേക്ക് കടന്ന കൊടും ക്രിമിനിലുകൾക്ക് സംഭവിച്ചത് ദാരുണാന്ത്യമായിരുന്നു. ആരും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. പക്ഷേ എല്ലാം ഡോവൽ ചിന്തയിലെ ഓപ്പറേഷനുകളാണെന്ന് വിലയിരുത്തലുകളുണ്ട്. ഇന്ത്യ കൊടും കുറ്റവാളികളായി കണ്ട 20 അധികം പേർക്കാണ് അജ്ഞാതരുടെ വെടിയിൽ ജീവൻ പോയത്. പാക്കിസ്ഥാനിലെ സുഖവാസ ഒളികേന്ദ്രങ്ങളിൽ പോലുമെത്തി അജ്ഞാതർ അവരെ വകവരുത്തി. ഇന്ത്യയെ ആക്രമിച്ച് ഒരിടത്തും ആർക്കും ഒളിക്കാനാകില്ലെന്ന ഇന്ത്യൻ സൈന്യത്തിന്റെ 'സർജിക്കൽ സ്‌ട്രൈക്ക്' നൽകിയ സന്ദേശത്തിന്റെ തുടർച്ചയായി ഇതിനെ ഏവരും വിലയിരുത്തി. അങ്ങനെ പഴുതുകളില്ലാത്ത ഓപ്പറേഷൻ ആസുത്രണം ചെയ്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ അന്തർദേശീയ മാധ്യമങ്ങൾ പോലും വിലിയിരുത്തുന്നു. ആ ഡോവൽ ആ പദവിയിൽ മൂന്നാമതും എത്തുമ്പോൾ തീവ്രവാദികൾക്കും ദേശവിരുദ്ധപ്രവർത്തനം നടത്തുന്നവർക്കും നടുക്കം കൂടും.
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് തീവ്രവാദ ആക്രമണങ്ങൾ വലിയ തോതിൽ കുറഞ്ഞു. മുംബൈ മോഡൽ ഭീകരാക്രമണങ്ങൾക്ക് പഴുതു നൽകുന്നില്ല. ഇതിനെല്ലാം കാരണം ഡോവലിന്റെ ചാരക്കണ്ണുകളാണെന്ന വിലയിരുത്തൽ സജീവമാണ്. ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്ന 2014ലും രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്ന 2019ലും അജിത് ഡോവൽ തന്നെയായിരുന്നു ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശകൻ. ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ മൂന്ന് തവണ തുടർച്ചയായി ഈ പദവി വഹിക്കുന്നത്. ആർ എസ് എസുമായി അടുത്ത ബന്ധം എന്നും ഡോവലിനുണ്ടായിരുന്നു. ആർ എസ് എസിന്റെ ത്വാത്വിക മുഖമായിരുന്ന പി പരമേശ്വരനുമായുണ്ടായിരുന്ന അടുപ്പം പരസ്യമാണ്. ആർ എസ് എസും കേന്ദ്ര സർക്കാരും തമ്മിൽ അകലുകയാണെന്ന വാദവും ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ബന്ധം ഉലച്ചിലില്ലാതെ മുന്നോട്ട് കൊണ്ടു പോകേണ്ട സാഹചര്യവും ഒരുക്കാൻ ഡോവലിന് മാത്രമേ ഇനി കഴിയൂവെന്ന് കരുതുന്നവരുമുണ്ട്.
മോദി-ഡോവൽ കൂട്ടുകെട്ട് തീവ്രവാദസംഘടനകളുടെ ഉറക്കം കെടുത്തുന്ന കൂട്ടുകെട്ടാണ്. 1968ലെ ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് അജിത് ഡോവൽ. കേരള കേഡർ. കണ്ണൂരിൽ അടക്കം ഗുണ്ടകളെ അമർച്ച ചെയ്ത പൊലീസ് കരുത്ത്. ഇവിടെ നിന്നാണ് ചാര സംഘടനകളിലേക്ക് ഡോവൽ പോകുന്നത്. അതിന് ശേഷം ഏറ്റെടുത്ത ഉത്തരവാദിത്തമെല്ലാം നന്നായി നിർവ്വഹിച്ചു. ദാവൂദ് ഇബ്രാഹിം എന്ന കൊടും കുറ്റവാളിയെ നിയമത്തിന് മുന്നിലേക്ക് കൊണ്ടു വരികയെന്നത് ഡോവലിന്റെ എന്നത്തേയും ലക്ഷ്യങ്ങളിലൊന്നാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് കറാച്ചിയിൽ ദാവൂദിനെ വകവരുത്താൻ കമാണ്ടോകളേയും എത്തിച്ചു. ആ ഓപ്പറേഷൻ ഡൽഗി കോളിൽ അവസാന നിമിഷം ഉപേക്ഷിച്ചുവെന്ന ആരോപണം ഇന്ത്യൻ രാഷ്ട്രീയത്തേയും പലതവണ പിടിച്ചുലച്ചു. മോദി പ്രധാനമന്ത്രിയായതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഡോവൽ ആദ്യ അഞ്ചു കൊല്ലം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിലാണ് ശ്രദ്ധിച്ചത്. ഇന്ത്യയുടെ അൽവക്കത്തെ ഭരണം പോലും ഭീഷണിയാകുന്നില്ലെന്ന തരത്തിലെ ഇടപെടൽ നടത്തി.
അടുത്ത ടേമിൽ വിദേശത്തേക്കായി കണ്ണ്. അതിന്റെ പ്രതിഫലനമാണ് കാണ്ഡഹാറിലും മുംബൈയിലും അടക്കം രാജ്യ സുരക്ഷയെ അപകടത്തിലാക്കിയ ഭീകരരുടെ പാക്കിസ്ഥാനിലേയും കാനഡയിലേയും എല്ലാം മരണമെന്ന് വിലയിരുത്തലെത്തി. അപ്പോഴും ഡോവൽ അവകാശ വാദമൊന്നും നടത്തിയില്ല. ഇങ്ങനെ പല തീവ്രവാദികളും മരിച്ചപ്പോഴും ഇന്നും ദാവൂദ് കറാച്ചിയിൽ സുഖതാമസത്തിലാണെന്നാണ് റിപ്പോർട്ട്. മാസങ്ങൾക്ക് മുമ്പ് ദാവൂദ് മരിച്ചെന്ന തരത്തിൽ വാർത്തകളെത്തിയെങ്കിലും അതിന് സ്ഥീരീകരണമുണ്ടായില്ല. പാക് സൈന്യത്തിന്റെ കാവലിൽ ഇപ്പോഴും ദാവൂദുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ മൂന്നാം ടേമിൽ ദാവൂദിന് വേണ്ടി ഡോവൽ കരുതുന്നത് എന്താകുമെന്നതാണ് ഉയരുന്ന ചോദ്യം. ഇന്ത്യയെ വെല്ലുവിളിച്ച് വിദേശത്ത് കഴിഞ്ഞ ബാക്കി ഭൂരിപക്ഷം ഭീകരരും കൊല്ലപ്പെട്ടുവെന്ന യാഥാർത്ഥ്യവും അടുത്ത ലക്ഷ്യം ഡോവലിന് മുന്നിലുള്ളത് ദാവൂദ് തന്നെയാകുമെന്ന വിലയിരുത്തലുണ്ടാകുന്നുണ്ട്.
പാക്കിസ്ഥാൻ സാമ്പത്തികമായി തകർച്ചയുടെ വക്കിലാണ്. ആഭ്യന്തരമായി തീവ്രവാദികൾ തമ്മിൽ അടിക്കുന്നു. പാക്കിസ്ഥാൻ അധിനിവേശ കാശ്മീരിലും സ്ഥിതി വഷളാണ്. ഇതെല്ലാം ഇന്ത്യൻ ദേശീയ ഉപദേഷ്ടാവിന്റെ ഇടപെടൽ ഫലമാണെന്ന് പാക്കിസ്ഥാൻ പരോക്ഷമായി തന്നെ ഉയർത്തുന്ന വിഷയമാണ്. അതുകൊണ്ട് തന്നെ മൂന്നാം വരവിൽ ഡോവലിന്റെ ഇടപെടൽ ഇന്ത്യയെ കൂടുതൽ കരുത്തുള്ള രാജ്യമാക്കുമെന്ന് കരുതുന്നവരുമുണ്ട്. എല്ലാ ലോക രാജ്യങ്ങളിലെ രഹസ്യ പൊലീസുമായി അടുത്ത ബന്ധമുള്ള ഡോവലിന് എന്തും ഏതും സാധിച്ചെടുക്കാൻ നിമിഷ നേരം മതി. ഇതാണ് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുടെ കരുതൽ എന്ന് കരുതുന്നവരുമുണ്ട്. മൂന്നാം ടേമിൽ കൂടുതൽ രാജ്യത്തിനുള്ളിലെ പ്രശ്‌നങ്ങളിൽ ഡോവൽ ശ്രദ്ധ കേന്ദ്രീകരിക്കും. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള ഓരോ നീക്കവും ഡോവൽ ഇപ്പോഴും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.
തീവ്രവാദ വിരുദ്ധ വിദഗ്ധൻ എന്ന നിലയിലും ആണവപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിപുണൻ എന്ന നിലയിലും അജിത് ഡോവൽ ദേശീയ സുരക്ഷാപദവി വഹിച്ചിരുന്ന മുൻഗാമികളിൽ നിന്നും വ്യത്യസ്തനാണ്. പാക്കിസ്ഥാന്റെ ഉറി ആക്രമണത്തിന് ശേഷം പാക്കിസ്ഥാൻ അധിനിവേശ കശ്മീർ ഇന്ത്യൻ സേന ആക്രമണം നടത്തിയതിന് പിന്നിൽ അജിത് ഡോവലിന്റെ ബുദ്ധിയാണ്. പുൽവാമ തീവ്രവാദ ആക്രമണത്തിന് പാക്കിസ്ഥാന് ബാലകോട്ട് ആക്രമണത്തിലൂടെ ഇന്ത്യ മറുപടി നൽകിയതും അജിത് ഡോവൽ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു. ഇതുപോലെ മോദി സർക്കാരിന് പ്രശംസ നേടിക്കൊടുക്കുന്ന ഒട്ടേറെ ദൗത്യങ്ങളുടെ ആസൂത്രകൻ അജിത് ഡോവൽ ആയിരുന്നു.
1999ൽ കാണ്ഡഹാറിലേക്ക് പാക് തീവ്രവാദികൾ ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയപ്പോൾ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയത് അജിത് ഡോവലായിരുന്നു. ഇന്റലിജൻസ് ബ്യൂറോയിൽ വിവിധ സ്ഥാനങ്ങളിൽ 33 വർഷത്തോളം അജിത് ഡോവൽ ജോലി ചെയ്തു. ജമ്മു കശ്മീരിലും യുകെയിലും ഉൾപ്പെടെ ജോലി ചെയ്തു. പോപ്പുലർ ഫ്രണ്ടിനെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഭീകരവാദ സംഘടന എന്ന നിലയിൽ നിരോധനം ഏർപ്പെടുത്താൻ സഹായിക്കുന്ന ഒട്ടേറെ വസ്തുതകൾ കണ്ടെത്തുന്നതിന് പിന്നിൽ ഡോവലിന്റെ ബുദ്ധിയുണ്ട്. ഇതുപോലെ അറിഞ്ഞ കഥകളേക്കാൾ ഡോവലിനെചുറ്റിപ്പറ്റിയുള്ള അറിയാക്കഥകൾ എത്രയോ അധികമാണ്.
രഹസ്യാന്വേഷണത്തിൽ തന്റേതായ ശൈലിയിലൂടെ ഔദ്യോഗിക ജീവിതത്തിൽ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് അജിത് ഡോവൽ. പാക്കിസ്ഥാനിൽ വർഷങ്ങളോളം രഹസ്യവിവരശേഖരണത്തിന് തെരുവിൽ ഭിക്ഷക്കാരനായും കീറക്കടലാസുകൾ പെറുക്കുന്ന ആളായും വരെ വേഷം കെട്ടിയിട്ടുണ്ട് അജിത് ഡോവലെന്നത് ഏറെ പ്രസിദ്ധമായ കഥ. പാക്കിസ്ഥാനിലേക്ക് ചാരപ്പണിക്ക് നിയോഗിക്കുമ്പോൾ അസാധാരണ വഴികളിലൂടെ അതിർത്തി കടന്ന് ഡോവൽ എത്തിയെന്നതും പ്രചരണത്തിലൂണ്ട്. തീവ്രവാദികളുടെ വരവും പോക്കും മനസ്സിലാക്കാൻ നുഴഞ്ഞു കയറ്റക്കാരുടെ അതേ വഴിയിലാണ് പാക്കിസ്ഥാനിലേക്ക് ഡോവൽ കടന്നുവെന്നാണ് കഥ. ഒന്നും ഡോവൽ എവിടേയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നെങ്കിലും നരേന്ദ്ര മോദി അദ്ദേഹത്തോട് തുടരാൻ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പത്തുവർഷമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ, 1968 ബാച്ച് കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. 20 വർഷമായി ചൈനയുമായുള്ള അതിർത്തി ചർച്ചകൾക്കുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധികൂടിയാണ്. മോദി ആദ്യം പ്രധാനമന്ത്രിയായി ചുമതലയേറ്റ 2014 മെയ് 30-നാണ് ഡോവലിനെ നിയമിച്ചത്. അതിനുമുമ്പ് ഇന്റലിജൻസ് ബ്യൂറോ മേധാവിയായും അജിത് ഡോവൽ പ്രവർത്തിച്ചിരുന്നു.
രാജ്യത്തെ ഒട്ടേറെ സുപ്രധാന നീക്കങ്ങളിൽ നിർണായക പങ്കുവഹിച്ചയാളാണ് ഡോവൽ. 1988-ലെ 'ഓപ്പറേഷൻ ബ്ലാക്ക് തണ്ടറി'ന്റെ ഭാഗമായി, പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ പാക് ചാരസംഘടനയായ ഐ.എസ്‌ഐ.യുടെ ഏജന്റായി വേഷമിട്ടാണ് ഡോവൽ രഹസ്യങ്ങൾ ചോർത്തിയത്. ഖലിസ്താൻ ഭീകരരുടെ കൈവശമുണ്ടായിരുന്ന ആയുധശേഖരങ്ങളെക്കുറിച്ചും മറ്റും ലഭിച്ച വിവരങ്ങളാണ് വിഘടനവാദികളുടെ കൈയിൽനിന്ന് സുവർണക്ഷേത്രം മോചിപ്പിക്കാൻ സഹായമായത്. 1999-ലെ കാണ്ഡഹാർ രക്ഷാദൗത്യം, 2016-ൽ പാക്കിസ്ഥാനുനേർക്ക് നടത്തിയ സർജിക്കൽ സ്‌ട്രൈക്ക്, 2019-ലെ ബാലാകോട്ട് ആക്രമണം എന്നീ ദൗത്യങ്ങളിലും ഡോവൽ നിർണായക പങ്കുവഹിച്ചു.