ഡൽഹി: ഔദ്യോഗിക ആവശ്യങ്ങൾക്കായി താൻ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാറില്ലെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ആശയവിനിമയത്തിന് മറ്റ് നിരവധി മാർഗങ്ങളുണ്ടെന്നും അവ ഫലപ്രദമായി ഉപയോഗിക്കാറുണ്ടെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി. 'വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2026'ന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു ഡോവൽ.

ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിലെ ചോദ്യോത്തര വേളയിൽ, മൊബൈൽ ഫോണുകളും ഇന്റർനെറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഡോവൽ ഈ നിലപാട് വ്യക്തമാക്കിയത്. "ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ല എന്നത് ശരിയാണ്. കുടുംബപരമായ ആവശ്യങ്ങൾക്കോ മറ്റ് രാജ്യങ്ങളിലെ ആളുകളുമായി സംസാരിക്കുന്നതിനോ അല്ലാതെ ഞാൻ ഒരു ഫോൺ ഉപയോഗിക്കാറില്ല. എന്റെ ജോലി ഈ രീതിയിലാണ് ഞാൻ കൈകാര്യം ചെയ്യുന്നത്. ആശയവിനിമയത്തിനുള്ള മറ്റ് നിരവധി മാർഗങ്ങളുമുണ്ട്. ആളുകൾക്ക് അറിയാത്ത ചില അധിക രീതികൾ ഇതിനായി ക്രമീകരിക്കേണ്ടതുണ്ട്," ഡോവൽ പറഞ്ഞു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഈ വെളിപ്പെടുത്തൽ ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഡോവലിന്റെ പേരിൽ വ്യാജമായി പ്രചരിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) വസ്തുതാ പരിശോധനയിലൂടെ തള്ളിയിരുന്നു. അജിത് ഡോവലിന് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്ലെന്നും അദ്ദേഹത്തിന്റെ പേരും ചിത്രവും ഉപയോഗിച്ച് പ്രചരിച്ച പോസ്റ്റ് കെട്ടിച്ചമച്ചതാണെന്നും പി.ഐ.ബി അന്ന് വ്യക്തമാക്കുകയുണ്ടായി. ഇത് അദ്ദേഹത്തിന്റെ ഡിജിറ്റൽ സാന്നിധ്യം ഒഴിവാക്കുന്നതിനുള്ള മുൻഗണന അടിവരയിടുന്നു. കേരള കേഡറിൽ നിന്ന് വിരമിച്ച ഇന്ത്യൻ പൊലീസ് സർവിസ് (ഐ.പി.എസ്) ഉദ്യോഗസ്ഥനാണ് അജിത് ഡോവൽ. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിലെത്തുന്ന അഞ്ചാമത്തെ വ്യക്തികൂടിയാണ് അദ്ദേഹം.