ബറേലി: വിവാഹച്ചടങ്ങിന് തൊട്ടുമുമ്പ് വരൻ സ്ത്രീധനമായി കാറും 20 ലക്ഷം രൂപയും ആവശ്യപ്പെട്ടതിനെത്തുടർന്ന് വിവാഹം മുടങ്ങി. ഉത്തർപ്രദേശിലെ ബറേലിയിൽ വെള്ളിയാഴ്ച രാത്രി നടക്കേണ്ടിയിരുന്ന കല്യാണമാണ് മുടങ്ങിയത്. സ്ത്രീധനത്തിനുവേണ്ടി വിലപേശിയ വരനെ വിവാഹം കഴിക്കാനില്ലെന്ന് വധു പറയുകയായിരുന്നു. സംഭവത്തിൽ വരനെയും ഇയാളുടെ രണ്ട് ബന്ധുക്കളെയും കാന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

ബറേലിയിലെ സദർ ബസാറിലെ യുഗ്വീന ലൈബ്രറിക്ക് സമീപം വധുവിന്റെ കുടുംബം വിവാഹത്തലേന്ന് രാത്രി വിരുന്ന് നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. വിവാഹവസ്ത്രങ്ങളണിഞ്ഞ് തേരിലേറിയെത്തിയ വ്യവസായിയായ വരൻ ഋഷഭ്, 'സപ്തപദി' ചടങ്ങിന് മുമ്പ് ഒരു ബ്രെസ്സ കാറും 20 ലക്ഷം രൂപയും സ്ത്രീധനമായി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്നും ഋഷഭ് ഭീഷണിപ്പെടുത്തി. വധുവിന്റെ പിതാവ് മുരളി മനോഹർ ഉൾപ്പെടെയുള്ളവർ യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ തന്റെ ആവശ്യത്തിൽ ഉറച്ചുനിന്നു.

ഇതോടെ, വധുവായ ജ്യോതി തനിക്ക് വിവാഹവുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും ഒരു അത്യാഗ്രഹിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു. ഇതിനെത്തുടർന്ന് വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞെത്തിയ കാന്റോൺമെന്റ് പോലീസ്, വരൻ ഋഷഭ്, പിതാവ് രാം അവതാർ, സഹോദരൻ എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വധുവിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പരാതി ലഭിച്ചതിന് ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് കാന്റോൺമെന്റ് പോലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ വ്യാപകമായി പ്രചരിക്കുകയും നിരവധി ആളുകൾ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തു. "സ്ത്രീധനത്തോട് ആർത്തി പിടിച്ച ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ കുടുംബത്തെ ബഹുമാനിക്കാത്ത അത്തരമൊരു ആൺകുട്ടിയോടൊപ്പം എനിക്ക് ജീവിതം ചെലവഴിക്കാൻ കഴിയില്ല. എന്റെ പിതാവിനെയും സഹോദരനെയും സ്ത്രീധനത്തിനായി അതിഥികൾക്ക് മുന്നിൽ വെച്ച് അപമാനിച്ചു" എന്ന് ജ്യോതി വീഡിയോയിൽ പറയുന്നുണ്ട്.