തിരുവനന്തപുരം: വിസ്മയ.. ഉത്ര.... വിപഞ്ചിക... അതുല്യ.... സ്ത്രീധന പീഡന മരണങ്ങളുടെ ഇരകളാണ് ഇവരെല്ലാം. വിപഞ്ചികയും അതുല്യയും ഷാര്‍ജയിലാണ് മരിച്ചതെങ്കിലും കേരളത്തിലെ സ്ത്രീധ സംവിധാനമാണ് ഈ മരണത്തിനും കാരണം. അതിനിടെ നിയമ മാറ്റത്തിലൂടെ സ്ത്രീധനത്തിനെതിരെ പുതിയ സാധ്യത തേടുകയാണ് പിണറായി സര്‍ക്കാര്‍. വരനോ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നതു മാത്രം കുറ്റകരമാക്കി 1961ലെ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നു. ഇതിനുള്ള കരട് (ദ ഡവ്‌റി പ്രൊഹിബിഷന്‍ കേരള അമെന്റ്‌മെന്റ് ബില്‍- 2025) നിയമപരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് കൈമാറി. ഇതു പരിശോധിച്ചു സര്‍ക്കാര്‍ ചട്ടഭേദഗതിയിലേക്ക് കടക്കും. ഗാര്‍ഹിക പീഡനവും സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. ഇതിനായി നിയമത്തില്‍ പുതിയ വ്യവസ്ഥ കമ്മീഷന്‍ നിര്‍ദേശിക്കുന്നു.

പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 99 സ്ത്രീകള്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തിട്ടുണ്ട്. നിലവിലെ നിയമം കാര്യക്ഷമമാണെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ നിരവധി സ്ത്രീകള്‍ ഇരയാക്കപ്പെടുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് കമീഷന്‍ ഭേദഗതി നിര്‍ദേശിച്ചത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ഗാര്‍ഹിക പീഡനവും സ്ത്രീധന നിരോധന നിയമ പരിധിയില്‍ വരുന്നതോടെ കൂടുതല്‍ കരുത്ത് നിയമത്തിന് വരും. സ്ത്രീധന പീഡന കേസുകള്‍ കുറയ്ക്കാനും ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

നിലവിലുള്ള നിയമത്തില്‍ സ്ത്രീധനം നല്‍കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. സ്ത്രീധനം നല്‍കിയവരും കുറ്റക്കാരാകുമെന്ന ഭയത്താല്‍ പലപ്പോഴും വധുവിന്റെ ഭാഗത്ത് പരാതി ഉണ്ടാകാത്ത സാഹചര്യമുണ്ടാകുന്നു. ഇതിനാലാണ് സ്ത്രീധനം വാങ്ങുന്നതു മാത്രം കുറ്റകരമാക്കി ഭേദഗതി ചെയ്യുന്നത്. നിലവില്‍ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത തടവും 15,000 രൂപയോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ വലുത് അത്രയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഭേദഗതി വരുന്‌പോള്‍ സ്ത്രീധനം വാങ്ങുന്നത് മൂന്നു വര്‍ഷത്തില്‍ കുറയാതെ, ഏഴുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാകും. പിഴത്തുക 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെയോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ കൂടുതല്‍ അത്രയുമായി ഉയര്‍ത്താനാണ് ആലോചന.

നേരിട്ടോ അല്ലാതെയോ സ് ത്രീധനം ആവശ്യപ്പെടുന്നത് ആറുമാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഭേദഗതിയിലൂടെ അത് ആറുമാസം മുതല്‍ രണ്ടുവര്‍ഷംവരെ തടവിനൊപ്പം 50,000 രൂപ പിഴയായും ഉയര്‍ത്തി. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നേരിട്ടോ അല്ലാതെയോ ഭാര്യയെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുകയോ ഭാര്യ എന്ന നിലയില്‍ ഏതെങ്കിലും അവകാശങ്ങള്‍ നിഷേധിക്കുകയോ ചെയ്താല്‍ രണ്ടുവര്‍ഷം വരെ തടവും 25,000 രൂപ പിഴയും പുതിയ നിയമത്തില്‍ ശിക്ഷയായി മാറും.

നിലവിലെ നിയമത്തില്‍ സ്ത്രീധനം നല്‍കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. സ്ത്രീധനം നല്‍കിയതിന് കുറ്റക്കാരാവുമെന്ന ഭയംമൂലം പലപ്പോഴും വധുവും വീട്ടുകാരും പരാതിയില്‍നിന്ന് വിട്ടുനില്‍ക്കും. ഈ സാഹചര്യം മാറിയാല്‍ സ്ത്രീധനത്തിന്റെ പേരിലെ പീഡനം തുടങ്ങുമ്പോള്‍ തന്നെ പെണ്‍ വീട്ടുകാര്‍ പോലീസിനെ സമീപിക്കും. ഇതിലൂടെ വലിയ തോതിലേക്ക് കുറ്റകൃത്യങ്ങളും ദുരന്തങ്ങളും ഉണ്ടാകുന്നത് തടയാന്‍ കഴിയും.