തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ ടിവിയുടെ പ്രധാന മുഖമാണ് ഡോ. അരുൺകുമാർ. കേരളാ യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസർ ജോലി രാജിവച്ചാണ് അദ്ദേഹം റിപ്പോർട്ടർ തലപ്പത്ത് എത്തിയത്. ഇക്കാര്യം അദ്ദേഹം തന്നെ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ചാനൽ തുടങ്ങിയപ്പോൾ വിവാദങ്ങളും വിമർശനങ്ങളും കൊണ്ട് സൈബറിടത്തിൽ ചർച്ചാ വിഷയമാണ് താനും. ഇതിനിടെയാണ് കേരളയിലെ അസി. പ്രൊഫ. ജോലി തിരികെ കിട്ടാൻ അരുൺ കുമാർ ഇമെയിൽ അയച്ചെന്ന വാർത്തയും പുറത്തുവന്നത്. ഇക്കാര്യം മറുനാടനോട് സ്ഥിരീകരിച്ചത് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ആയിരുന്നു.

അതേസമയം മറുനാടൻ വാർത്ത പുറത്തുവന്നതിന് പിന്നാലെ താൻ റിപ്പോർട്ടർ വിടാൻ തൽക്കാലം ഉദ്ദേശ്യമില്ലെന്ന് അരുൺകുമാർ വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ഭാഗം വിശദീകരിച്ചു രംഗത്തുവന്നത്. കേരളാ യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്ക് ഇമെയിൽ അയച്ചിരുന്നതായി സ്ഥിരീകരിച്ചു കൊണ്ടാണ് അരുൺകുമാർ രംഗത്തെത്തിയത്. ജൂലൈ ആദ്യം കത്തയച്ചു എന്ന് വ്യക്തമാക്കിയെങ്കിലും അതിന്റെ ഉള്ളടക്കം വെളിപ്പെടുത്താതെയാണ് ഫേസ്‌ബുക്ക് പോസ്റ്റ്.

അരുൺകുമാർ ഫേസ്‌ബുക്കിൽ വിശദീകരണം നൽകിയത് ഇങ്ങനെ:

റിപ്പോർട്ടറിൽ തന്നെയുണ്ട്. സർവ്വകലാശാലയിൽ ചട്ടപ്രകാരം ശൂന്യവേതനാവധിക്ക് അപേക്ഷിച്ചത് മാർച്ചിൽ. മൂന്ന് മാസം കഴിഞ്ഞിട്ടും തീരുമാനമാകാത്തതിനാൽ ജൂൺ 5ന് നൽകിയ രാജിയിലും തീരുമാനമറിയിച്ചില്ല. ജൂലൈ ആദ്യം വീണ്ടും സർവകലാശാലയ്ക്ക് കത്തയച്ചു. തീരുമാനം എന്താണെങ്കിലും റിപ്പോർട്ടറിലുണ്ടാകും. മറിച്ചൊരു മാറ്റം ഇപ്പോൾ ചിന്തയിലില്ല.

ജൂലൈ പത്തിന് രജിസ്ട്രാർക്കാണ് അരുൺകുമാറിന്റെ രാജി പിൻവലിക്കുന്നതിനുള്ള ഇമെയിൽ അപേക്ഷ എത്തിയത്. ഇത് ഇപ്പോൾ വൈസ് ചാൻസലറുടെ പരിഗണനയിലാണ്. മനസ്സർപ്പിക്കുന്നതിൽ വന്ന വീഴ്ചയാണ് രാജിക്കത്തെന്നും അതുകൊണ്ട് അത് പിൻവലിച്ച് തിരികെ ജോലിക്ക് പ്രവേശിക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം. മെയിൽ കിട്ടിയ രജിസ്ട്രാർ ഇത് വൈസ് ചാൻസലറുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

അരുൺകുമാർ യൂണിവേഴ്സിറ്റി പൊളിട്ടിക്കൽ സയൻസിൽ അസി പ്രൊഫസറായിരുന്നു. ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോൾ 24 ന്യൂസിന്റെ ഭാഗമായി. അന്ന് കോവിഡ് പ്രോജക്ടിന്റെ ഭാഗമായാണ് 24 ന്യൂസിൽ എത്തിയത്. ജോലിയിൽ നിന്ന് അവധി പോലും എടുത്തിരുന്നില്ല. ഇത് വിവാദമായപ്പോൾ അരുൺകുമാർ തിരികെ ജോലിക്ക് എത്തി. അന്ന് പ്രൊബേഷൻ കാലമായതു കൊണ്ട് അവധി നൽകാൻ പറ്റാത്ത സാഹചര്യം കേരള സർവ്വകാലശാലയ്ക്ക് ഉണ്ടായിരുന്നു.

പ്രൊബേഷൻ കഴിഞ്ഞയുടൻ വീണ്ടും അവധിക്ക് അപേക്ഷിക്കുന്നവർക്ക് അത് അനുവദിക്കുന്ന നിലപാട് പുതിയ വൈസ് ചാൻസലർക്ക് ഉണ്ടായിരുന്നില്ല. അതിനിടെയാണ് അരുൺകുമാർ രാജി നൽകി റിപ്പോർട്ടറിന്റെ ഭാഗമായത്. ഗവേഷക വിദ്യാർത്ഥികൾക്ക് ഗെയ്ഡ് ഇല്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു അവധി നൽകില്ലെന്ന് വി സി ിലപാട് എടുത്തത്. ഇതോടെ അരുൺകുമാർ രാജിവച്ചു എന്നാണ് സൂചന.

സർവ്വകലാശാല ജോലിയിൽ നിന്നും റിലീവ് ചെയ്ത് പോകുന്നവർക്ക് വേണമെങ്കിൽ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാം. മറ്റ് സർക്കാർ ജോലി കിട്ടുമ്പോഴാണ് സാധാരണ ഇങ്ങനെ റിലീവ് ചെയ്യാറ്. എന്നാൽ അരുൺകുമാർ കേരള സർവ്വകലാശാലയിൽ നിന്നും രാജി വച്ച് പോയതാണ്. അതുകൊണ്ട് തന്നെ രാജി പിൻവലിക്കുന്നതിന് ഏറെ പ്രതിസന്ധിയുണ്ട്. എന്നാൽ തന്റെ രാജി സ്വീകരിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് അരുൺകുമാർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

റിപ്പോർട്ടർ ടിവിയുടെ പ്രധാന മുഖമാണ് അരുൺകുമാർ. എഡിറ്റോറിയൽ ടീമിലെ പ്രധാനി. മാധ്യമപ്രവർത്തനത്തോടുള്ള അതിയായ താൽപ്പര്യം കൊണ്ടാണ് അദ്ദേഹം വീണ്ടും ചാനൽ ലോകത്തേക്ക് തിരികെ എത്തിയത്. ഇപ്പോഴത്തെ അവസ്ഥയിൽ റേറ്റിംഗിൽ അടക്കം മുന്നേറാൻ റിപ്പോർട്ടറിന് സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കുന്ന തിരക്കിലാണ് റിപ്പോർട്ടർ. ഈ പ്രതിസന്ധിയെ അതിജീവിക്കാമെന്ന പ്രതീക്ഷയിലാണ് ചാനൽ അധികൃതരും.