തിരുവനന്തപുരം: പ്രമുഖ സംവിധായകനും ഇടത് സഹയാത്രികനുമായ പി.ടി കുഞ്ഞുമുഹമ്മദിന്റെ ലൈംഗികാതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ചലച്ചിത്ര പ്രവര്‍ത്തക ഡോ. ആശ ആച്ചി ജോസഫ് രംഗത്ത്. തനിക്ക് നേരിട്ടത് യാദൃശ്ചികമായൊരു പിഴവല്ലെന്നും ബോധപൂര്‍വ്വമായ അതിക്രമമാണെന്നും അവര്‍ തുറന്നടിച്ചു. താന്‍ തളര്‍ന്നുപോകുമെന്നും നിശബ്ദയാകുമെന്നും കരുതിയവര്‍ക്ക് മറുപടിയുമായി, സഹതാപമല്ല സമൂഹത്തിന്റെ ഐക്യദാര്‍ഢ്യമാണ് വേണ്ടതെന്ന് ആശ മനോരമയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതലയ്ക്കിടെയാണ് താന്‍ അപമാനിക്കപ്പെട്ടതെന്ന് അവര്‍ വേദനയോടെ ഓര്‍ക്കുന്നു.

അതിക്രമം നടന്ന ഉടന്‍ തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നീതി നടപ്പാക്കാന്‍ പോലീസ് വൈകിയെന്ന ഗുരുതരമായ ആരോപണമാണ് ആശ ഉന്നയിക്കുന്നത്. കന്റോണ്‍മെന്റ് പോലീസില്‍ പരാതി എത്തിയെങ്കിലും, ചാനലുകളില്‍ വാര്‍ത്ത വരുന്നത് വരെ എഫ്.ഐ.ആര്‍ ഇടാന്‍ പോലീസ് തയ്യാറായില്ല. വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടും അധികൃതര്‍ കാട്ടിയ അലംഭാവം തന്നെ ഞെട്ടിച്ചുവെന്ന് അവര്‍ പറയുന്നു. നിയമം നടപ്പിലാക്കേണ്ടവര്‍ ഇരയെക്കാള്‍ വേട്ടക്കാരനെ സഹായിക്കുന്ന നിലപാടാണോ സ്വീകരിക്കുന്നതെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്.

സംഭവം നടന്നതിന് പിന്നാലെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കരുതെന്നും മിണ്ടാതിരിക്കണമെന്നും ഉപദേശിച്ച് നിരവധി പേര്‍ തന്നെ സമീപിച്ചതായി ആശ വെളിപ്പെടുത്തി. എന്നാല്‍ മിണ്ടാതിരിക്കുക എന്നത് അന്തസ്സിന് മേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമാണെന്ന് അവര്‍ വിശ്വസിക്കുന്നു. സിനിമയിലെ സ്ത്രീക്കൂട്ടായ്മകള്‍ ശബ്ദമുയര്‍ത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഇന്നും അരക്ഷിതരാണെന്ന സത്യം ഈ സംഭവം തെളിയിക്കുന്നു. തന്റെ തുറന്നുപറച്ചില്‍ മറ്റൊരു സ്ത്രീക്ക് ഭയമില്ലാതെ സംസാരിക്കാന്‍ കരുത്താകുമെന്നാണ് ആശയുടെ പ്രതീക്ഷ. പിണറായിയുടെ സ്ത്രീ സുരക്ഷയെയാണ് ആശ ചോദ്യമുനയില്‍ നിര്‍ത്തുന്നത്.

കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം ബോധപൂര്‍വം ആയിരുന്നെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ചാനലുകളില്‍ വാര്‍ത്ത വരും വരെ പൊലീസ് എഫ്ഐആര്‍ ഇട്ടില്ല. മിണ്ടാതിരിക്കണമെന്ന് പലരും ഉപദേശിച്ചെന്നും ആശ പറയുന്നു. സഹതാപമല്ല സമൂഹത്തിന്റെ ഐക്യദാര്‍ഡ്യം ആണ് വേണ്ടതെന്നും അവര്‍ മനോരമയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഐഎഫ്എഫ്‌കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയര്‍മാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് ഹോട്ടല്‍ മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവര്‍ത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്.

സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പരാതിയില്‍ പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. പൊലീസിനോട് ഇത് തന്നെയാണ് പിടി കുഞ്ഞുമുഹമ്മദ് ആവര്‍ത്തിച്ചത്.

ഐ.എഫ്.എഫ്.കെ സിനിമകളുടെ തിരഞ്ഞെടുപ്പിനായി ജൂറി അംഗങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിലായിരുന്നു സംഭവങ്ങളുടെ തുടക്കം. സ്‌ക്രീനിംഗിന് ശേഷം മുറിയിലെത്തിയ തന്നെ കുഞ്ഞുമുഹമ്മദ് അപമര്യാദയായി സമീപിക്കുകയായിരുന്നുവെന്ന് ആശ പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് കേസ് എടുത്തതെങ്കിലും കുഞ്ഞുമുഹമ്മദ് ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. പരാതിക്കാരിക്ക് തെറ്റിദ്ധാരണ ഉണ്ടായതാണെന്നും വേണമെങ്കില്‍ മാപ്പ് പറയാമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ മാപ്പല്ല, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അതിക്രമം നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നാണ് അതിജീവിതയുടെ ഉറച്ച നിലപാട്.