കോഴിക്കോട്: കോഴിക്കോട് ഡിഎംഒ മാരുടെ കസേരകളിയില്‍ ഒടുവില്‍ വിജയം ഡോ. ആശാദേവിക്ക്. ഡിഎംഒ തര്‍ക്കത്തില്‍ പരിഹാരമായതോടെ ഡിഎംഒ ആയി ഡോ ആശാദേവി ചുമതലയേറ്റു. നേരത്തെ ഉണ്ടായിരുന്ന എല്ലാ സ്ഥലംമാറ്റവും അതേപടി നിലനിര്‍ത്തി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ട്രാന്‍സഫര്‍ ചെയ്യപ്പെട്ടവര്‍ ചുമതലയേറ്റതായി ഉറപ്പാക്കാന്‍ ഡിഎച്ച്എസിന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഇതോടെയാണ് ആശാദേവി ചുമതലയേറ്റത്. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം രണ്ട് ഡിഎംഒമാരെയും അറിയിച്ചു. ഒരുമാസത്തിനകം രണ്ട് ഡിഎംഒമാരുടെയും ഭാഗം കേള്‍ക്കും.

ഡോ. രാജേന്ദ്രന് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം തിരുവനന്തപുരം ഡയറക്ടറേറ്റിലേക്ക് പോകാം. ഡോ. രാജേന്ദ്രന്‍ ഉടന്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ജോയിന്‍ ചെയ്യണമെന്നും ആശാദേവി കോഴിക്കോട് ഡി.എം.ഒ ആയി ചാര്‍ജെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. അല്ലാത്തപക്ഷം നടപടിയുണ്ടായേക്കുമെന്നും ഉത്തരവിലുണ്ട്.

ഈ മാസം ഒമ്പതിനാണ് ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. നിലവിലെ കോഴിക്കോട് ഡിഎംഒ ഡോ. എന്‍ രാജേന്ദ്രന് ഡിഎച്ച്എസില്‍ ഡെപ്യൂട്ടി ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയുമാണ് നിയമിച്ചത്. പത്താം തീയതി ജോലി പ്രവേശിക്കാനായിരുന്നു ആശാദേവിക്ക് നല്‍കിയ ഉത്തരവ്.

എന്നാല്‍ പത്താം തീയതി തിരുവനന്തപുരത്ത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കോഴിക്കോട് എത്താന്‍ കഴിഞ്ഞില്ല. ഈ സമയം ഡോ. രാജേന്ദ്രന്‍ ട്രിബ്യണലിനെ സമീപിക്കുകയും സ്ഥലംമാറ്റ ഉത്തരവില്‍ സ്റ്റേ വാങ്ങുകയും ചെയ്തു. ഇതോടെ ആശാദേവിയും ട്രിബ്യൂണലിനെ സമീപിക്കുകയും സ്റ്റേ നീക്കുകയും ചെയ്തു.

തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ആശാദേവി ജോലിയില്‍ പ്രവേശിക്കാന്‍ ഓഫീസില്‍ എത്തിയെങ്കിലും മാറിക്കൊടുക്കാന്‍ രാജേന്ദ്രന്‍ തയ്യാറായില്ല. ഇതോടെ ഡിഎംഒ ക്യാബിനില്‍ ഏറെ നേരം മുഖാമുഖം നോക്കിയിരിക്കുകയും വാഗ്വാദം ഉണ്ടാവുകയും ചെയ്തു. ഒടുവില്‍ ഇന്നലെ ആശാദേവി ഇറങ്ങിപ്പോയി. എന്നാല്‍ രാജേന്ദ്രന്‍ വൈകിട്ട് 6.30 ഓടെയാണ് ഓഫീസില്‍നിന്ന് ഇറങ്ങിയത്.

പിന്നാലെ ഇന്നും ഇരുവരുടേയും കസേര തര്‍ക്കം തുടരുകയായിരുന്നു. ഏറെ ഉത്തരവാദിത്തങ്ങളുള്ള ഒരു കസേരയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ തമ്മില്‍ രണ്ട് ദിവസങ്ങമായി ശീതയുദ്ധം നടത്തിയപ്പോളും ആരോഗ്യമന്ത്രി മൗനം തുടരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. വകുപ്പിന്റെയും മന്ത്രിയുടെയും കഴിവില്ലായ്മായായും വിഷയം വ്യാഖ്യാനിക്കപ്പെട്ടു. ഇതിനിടെയാണ് വീണ്ടും ഉത്തരവിറക്ക് പ്രശ്‌ന പരിഹാരമായത്.