കൊല്ലം: കൊല്ലം മെഡിക്കൽ കോളേജിനെ നയിക്കാൻ ഇനി ജനകീയ ഡോക്ടർ. ആലപ്പുഴ ഗവ.ടി.ഡി.മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ സ്ഥാനത്തു നിന്നും കൊല്ലം ഗവ.മെഡിക്കൽ കോളേജിൽ പ്രിൻസിപ്പാൾ പദവിയിലേക്ക് എത്തുന്ന ഡോ.ബി.പത്മകുമാർ കേരളത്തിലെ ആതുര മേഖലയിൽ വേറിട്ട വ്യക്തിത്വമാണ്. രോഗീപരിചരണ വീഴ്ച തെല്ലും വീഴാത്ത അപൂർവ്വ ഡോക്ടർ.

കേരളത്തിന്റെ പൊതുജനാരോഗ്യത്തിന് ഏറെ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് പത്മകുമാർ. ലേഖനങ്ങളിലൂടേയും പ്രഭാഷണങ്ങളിലൂടേയും എങ്ങനെയാണ് നല്ല ആരോഗ്യം ഉണ്ടാക്കേണ്ടതെന്ന് വിശദീകരിച്ച ഡോക്ടർ കോവിഡുകാലത്തും പ്രതിരോധം തീർക്കാൻ ഇറങ്ങിയ പ്രധാന വ്യക്തിത്വമാണ്. ആലപ്പുഴയിലെ പകർച്ച വ്യാധികളെ തടയാനുള്ള കർമ്മ പദ്ധതികൾക്ക് പിന്നിലും ഡോക്ടറുടെ ഇടപെടൽ എന്നും ഉണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തെ ചികിൽസിക്കാനുള്ള നിയോഗവും ഡോക്ടറെ തേടിയെത്തിയിട്ടുണ്ട്. ദീർഘകാലം ആലപ്പുഴയിൽ സേവനം അനുഷ്ഠിച്ച പത്മകുമാറിനെ കൊല്ലത്തെ ആശുപത്രിയേയും നന്നായി അറിയാം.

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് എന്ന സ്വപ്‌നവുമായി യുഡിഎഫ് സർക്കാർ കരുക്കൾ നീക്കിയപ്പോൾ പത്മകുമാറും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടു. പിന്നീട് അത് ഉപേക്ഷിച്ചു. അവിടെ നിന്നും പത്മകുമാർ എത്തിയതുകൊല്ലത്തെ ആശുപത്രിയിലാണ്. കൊല്ലം മെഡിക്കൽ കോളേജിന്റെ പരാധീനതകളും പ്രശ്‌നങ്ങളും വേണ്ട മാറ്റങ്ങളുമെല്ലാം അതുകൊണ്ട് തന്നെ പത്മകുമാറിന് അറിയാം. കൊല്ലത്ത് നിന്നാണ് പ്രമോഷൻ കിട്ടി പത്മകുമാർ ആലപ്പുഴയിലേക്ക് വീണ്ടുമെത്തിയത്. അവിടെ നിന്നും കൊല്ലത്തെ ആരോഗ്യമേഖലയെ ആകെ മാറ്റി മറിക്കാനുള്ള ചരിത്ര നിയോഗത്തിലേക്ക് പത്മകുമാർ എത്തുകയാണ്.

ഡോ.പത്മകുമാറിന് അദ്ദേഹത്തിന്റെ പ്രവർത്തനം കണക്കിലെടുത്ത് 2011 ൽ സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർക്കുള്ള അവാർഡ് നൽകി ആദരിച്ചു. ഒരു ഡോക്ടർ എന്നതിലുപരി ഗായകൻ, എഴുത്തുകാരൻ, പ്രാസംഗികൻ, കലാകാരൻ തുടങ്ങി എല്ലാമേഖലകളിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. തിരക്കിനിടയിലും ജനറൽ മെഡിസിനിൽ പി.എച്ച്.ഡി കരസ്ഥമാക്കി. മുപ്പതോളം ആരോഗ്യഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരള സർവ്വകലാശാല യുവജനോത്സവത്തിൽ ലളിത ഗാനത്തിന് ഒന്നാം സ്ഥാനം നേടിയ കലാകാരൻ. ഒന്നാന്തരം ജനകീയനായ പത്മകുമാറിനെ ആലപ്പുഴയിലെ രാഷ്ട്രീയത്തിൽ പരീക്ഷിക്കാൻ കേരളത്തിലെ മൂന്ന് മുന്നണികളും പലവട്ടം ശ്രമിച്ചിട്ടുണ്ട്. എല്ലാവരോടും രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞ് മാറി നിൽക്കുകയാണ് പത്മകുമാർ.

1963ൽ കെ.പി. ബാലസുന്ദരത്തിന്റെയും ഭാനുമതിയമ്മയുടെയും മകനായി മാവേലിക്കരയിലാണ് ബി.പത്മകുമാറിന്റെ ജനനം. സ്‌കൂൾ വിദ്യാഭ്യാസം ആലപ്പുഴ ടി.ഡി. സ്‌കൂളിൽ. കേരള സർവ്വകലാശാലയിൽ നിന്നും 1983-ൽ ഒന്നാം റാങ്കോടെ ബി.എസ്സി. സുവോളജി പരീക്ഷയും 1990-ൽ സ്വർണ്ണമെഡലോടെ എം.ബി.ബി.എസും 1995-ൽ മറാത്തുവാഡ സർവ്വകലാശാലയിൽനിന്നും ഒന്നാംറാങ്കോടെ എം.ഡി. യും (മെഡിസിൻ) പാസ്സായി. കേരളസർവ്വകലാശാലയിൽനിന്നും 2016-ൽ ഗവേഷണ ബിരുദവും നേടി. വൈദ്യശാസ്ത്രസംബന്ധിയായ നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സർവ്വരോഗ വിജ്ഞാനകോശം എന്ന ബൃഹദ് സമാഹാരത്തിന്റെ ജനറൽ എഡിറ്റർ കൂടിയായിരുന്നു ബി. പത്മകുമാർ.

ശബരിമല തീർത്ഥാടന കാലത്ത് സ്വന്തം താൽപര്യപ്രകാരം സേവന തൽപ്പരതയോടെ സേവനമനുഷ്ഠിക്കുന്ന ഡോക്ടറാണ് പത്മകുമാർ. പ്രഫസർ പദവി കിട്ടുന്നവരെ ശബരിമല ഡ്യൂട്ടിക്ക് പരിഗണിക്കാറില്ല. എന്നാൽ സ്വന്തം താൽപ്പര്യം എടുത്ത് സർക്കാരിൽ നിന്നും ഇളവ് നേടി ശബരിമലയിൽ പത്മകുമാർ ചികിൽസിക്കാനായി എത്താറുണ്ട്. ശബരിമലയിലെ സുഹാസ് കേന്ദ്രത്തിന്റെ പ്രധാന മുഖം കൂടിയാണ് മകരവിളക്ക് കാലത്ത് ഈ ഡോക്ടർ. സാഹസിനെ ശബരിമലയിൽ നിന്നും സർക്കാർ ഒഴിവാക്കുകായണ് ഇത്തവണ മുതൽ. ഡോക്ടർമാരുടെ ഒരു ട്രസ്റ്റാണ് സഹാസ്.