തിരുവനന്തപുരം : കഷ്ടപ്പാടുകൾക്ക് നടുവിൽ കൊല്ലം ചവറ തെക്കുംഭാഗത്ത് ജനിച്ച് കഠിനാദ്ധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുത്ത് ലോകത്തിന് മുന്നിൽ മലയാളികളുടെ അഭിമാനമായ ഡോ.ബൈജു സേനാധിപനെ ഡോക്ടർമാർക്കിടയിലെ പ്രൊഫഷണൽ ജലസി കള്ളക്കേസിൽ കുടുക്കിയിരുന്നു. ജയിൽ വാസത്തിൽ നിന്ന് കഷ്ടിച്ചാണ് ഡോക്ടർ രക്ഷപ്പെട്ടത്. ഇപ്പോൾ ഈ കേസ് തന്നെ അസാധുവാക്കുകയാണ് ഹൈക്കോടതി.

രണ്ട് പതിറ്റാണ്ടിലധികമായി കൊല്ലം നഗരത്തിന്റെ പരിസരങ്ങളിൽ നിസ്വാർത്ഥമായി ആതുരസേവനം ചെയ്ത് ക്രമാനുഗതമായി നേടിയെടുത്ത സൽപ്പേര് നൊടിയിടകൊണ്ട് തകർത്ത് കളയാമെന്ന വ്യാമോഹത്തോടെ ചില ദുഷ്ടലാക്കുകൾ കെട്ടിച്ചമച്ച ചെക്ക് കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി വിചാരണ പോലും അനുവദിക്കാതെ റദ്ദാക്കിയിരിക്കുന്നുവെന്ന വിവരം പൊതു സമൂഹത്തെ അറിയിക്കുന്നതും ഡോ ബൈജു സേനാധിപൻ തന്നെയാണ്. കള്ളക്കേസും ഡോക്ടർക്ക് അതുണ്ടാക്കിയ ബുദ്ധിമുട്ടുകളും നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡോക്ടർക്കെതിരായ കേസ് റദ്ദാക്കുകയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ചെയ്തത്.

കൊല്ലം മേവറം ഭാഗത്തെ അഷ്ടമുടി ഹോസ്പിറ്റൽ എന്ന സ്ഥാപനത്തിന്റെ ഓഹരി ഉടമകളിൽ ഒരാളായിരുന്നു ബൈജു സേനാധിപൻ. ഹോസ്പിറ്റൽ നഷ്ടത്തിലായി്. നഷ്ടം നികത്താനാവാതെ ഹോസ്പിറ്റൽ വിൽക്കുവാൻ ഓഹരി ഉടമകളുടെ സമ്മതമില്ലാതെ മറ്റൊരു കമ്പനിയുമായി ആശുപത്രി ബോർഡ് ചെയർമാൻ ഡോ.ജേക്കബ് ജോൺ ധാരണ ഉണ്ടാക്കിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെ ഓഹരി ഉടമകളുടെ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തു. ഓഹരി ഉടമ നിലയിൽ കമ്പനി തത്ത്വങ്ങൾ അനുസരിച്ച് കമ്പനിയുടെ 51 % ഓഹരി വാങ്ങാമെന്ന് ഡോ.ബൈജു സമ്മതം അറിയിച്ചു. ജനറൽ ബോഡി അത് അംഗീകരിക്കുകയും 51 % ഓഹരി 2 കോടി രൂപക്ക് വിൽക്കുവാൻ നിശ്ചയുകയും ചെയ്തു. സ്‌നേഹാർദ്രം ജീവകാരുണ്യ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഇത്തരത്തിൽ ഒരു ഉദ്യമത്തിന് മുതിർന്നതെന്ന് ഡോ.ബൈജു സേനാധിപൻ പറഞ്ഞിരുന്നു.

അതിനായി തന്റെ വസ്തുവകകൾ പണയം വച്ച് രണ്ട് കോടി രൂപ സ്വരൂപിക്കുകയും ചെയ്തു. പറഞ്ഞ വാക്കിന് സെക്യൂരിറ്റിയായി 50 ലക്ഷം രൂപയുടെ ഒരു ചെക്ക് ജനറൽ ബോഡിക്ക് വേണ്ടി കമ്പനി ചെയർമാൻ ആയ ഡോ.ജേക്കബ് ജോൺ ഏറ്റ് വാങ്ങിയെങ്കിലും ആശുപത്രിരേഖകൾ നൽകുവാൻ കൂട്ടാക്കിയില്ല. രേഖകൾ ഹാജരാക്കാത്തിനെത്തുടർന്നു കരാറിൽ നിന്ന് പിന്മാറേണ്ടി വന്നു എന്ന് ഡോ.ബൈജു പറയുന്നു. എന്നാൽ സെക്യൂരിറ്റിയായി നൽകിയ ചെക്ക് തിരിച്ചു നൽകുവാൻ കൂട്ടാക്കാതെ അത് ഉപയോഗിച്ച് ബാങ്കിൽ ക്യാഷ് പിൻവലിക്കുവാൻ ഡോ. ജേക്കബ് ജോൺ ശ്രമിച്ചു. സാധിക്കാതെ വന്നപ്പോൾ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട്് പ്രകാരം ഡോക്ടർ ബൈജുവിനെതിരെ ക്രിമിനൽ കേസെടുത്തു. ഈ ഇടപാടിൽ സെക്യൂരിറ്റിച്ചെക്ക് ഹാജരാക്കി പണം തട്ടാൻ ശ്രമിച്ചതിനെതിരെ ഡോ.ബൈജു കൊല്ലം സി.ജെ.എം കോടതിയിൽ വഞ്ചനാകേസ് ഫയൽ ചെയുകയും ചെയ്തിരുന്നു.

ഇതിനിടെ വ്യാജകേസുമായി ആശുപത്രി ഡയറക്ടർ മുന്നോട്ടു പോകുകയാണുണ്ടായത്. ഇതേതുടർന്ന് കോടതിയിൽ നിന്ന് വന്ന സമൻസ് ബൈജുവിന്റെ നാട്ടിലെ വീട്ടിലുള്ള അമ്മ കൈപറ്റുകയും ചെയ്തു. ഇത് ഡോ.ബൈജുവിന്റെ ശ്രദ്ധയിൽപെടുമ്പോഴേക്കും കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് ഡോ.ബൈജു അറിഞ്ഞില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഡോ.ബൈജുവിനെ പിടികിട്ടാപ്പുള്ളിയായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുവാനുള്ള കരുക്കൾ നീക്കി. വാറണ്ടിന്റെ വിവരം ചവറ പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ മുഖാന്തരം അറിഞ്ഞതിനെ തുടർന്ന് ജാമ്യം എടുക്കുക്കാൻ കേസ് അഡ്വാൻസ് ചെയ്യുവാൻ വക്കീൽ മുഖാന്തിരം അപേക്ഷ നല്കി. കേസ് പരിഗണിക്കുന്നതിന് തലേ ദിവസം തന്നെ ഡോക്ടറെ അറസ്റ്റ് ചെയ്യുവാൻ ഉന്നത പൊലീസുദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്യുകയാണുണ്ടായത്. അന്ന് വൈകുന്നേരം മൂന്ന് മണിക്ക് നാടകീയമായി അദ്ദേഹത്തെ ഒരു കൊടും കുറ്റവാളിയെ പോലെ തിരുവനന്തപുരം ക്ലിനിക്കിൽ നിന്ന് അറസ്റ്റ് ചെയ്യുകയും , മർദ്ദിക്കുവാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

പിന്നീട് പരവൂർ കോടതി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അതുകൊണ്ടു മാത്രം രക്ഷപ്പെട്ടു. ഈ കേസാണ് വസ്തുതകൾ പരിശോധിച്ച് ഹൈക്കോടതി റദ്ദാക്കുന്നത്. അഷ്ടമുടി ആശുപത്രിയുമായി പിന്നീട് പല വിവാദങ്ങളും ഉയർന്നു. ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലും ചർച്ചയായി എന്നതാണ് മറ്റൊരു വസ്തുത. കേസിൽ നിന്നും ഹൈക്കോടതി വിടുതൽ നൽകുമ്പോൾ ഡോ ബൈജു സേനാധിപൻ തന്റെ നിരപരാധിത്വം തെളിഞ്ഞതിലെ സന്തോഷം പങ്കുവയ്ക്കുന്നുണ്ട്. ചവറ തെക്കുംഭാഗം എന്ന ഉൾഗ്രാമത്തിൽ നിന്നും ഒരു സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന് കഠിനാധ്വാനത്തിലൂടെ കൊല്ലം ജില്ലയിൽ നിന്നുള്ള ആദ്യ സർജിക്കൽ ഗസ്സ്‌ട്രോ ബിരുദം കരസ്ഥമാക്കി കൊല്ലം നിവാസികൾക്ക് സഹായകമാകുന്ന രീതിയിൽ അവിടെത്തന്നെ പ്രാക്ടീസ് തുടങ്ങിയതും നിലവിലുള്ള മാമൂലുകൾ പൊളിച്ചെഴുതിയതും ഒട്ടേറെ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളേയും തരണം ചെയ്താണ്. ഞാൻ രണ്ട് പതിറ്റാണ്ടിലധികമായി കൊല്ലം നഗരത്തിന്റെ പരിസരങ്ങളിൽ നിസ്വാർത്ഥമായി ആതുരസേവനം ചെയ്ത് ക്രമാനുഗതമായി നേടിയെടുത്ത സൽപ്പേര് നൊടിയിടകൊണ്ട് തകർത്ത് കളയാമെന്ന വ്യാമോഹത്തോടെ ചില ദുഷ്ടലാക്കുകൾ കെട്ടിച്ചമച്ച ചെക്ക് കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി ഇന്ന് വിചാരണ പോലും അനുവദിക്കാതെ റദ്ദാക്കിയിരിക്കുന്നു. വൈകിയാണെങ്കിലും നീതി ലഭിച്ചതിലുള്ള സന്തോഷം ഞാൻ പങ്ക് വയ്ക്കട്ടെ .-ഇതാണ് ഡോ. ബൈജു സേനാധിപൻ ഫെയ്‌സ് ബുക്കിൽ കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പ്.

ഗ്യാസ്ട്രോ മേഖലയിലെ താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ധനായ ഡോ.ബൈജു സേനാധിപൻ നാട്ടിലും വിദേശത്തുമായി ആയിരക്കണക്കിന് രോഗികളെയാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. തന്റെ മുന്നിലെത്തുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകിയ മലയാളിയാണ് ഈ ഡോക്ടർ. ഡോ.ബൈജു സേനാധിപനെ സ്വകാര്യമേഖലയിലെ ഡോക്ടർമാർക്കിടിയിലെ വേറിട്ട ശബ്ദമായി ഏവരും അംഗീകരിക്കുകയും ചെയ്യുന്നു. പാവങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സർക്കാർ ചെയ്യുന്നതു പോലെ കാരുണ്യപദ്ധതി ആവിഷ്‌കരിച്ച സ്വകാര്യമേഖലയിലുള്ള ഡോക്ടറെന്ന് ഖ്യാതിയും ഡോ.ബൈജുവിന് സ്വന്തമാണ്. നിരവധിപേരുടെ കണ്ണീരൊപ്പിയ സ്നേഹാർദ്രമെന്ന പദ്ധതി ഏറെ ചർച്ചായവുകയും ചെയ്തു. ഇതാണ് പിണറായി സർക്കാരിന്റെ ആർദ്രമെന്ന പദ്ധതിയുടെ ചാലക ശക്തിയായതും.

രോഗികൾക്ക് വേണ്ടിയുള്ള ഡോക്ടറുടെ വിട്ടുവീഴ്ചയില്ലാതയുള്ള ഈ സമീപനമാണ് അദ്ദേഹത്തെ കള്ളക്കേസിൽ കടുക്കിയത് എന്ന് വിശ്വസിക്കുന്ന ഡോക്ടർമാർ ഉണ്ടായിരുന്നു. ഇതാണ് ഹൈക്കോടതി ഇടപെടലോടെ പൊളിയുന്നത്.

കേസുണ്ടായ സമയത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നതിനെ സംബന്ധിച്ച് ഡോ ബൈജു സേനാധിപൻ നൽകിയിരുന്ന വിശദീകരണം ചുവടെ

ഞാൻ കൊല്ലം മേവറം ഭാഗത്തു് സ്ഥിതി ചെയുന്ന അഷ്ടമുടി ഹോസ്പിറ്റൽ എന്ന സ്ഥാപനത്തിന്റെ ഓഹരി ഉടമകളിൽ ഒരാളാണ്.മാനേജ്മെന്റിന്റെ പിടിപ്പുകേടും സാമ്പത്തിക തിരിമറിയും മൂലം ഹോസ്പിറ്റൽ കുറെ കാലമായി നഷ്ടത്തിലാണ് .ഓഹരി ഉടമകളുടെ സമ്മതമില്ലാതെ കോടികണക്കിന് രൂപ വായ്പാ എടുക്കുകയും അത് സ്വകാര്യലാഭത്തിനായി വിനിയോഗിക്കുകയും ചെയ്തതിന്റെ ഫലമായാണ് അത് നഷ്ടത്തിലായത്

നഷ്ടം നികത്താനാവാതെ ഹോസ്പിറ്റൽ വിൽക്കുവാൻ ഓഹരി ഉടമകളുടെ സമ്മതമില്ലാതെ തന്നെ മറ്റൊരു കമ്പനിയുമായി കമ്പനി ചെയർമാൻ ധാരണ ഉണ്ടാക്കുകയും അതിന്റെ കരുനീക്കങ്ങൾ നടക്കുന്നതിനിടയിൽ വിളിച്ച് ചേർക്കപ്പെട്ട ഓഹരി ഉടമകളുടെ ജനറൽ ബോഡിയിൽ ഓഹരി ഉടമ എന്ന നിലയിൽ കമ്പനി തത്ത്വങ്ങൾ അനുസരിച്ചു എനിക്ക് നിക്ഷിപ്തമായ അവകാശം കമ്പനിയുടെ 51 % ഓഹരി വാങ്ങുന്നതിലേക്കായി ഉന്നയിക്കുകയുമുണ്ടായി .ജനറൽ ബോഡി അത് അംഗീകരിക്കുകയും 51 % ഓഹരി 2 കോടി രൂപക്ക് എനിക്ക് തരുവാൻ നിശ്ചയുകയും ചെയ്തു.ആയതിന്റെ ഉറപ്പിലേക്കായി 50 ലക്ഷം രൂപയുടെ ഒരു ചെക്ക് ജനറൽ ബോഡിക്ക് വേണ്ടി കമ്പനി ചെയർമാൻ ആയ ഡോ ജേക്കബ് ജോൺ സ്വീകരിക്കുകയും ഉണ്ടായി.

എന്നാൽ പറഞ്ഞപ്രകാരം ആവശ്യമായ രേഖകൾ ഹാജരാക്കുവാൻ ഡോ ജേക്കബ് ജോൺ തയ്യാറായില്ലെന്ന് മാത്രമല്ല , ഹോസ്പിറ്റൽ പുറത്തു വിൽക്കുവാൻ മനോരമ പത്രത്തിൽ പരസ്യം നൽകുകയും , മറ്റു വില്പന നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.രേഖകൾ ഹാജരാക്കാത്തിനെത്തുടർന്നു എനിക്ക് കരാറിൽ നിന്ന് പിന്മാറേണ്ടി വന്നു. എന്നാൽ പ്രസ്തുത ചെക്ക് തിരിച്ചു നൽകുവാൻ കൂട്ടാക്കാതെ ഡോ ജേക്കബ് ജോൺ അത് ബാങ്കിൽ ക്യാഷ് പിൻവലിക്കുവാൻ ശ്രമിക്കുകയും ,സാധിക്കാതെ വന്നപ്പോൾ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്റ്റ് പ്രകാരം എനിക്കെതിരെ ക്രിമിനൽ കേസ് കൊടുക്കുകയും ഉണ്ടായി .ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഞാൻ കൊല്ലം സി.ജെ.എം കോടതിയിൽ വഞ്ചനാകേസ് ഫയൽ ചെയുകയും,ആ കേസ് ഫയലിൽ സ്വീകരിച്ചു നടപടി ആരംഭിച്ചിട്ടുള്ളതുമാണ് .

ഈ അവസരത്തിൽ എനിക്കെതിരെ വഞ്ചനപരമായി കെട്ടിച്ചമച്ച കേസുമായി ഡോ ജേക്കബ് ജോൺ മുന്നോട്ടു പോകുകയും , അതിലേക്കായി കോടതിയിൽ നിന്ന് വന്ന സമൻസ് എന്റെ മാതാവ് കൈപറ്റിയിട്ടുള്ളതുമാണ് .ഇത് എന്റെ ശ്രദ്ധയിൽപെടുമ്പോഴേക്കും കോടതി അതിലേക്കായി വാറണ്ട് പുറപ്പെടുവിച്ചിരുന്നു . എന്നാൽ ആ വാറണ്ട് ഡോ ജേക്കബ് ജോൺ തന്നിൽ നിക്ഷിപ്തമായ അവകാശം ഉപയോഗിച്ചു കോടതിയിൽ നിന്നും നേരിട്ട് കൈപ്പറ്റുകയും, അത് നിർദ്ദേശിക്കപ്പെട്ട പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കാതെ കൈയിൽ സൂക്ഷിക്കുകയും, അദ്ദേഹം അത് നിയമവിരുദ്ധമായി ഫോട്ടോ എടുത്ത് എന്നെ അപകീർത്തിപ്പെടുത്തുന്നതിലേക്കായി കരുതുകയും ചെയ്തു.പ്രസ്തുത വാറണ്ട് ഒരു മാസത്തിന് ശേഷം ചവറ പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു എന്നെ പിടികിട്ടാപ്പുള്ളിയായി ചിത്രീകരിച്ചു അറസ്റ്റ് ചെയ്യുവാനുള്ള കരുക്കൾ നീക്കുകയും ചെയ്തു.

വാറണ്ടിന്റെ വിവരം ചവറ പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ മുഖാന്തരം അറിഞ്ഞതിനെ തുടർന്ന് ജാമ്യം എടുക്കുന്നതിലേക്കായി ഞാൻ അഡ്വക്കേറ്റ് മുഖേന കേസ് 17 .05 .2019 ലേക്കായി അഡ്വാൻസ് ചെയ്യുകയുണ്ടായി. എന്നാൽ ഡോ ജേക്കബ് ജോണും ചില തല്പരകക്ഷികളുമായി ഒത്തുകളിച്ചു തലേ ദിവസം തന്നെ (അതായത് 16 .05 .2019ന് )വൈകുന്നേരം മൂന്ന് മണിക്ക് എന്നെ ഒരു കൊടും കുറ്റവാളിയെ പോലെ എന്റെ തിരുവനന്തപുരം ക്ലിനിക്കിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ,മർദ്ദിക്കുവാൻ ശ്രമിക്കുകയും ഉണ്ടായി . എന്നെ നേരിട്ട് അറിയാവുന്ന അഭ്യുദയകാംക്ഷികളുടെ ഇടപെടലിനെ തുടർന്ന് ആണ് മർദ്ദനത്തിലേക്കും റീമാൻഡിലേക്കും നീങ്ങാതിരുന്നത് .

എനിക്ക് ബഹുമാനപ്പെട്ട പരവൂർ കോടതിയിൽ നിന്നും ജാമ്യം ലഭ്യമായതിന് ശേഷവും താൻ നിയമവിരുദ്ധമായി പകർത്തിയ വാറണ്ടിന്റെ കോപ്പി സാമൂഹ്യമാധ്യമങ്ങളിലൂടെ എന്നെ അപകീർത്തിപ്പെടുത്തുവാൻ ഉപയോഗിച്ച് വരുന്നതായി കാണുന്നു. ഈ പകർപ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കൂടി പറയുവാൻ ഞാൻ ഈ അവസരം ഉപയോഗിക്കട്ടെ. മേൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതാവിരുദ്ധമായി എന്തെങ്കിലും ഉണ്ടെന്നു തെളിയിച്ചാൽ പൊതുസമൂഹത്തോട് മാപ്പു പറയുവാനും നിയമനടപടികൾക്ക് വിധേയനാവാനും ഞാൻ തയ്യാറാണെന്ന വസ്തുതയും ഇത്തരുണത്തിൽ ഞാൻ അറിയിക്കുന്നു

എന്ന്
നിങ്ങളുടെ സ്വന്തം
ഡോ.ബൈജു സേനാധിപന്