തിരുവനന്തപുരം: കേരളത്തിലെ പ്രധാന കാൻസർ ചികിൽസാ കേന്ദ്രമാണ് ആർ സിസി. അസുഖങ്ങൾ വരുമ്പോൾ അമേരിക്കയിലേക്ക് മുഖ്യമന്ത്രിയും മറ്റും പറക്കുമ്പോൾ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് ആർ സി സി. എന്നാൽ ആർ സി സിയ്‌ക്കെതിരെ പലപരാതികളും പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇതിനെല്ലാം അപ്രസക്തമാക്കുന്നതാണ് ഡോ ബൈജു സേനാധിപന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ആരോഗ്യ മേഖലയിൽ വലിയ ചർച്ചയാണ് ഈ പോസ്റ്റുണ്ടാക്കുന്നത്.

പ്രമുഖ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റും ലാപ്പറോസ്‌കോപ്പിക് ക്യാൻസർ സർജനുമായ ഡോ. ബൈജു സേനാധിപന് പറയാനുള്ളത് അവഗണനയുടെ ആർ സി സി കഥയാണ്. അമേരിക്കയിലെ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ആൻഡ് എൻഡോസ്‌കോപ്പിക് സർജന്മാരുടെ ഉന്നതസമിതിയായ സെയ്ജസ് അംഗത്വത്തിന് അടക്കം അർഹനായ ഡോക്ടറാണ് ബൈജു സേനാധിപൻ. സൊസൈറ്റി ഓഫ് അമേരിക്കൻ ഇന്റസ്റ്റൈനൽ ആൻഡ് എൻഡോസ്‌കോപ്പിക് സർജൻസിന്റെ അംഗീകാരം കിട്ടിയ ആദ്യ മലയാളി. ലോകത്തെങ്ങും രോഗികൾ കാത്തിരിക്കുന്ന ശസ്ത്രക്രിയാ വിദഗ്ധൻ. കുറച്ചു കാലമായി തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചാണ് ബൈജു സേനാധിപന്റെ പ്രവർത്തനം. അതുകൊണ്ട് തന്നെ തന്റെ സേവനം തിരുവനന്തപുരത്തെ ആർ സി സിക്ക് നൽകാനും അദ്ദേഹം തീരുമാനിച്ചു. പക്ഷേ ഡോക്ടറുടെ കത്തിന് മറുപടി പോലും ആർ സി സി അയച്ചില്ലെന്നാണ് ആക്ഷേപം.

ആർ സി സി ഡയറക്ടർക്ക് 2019 ഓഗസ്റ്റിലാണ് ഡോ ബൈജു സേനാധിപൻ ഇമെയിൽ അയക്കുന്നത്. സൗജന്യമായി തന്റെ സേവനം കാൻസർ രോഗികൾക്ക് ഓപ്പറേഷനുമായി ബന്ധപ്പെട്ട് നൽകാമെന്നായിരുന്നു നിർദ്ദേശം. ക്യാൻസർ സർജറി വിഭാഗത്തിൽ ഹോണററി കൺസൾട്ടന്റായി പ്രവർത്തിക്കാമെന്ന നിർദ്ദേശവും മുമ്പോട്ട് വച്ചു. തന്റെ പ്രവർത്തനവും അംഗീകരാങ്ങളും യോഗ്യതകളുമെല്ലാം വിശദീകരിക്കുന്ന സിവിയും അയച്ചു. എന്നാൽ ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ലെന്നാണ് ഡോക്ടർ പറയുന്നത്. നിരാശ വ്യക്തമാക്കി ഫെയ്‌സ് ബുക്കിൽ കുറിപ്പുമിട്ടു. ഇന്ന്, ഇന്ത്യയിൽ അതിസങ്കീർണ ലാപ്പറോസ്‌കോപ്പിക് സർജറികളിൽ ഏറ്റവുമധികം വേഗതയുള്ള ശസ്ത്രക്രിയാകാരനാണ് ഡോ. ബൈജു സേനാധിപൻ എന്നാണ് വിലയിരുത്തൽ.

ആധുനിക ശസ്ത്രക്രിയാ മേഖലയിൽ പുതിയ കാലത്തിന്റെ പരീക്ഷണങ്ങൾ നൽകിയ പാരിതോഷികമാണ് താക്കോൽദ്വാര ശസ്ത്രക്രിയാ രീതി. നിസ്സാര രോഗങ്ങൾക്കു മുതൽ അതിസങ്കീർണ ക്യാൻസർ ശസ്ത്രക്രിയകൾക്കു വരെ കീഹോൾ സർജറി അവലംബിക്കുന്ന വിദേശ രാജ്യങ്ങളുമായി താരതമ്യപെടുത്തുമ്പോൾ കേരളം കീഹോൾ സർജറിയുടെ കാര്യത്തിൽ പിന്നാക്കമാണ്. താക്കോൽദ്വാര ശസ്ത്രക്രിയാ സാങ്കേതികതയിൽ വിദേശരാജ്യങ്ങളിലെ വിദഗ്ദ്ധരെപോലും അമ്പരപ്പിക്കുന്ന അസാധാരണ കൈവേഗം സ്വായത്തമാക്കുകയും, കീഹോൾ ശസ്ത്രക്രിയാനന്തരമുള്ള തുന്നലിൽ (സ്യുചർ) സ്വന്തം ശൈലി രൂപപെടുത്തുകയും ചെയ്ത ഡോക്ടറായാണ് ബൈജു സേനാധിപനെ വിലയിരുത്തുന്നത്. രാജ്യാന്തര പ്രശസ്തമായ ആശുപത്രികൾ പോലും കീഹോൾ സർജറിയിലെ അടിയന്തരഘട്ടങ്ങളിൽ വിദഗ്ദ്ധ സേവനം തേടിയെത്തുന്ന ശസ്ത്രക്രിയാകാരനെയാണ് ആർ സി സി വേണ്ടെന്ന് വയ്ക്കുന്നത്.

തൈറോയിഡ് സർജറിയിലെ പിഴവു കാരണം അന്നനാളം മുറിഞ്ഞുപോയ രോഗിയിൽ വൻകുടലിൽ നിന്നുള്ള ഒരു ഭാഗം തുന്നിച്ചേർത്ത് ഡോ. ബൈജു സേനാധിപൻ നടത്തിയ പരീക്ഷണം അത്തരത്തിൽ ലോകത്തു തന്നെ ആദ്യത്തേതായിരുന്നു. ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, പോണ്ടിച്ചേരി ജിപ്മെർ, മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജ്, കന്യാകുമാരി മെഡിക്കൽ കോളേജ്, മുംബയ് കെ.ഇ.എം മെഡിക്കൽ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര തുടങ്ങി രാജ്യാന്തര പ്രശസ്തമായ ചികിത്സാ, ഗവേഷണ സ്ഥാപനങ്ങളിലെ സർജന്മാർക്ക് അതിനൂതന കീഹോൾ ശസ്ത്രക്രിയാ രീതികളിൽ പരിശീലനം നൽകിയിട്ടുണ്ട് ബൈജു സേനാധിപൻ. അത്തരമൊരു ഡോക്ടറെയാണ് ആർ സി സി വേണ്ടെന്ന് വച്ചത്.

കൊല്ലം ഗുഹാനന്ദപുരം സ്വദേശി. കേരളത്തിൽ ലാപ്പറോസ്‌കോപ്പി എന്ന് കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്താണ് കീഹോൾ സർജറിയിൽ ഡോ. ബൈജു സേനാധിപന്റെ പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. കോയമ്പത്തൂർ വി.ജി. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പ്രാഥമിക പാഠങ്ങൾ. കീഹോൾ സർജറിയെന്ന സാങ്കേതിക വിദ്യയുടെ പ്രയോഗരീതികൾ കണ്ടു പരിശീലിക്കാൻ കൊറിയ, തായ്വാൻ, ഇറ്റലി എന്നിവിടങ്ങളിലെ ലാപ്പറോസ്‌കോപ്പിക് വിദഗദ്ധർക്കൊപ്പം ഓപ്പറേഷൻ തിയറ്ററുകളിൽ കീഹോൾ സർജറികൾ പരിശീലിച്ചു. ഇന്ത്യയിലെ പ്രമുഖ ചികിത്സാ കേന്ദ്രങ്ങളിലായി ഏറ്റവും അധികം അതിസങ്കീർണ ശസ്ത്രക്രിയകൾ വിജയകരമായി നിർവഹിച്ച സർജന്മാരിൽ ഒരാളാണ് ഇന്ന് ബൈജു സേനാധിപൻ.