ന്യൂഡൽഹി: 5,700 കോടി ആസ്തിയുള്ള ആന്ധ്രയിലെ ഒരു എം പി എന്ന് കേട്ടാൽ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുക, ബെല്ലാരി രാജാക്കാന്മ്മാരെപ്പോലെ ഒരു ഖനി മുതലാളിയെയോ, ഭരണത്തണലിൽ കോടികൾ ഉണ്ടാക്കിയ ഒരു വ്യവസായിയെയോ ആയിരിക്കും. എന്നാൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായി എം പി എന്ന് പേരുള്ള ഡോ. ചന്ദ്രശേഖർ പെമ്മസാനി ഇതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തനാണ്. നന്നായി പഠിച്ച്, അമേരിക്കയിലെത്തി ഡോക്ടറായി, ലോക പ്രശസ്തമായ ജോൺ ഹോപ്കിൻ സർവകലാശാലയിൽവരെ ജോലിചെയ്ത്, പിന്നീട് ഓൺലൈൻ ലേണിങ് പ്ലാറ്റ്‌ഫോമായ യു വേൾഡ് തുടങ്ങി, സ്വ പ്രയത്നത്തിലൂടെ കോടീശ്വരനായി വിജയകഥയാണ്, ഡോ ചന്ദ്രശേഖറിന്റെത്. ഇത്തവണ ഇത്തവണ ന്ധ്രപ്രദേശിലെ ഗുണ്ടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച്, തെലുങ്ക്ദേശം പാർട്ടിയുടെ എം പിയായ ഈ 48കാരൻ ഇന്ന് നരേന്ദ്ര മോദി സർക്കാറിൽ മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുകയാണ്.

ആന്ധ്രയിലെ നിയുക്ത മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അടുത്ത സുഹൃത്തുകൂടിയാണ് പെമ്മസാനി. നായിഡുവിന്റെ നിർബന്ധം കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഗുണ്ടൂരിൽ വെഎസ്ആർ കോൺഗ്രസിന്റെ, കിലാരി വെങ്കട റോസയ്യയെ 3.4 ലക്ഷം വോട്ടിന് തോൽപ്പിച്ചാണ് പെമ്മസാനി മന്ത്രിസഭയിലെത്തുന്നത്.

പഠിച്ച് വളർന്ന മിടുക്കൻ

ആന്ധ്രാപ്രദേശ് ഗുണ്ടൂരിലെ ബുറിപാലം ഗ്രാമത്തിൽ, പെമ്മസാനി സാംബശിവ റാവുവിന്റെയും ഭാര്യ സുവർചലയുടെയും മകനായി ഒരു കാർഷിക കുടുംബത്തിൽ, 1976 മാർച്ച് 7 ആണ് ചന്ദ്രശേഖർ ജനിച്ചത്. അച്ഛന്റെ ഹോട്ടൽ ബിസിനസ്സ് കാരണം കുട്ടിക്കാലത്ത് നരസറോപേട്ടിൽ കുറച്ചുകാലം ചെലവഴിച്ചു. പഠനത്തിൽ മിടുമിടുക്കനായിരുന്നു അവൻ. 1991-ൽ പത്താം ക്ലാസും 1993-ൽ ഇന്റർമീഡിയറ്റും നല്ല മാർക്കോടെ ജയിച്ചു. ഡോക്ടറാകാനുള്ള ആഗ്രഹത്തോടെ വാശിയോടെ പഠിച്ച അദ്ദേഹം മെഡിക്കൽ എൻട്രസിൽ 27-ാം റാങ്ക് നേടി, ഹൈദരാബാദിലെ ഒസ്മാനിയ മെഡിക്കൽ കോളേജിൽ സീറ്റ് നേടി. തുടർന്ന് അദ്ദേഹത്തിന് പഠന മികവിന്റെ പേരിൽ അമേരിക്കയിൽ പോവാൻ അവസരം കിട്ടി.

പെൻസിൽവാനിയയിലെ ഡാൻവില്ലിലുള്ള ഗെയ്‌സിംഗർ മെഡിക്കൽ സെന്ററിൽ ഇന്റേണൽ മെഡിസിനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഇക്കാലത്ത്, തുടർച്ചയായി രണ്ട് വർഷം ദേശീയ മെഡിക്കൽ വിജ്ഞാന മത്സരത്തിൽ പെൻസിൽവാനിയയുടെ പ്രതിനിധിയായി വിജയിച്ചു. തുടർന്ന്, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലും സീനായ് ഹോസ്പിറ്റലിലും അറ്റൻഡിങ് ഫിസിഷ്യനായി അദ്ദേഹം ഏകദേശം അഞ്ച് വർഷത്തോളം സേവനമനുഷ്ഠിച്ചു. മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിച്ചു.

പക്ഷേ ചന്ദ്രശേഖറിനെ കോടീശ്വരനാക്കിയത് മെഡിക്കൽ പ്രൊഫഷൻ ആയിരുന്നില്ല. ഓൺലൈൻ ലേണിങ് പ്ലാറ്റ്‌ഫോമായ യു വേൾഡ് തുടങ്ങാനായി അദ്ദേഹം എടുത്ത തീരുമാനമാണ് നിർണ്ണായകമായത്. നമ്മുടെ ബൈജൂസ് ആപ്പിന് മുമ്പേതന്നെ ലോക വിപണി കീഴടക്കാൻ യു വേൾഡിന് ആയി. അതോടൊപ്പം നാട്ടിലും വിദേശത്തുമായി ആശുപത്രികളുടെ ശൃഖലയും അദ്ദേഹം തുടങ്ങി.

ഒടുവിൽ രാഷ്ട്രീയത്തിലേക്ക്

ചന്ദ്രശേഖർ പെമ്മസാനിയുടെ പിതാവ് സാംബശിവറാവുവിന് എൻ ടി രാമറാവുവിനെ ഇഷ്ടമായിരുന്നു. ഈ ബന്ധം മൂലം അദ്ദേഹം തെലുങ്കുദേശം പാർട്ടിയിൽ ചേർന്നു. പിന്നീട് നരസറോപേട്ട് ടൗൺ ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിച്ചു. അച്ഛന്റെ രാഷ്ട്രീയ പ്രവർത്തനം കണ്ടുവളർന്ന ചന്ദ്രശേഖറും അതേ പാർട്ടിയിൽ ആകൃഷ്ടനായി. ഒരു പുതിയ ആന്ധ്ര കെട്ടിപ്പടുക്കാൻ വളരെയധികം ശ്രദ്ധിച്ച ചന്ദ്രബാബു നായിഡുവിനെ ചന്ദ്രശേഖറും ഏറെ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ നായിഡുവിന്റെ ഒരു അമേരിക്കൽ സന്ദർശനത്തിനിടെ അവർ പരിചയപ്പെട്ടു.

ടിഡിപി എൻആർഐ സെല്ലിലെ സജീവ നേതാവായ അദ്ദേഹം യുഎസിൽ ആയിരുന്ന കാലത്ത് നിരവധി പാർട്ടി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 2020ൽ യുഎസിൽ മികച്ച യുവ സംരംഭകനുള്ള ഏണസ്റ്റ് ആൻഡ് യംഗ് അവാർഡ് സ്വന്തമാക്കി. പെമ്മസാനി ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലൂടെ ഗുണ്ടൂരിലെയും നരസറോപേട്ടിലെയും ഗ്രാമങ്ങളിൽ ആരോഗ്യ ക്യാമ്പുകൾ നടത്തുകയും കുടിവെള്ള വിതരണം നടത്തുകയും ചെയ്തു.

പത്തുവർഷത്തിലേറെയായി ഗുണ്ടൂരിലെ പൽനാട് പ്രദേശത്തെ താമസക്കാർക്ക് സൗജന്യമായി കുടിവെള്ളം നൽകുന്ന പദ്ധതി ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. കുട്ടികൾക്കുള്ള വിദ്യാഭ്യാസത്തിനായും അദ്ദേഹം ധനസഹായം നൽകുന്നുണ്ട്. 2014ലും 2019ലും തെലുങ്കുദേശം പാർട്ടിയിൽ നിന്ന് നരസറോപേട്ട് ലോക്‌സഭാ സീറ്റിൽ ചന്ദ്രശേഖറിനെ മത്സരിപ്പിക്കാൻ നീക്കം ഉണ്ടായിരുന്നു. പക്ഷേ പലകാരണങ്ങൾ കൊണ്ടും അത് മാറിപ്പോയി. ഇത്തവണ ചന്ദ്രബാബു നായിഡുവിന്റെ ഒറ്റ നിർബന്ധം കൊണ്ടാണ് അദ്ദേഹം മത്സരിച്ചത്.

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് വിശകലനം ചെയ്ത വോട്ടെടുപ്പ് സത്യവാങ്മൂലമനുസരിച്ച്, 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച 8,360 സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ സമ്പത്തിനുടമയാണ് ചന്ദ്രശേഖർ പെമ്മസാനി. 4568 കോടി രൂപ ആസ്തിയുള്ള, തെലങ്കാനയിലെ ചെവ്വല്ലിയിലെ ബിജെപി എം പി, കൊണ്ട വിശ്വേശ്വർ റെഡ്ഡിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്്. 1241 കോടി ആസ്തിയുള്ള, ഹരിയാനയിലെ ബിജെപി എംപി നവീൻ ജിൻഡാൽ ആണ് മൂന്നാം സ്ഥാനത്തുള്ളത്.