- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
32 വർഷം മികച്ച സേവനം അനുഷ്ഠിച്ചു; അവസാന ദിവസം ചുമതലകൾ നിർവ്വഹിച്ച് പടിയിറങ്ങിയതും ആത്മവിശ്വാസത്തിൽ; പെൻഷൻ കിട്ടുമെങ്കിലും ഗ്രാറ്റുവിറ്റി കൊടുക്കാതിരിക്കാൻ കുറ്റാരോപണ മെമോ; കെടിയുവിൽ വിസിയാതത് ഡോ സിസാ തോമസിനെതിരായ പ്രതികാരമാകും; പകവീട്ടാൻ അണിയറയിൽ നീക്കം സജീവം
തിരുവനന്തപുരം: സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും എതിർപ്പ് അവഗണിച്ച് സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ പദവി ഏറ്റെടുത്ത ഡോ.സിസ തോമസിന് ഉടനൊന്നും പെൻഷൻ നൽകില്ല. സർവകലാശാലയിൽ ഇന്നലെ വരെയുള്ള മുഴുവൻ സർട്ടിഫിക്കറ്റുകളിലും ഒപ്പുവച്ച ശേഷം ഡോ സിസാ തോമസ് വിരമിച്ചു. പുതിയ വിസി ഇന്നു ചുമതലയേറ്റാലും ഇ സൈൻ അംഗീകരിച്ചു വരുന്നതു വരെ സർട്ടിഫിക്കറ്റ് വൈകുന്നത് ഒഴിവാക്കാനാണ് അവസാന ദിവസം വരെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളിലും ഒപ്പു വച്ചത്.
അവസാന ദിവസം കെടിയുവിൽ എത്തി ഉച്ചവരെ ജോലി ചെയ്തു. തുടർന്ന് ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജിൽ എത്തി ജോലികൾ പൂർത്തിയാക്കി യാത്ര പറഞ്ഞ് ഇറങ്ങി. വീണ്ടും നാലരയ്ക്ക് കെടിയുവിൽ എത്തി ബാക്കി ജോലിയും ചെയ്താണ് വീട്ടിലേക്കു മടങ്ങിയത്. കെടിയുവിൽ അവർക്ക് യാത്രയയപ്പ് നൽകാൻ ആരും ഇല്ലായിരുന്നു. ബാർട്ടൺ ഹില്ലിൽ ചടങ്ങ് നടത്താൻ സഹപ്രവർത്തകർ തയാറായെങ്കിലും ഡോ.സിസ വിലക്കി. എത്രയൊക്കെ പ്രശ്‌നങ്ങൾ വന്നാലും എല്ലാവരും എതിർത്താലും കാര്യങ്ങൾ ചെയ്യണമെന്നു വിചാരിച്ചാൽ അതിനു സാധിക്കും എന്നാണ് തന്റെ ഇതുവരെയുള്ള അനുഭവം വ്യക്തമാക്കുന്നതെന്നു ഡോ.സിസ പറഞ്ഞു.
സിസ തോമസിനു വിരമിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സർക്കാർ കുറ്റാരോപണ മെമോ നൽകിയെന്നതാണ് മറ്റൊരു വിചിത്രമാമായ കാര്യം വിരമിച്ച സാഹചര്യത്തിൽ അവരെ സസ്‌പെൻഡ് ചെയ്തില്ല. ഡോ.സിസയുടെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരി വയ്ക്കുകയും അവരെ ബുദ്ധിമുട്ടിക്കരുതെന്നു കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സർക്കാരിനു നിർദ്ദേശം നൽകുകയും ചെയ്ത സാഹചര്യത്തിൽ കൂടുതൽ നടപടികളിലേക്കു സർക്കാർ കടന്നാൽ കോടതി അലക്ഷ്യമായി മാറും. എന്നിട്ടും കുറ്റാരോപണം നൽകി. പെൻഷൻ ആനുകൂല്യം നൽകാതിരിക്കാനാണ് ഇതെല്ലാം.
ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ സെക്രട്ടറി വി എസ്.അനിൽകുമാറിനു മുന്നിൽ ഇന്നലെ രാവിലെ ഹാജരായി വിശദീകരണം നൽകണമെന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡോ.സിസ എത്തിയില്ല. വിരമിക്കുന്ന ദിവസമായതിനാൽ തിരക്കുണ്ടെന്ന് അവർ അറിയിച്ചു. തുടർന്നാണ് കുറ്റാരോപണ മെമോ അതിവേഗത്തിൽ നൽകിയത്. 15 ദിവസത്തിനകം മറുപടി നൽകണം. ഇതിനിടെ രേഖകൾ പരിശോധിക്കാനും നേരിട്ടു വിശദീകരണം നൽകാനും സിസയ്ക്ക് അവസരം നൽകും. ഈ നടപടിക്കിടെ പെൻഷനെ ബാധിക്കില്ല. എന്നാൽ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ നടപടി അവസാനിപ്പിക്കണം.
അധിക പ്രതിഫലം വാങ്ങാതെയാണ് കെടിയു വിസിയുടെ ചുമതല കൂടി സിസ വഹിച്ചത്. ഇതിന്റെ പേരിൽ കൂടുതൽ ബുദ്ധിമുട്ടിച്ചാൽ കോടതിയെ സമീപിച്ചേക്കും. സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസി സ്ഥാനം ഏറ്റെടുത്തെന്നാണ് കുറ്റാരോപണ മെമോയിലെ പ്രധാന ആരോപണം. ഇതിലൂടെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ എന്ന നിലയിൽ ചുമതല നിർവഹിച്ചില്ല, ഫയലുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തു, വച്ചു താമസിപ്പിച്ചു എന്നിവയാണ് മറ്റ് ആരോപണങ്ങൾ.
എതിർപ്പുകൾ പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് 5 മാസം മുൻപ് ഡോ.സിസ വിസി സ്ഥാനം ഏറ്റെടുത്തത്. സർവകലാശാലയിലെ ഇടതുജീവനക്കാരും സിൻഡിക്കറ്റും അവരോട് സഹകരിച്ചില്ല. ഇടതുപക്ഷ വിദ്യാർത്ഥികൾ സമര പ്രഖ്യാപനവുമായി രംഗത്തിറങ്ങി. ഡോ.സിസയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതിയിൽ നിന്ന് അനുകൂല വിധി വന്നതോടെയാണ് കാര്യങ്ങൾ അനുകൂലമായത്. വിരമിക്കുന്നതിനു തൊട്ടു മുൻപ് അവരെ സസ്‌പെൻഡ് ചെയ്യാൻ സർക്കാർ ശ്രമിച്ചതോടെ മാനസികമായി തളർന്നു.
ഹൈക്കോടതിയും അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും വിധിച്ചിട്ടും സർക്കാർ അവർക്ക് നോട്ടിസ് നൽകി, പിന്നാലെ കുറ്റാരോപണ മെമോയും. സർക്കാരിൽ നിന്നു കൂടുതൽ ഉപദ്രവം ഉണ്ടാകാതിരിക്കാൻ ഇനി കോടതിയെ സമീപിക്കേണ്ട സാഹചര്യത്തിലാണ് ഡോ.സിസ. ഗവർണറും സർക്കാരുമായുള്ള പോരിൽ ഡോ.സിസയെ ബലിയാടാക്കരുതെന്നും തുടർ നടപടി സ്വീകരിക്കുമ്പോൾ അവരുടെ ഭാഗം കേൾക്കണമെന്നും ട്രിബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്.
സമാധാനപരമായി വിരമിക്കാൻ അനുവദിക്കണം, ഡോ.സിസയുടെ വിശദീകരണം തുറന്ന മനസ്സോടെ സ്വതന്ത്രമായി വിലയിരുത്തണം, 32 വർഷം മികച്ച സേവനം അനുഷ്ഠിച്ച ആളാണ് എന്നതും തീരുമാനം എടുക്കുമ്പോൾ പരിഗണിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും വിധിയിൽ ഉണ്ട്. എന്നാൽ ഇതൊന്നും സർക്കാർ പരിഗണിക്കുമോ എന്നതും ചോദ്യമായി ഉയരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ