കോട്ടയം: മാന്നാനം ചിറ്റേഴത്ത് വീട്ടിൽ നിന്ന് രാജ്യം ശ്രദ്ധിക്കുന്ന ബ്യൂറോക്രാറ്റായി വളർന്ന സി.വി.ആനന്ദബോസ് ഇനി രാജ്യത്തെ ഏറ്റവും ശശ്രദ്ധിക്കപ്പെടുന്ന ഗവർണ്ണർ. നേരത്തെ മിസോറം ഗവർണറായ കുമ്മനം രാജശേഖന്റെ സ്വന്തം തട്ടകത്തിന് വളരെ അടുത്തുള്ള ദേശമാണ് മാന്നാനം. കുമ്മനത്തിന് പിന്നാലെ മാന്നാനം ഗവർണ്ണറുടെ നാടാകുന്നു. ഒരിക്കൽ കെ കരുണാകരനും പിന്നീട് ഇകെ നായനാരും അതു കഴിഞ്ഞ കേരളത്തിലെ ബിജെപി നേതൃത്വവും തള്ളിപ്പറഞ്ഞ ആനന്ദബോസ്. പ്രധാനമന്ത്രി മോദിയുടെ മനസ്സിൽ ഇടം നേടിയാണ് ബംഗാളിലെ ദൗത്യത്തിലേക്ക് കടക്കുന്നത്.

'ആശയങ്ങളുടെ തമ്പുരാൻ' എന്ന വിളിപ്പേര് ലഭിച്ച സി.വി.ആനന്ദബോസിന്റെ പ്രസിദ്ധമായ പല ആശയങ്ങളുടെയും പരീക്ഷണശാല കൊല്ലമായിരുന്നു. നിർമ്മിതികേന്ദ്രം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഫയലിൽനിന്ന് വയലിലേക്ക്, സ്പീഡ്, ഗ്രാമോത്സവം, ധന്വന്തരികേന്ദ്രം എന്നിവ അവയിൽ ചിലതുമാത്രം. വകുപ്പുകളുടെ പ്രവർത്തനത്തിലെ ഏകോപനത്തിലൂടെമാത്രമേ വികസനപദ്ധതികൾ ലക്ഷ്യംകാണുകയുള്ളൂ എന്ന പാഠം സിവിൽ സർവീസിന്റെ തുടക്കത്തിൽത്തന്നെ അദ്ദേഹം മനസ്സിലാക്കി. ഇതാണ് മുന്നോട്ടുള്ള യാത്രയിൽ നിർണ്ണായകമായത്. ആശയങ്ങളിലൂടെ വികസനം യാഥാർത്ഥ്യമാക്കി. ചട്ടങ്ങളുടേയും നിയമങ്ങളുടേയും നൂലാമാലകൾക്ക് മീതെ നടന്നപ്പോഴും അഴിമതിയുടെ കറ ആനന്ദബോസിനെ തൊട്ടില്ല. അങ്ങനെ ക്ലീൻ ഇമേജുമായി ആനന്ദബോസ് ബംഗാളിലെത്തുന്നു.

പലതും ആനന്ദബോസിന് സ്വന്തമെങ്കിലും നിർമ്മതി കേന്ദ്രമാണ് പ്രധാനം. ലാറി ബക്കറിൽ നിന്ന് ആശയം ഉൾക്കൊണ്ട് നടപ്പാക്കിയ പദ്ധതി. തന്റെ ഭാര്യയുടെ സഹോദരന്റെ ഭാര്യ ലാറി ബക്കറിന്റെ വളർത്തുമകളായിരുന്നു. അങ്ങനെ പാവങ്ങൾക്ക് വീടൊരുക്കാൻ മുന്നിൽ നിന്ന ബക്കറിന്റെ ആശയം ഈ കോട്ടയത്തുകാരൻ ഏറ്റെടുത്തു. അത് നിർമ്മതി കേന്ദ്രമായി. പക്ഷേ ഇതിലേക്ക് ആനന്ദബോസ് എത്തിയത് ഒരു പുറത്താകലിൽ കൂടെയായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായി സർവ്വപ്രതാപിയായ കരുണാകരൻ ഭരിക്കും കാലം. ആനന്ദബോസ് എന്ന യുവാവിന്റെ നിശ്ചയദാർഡ്യ കരുണാകരൻ തിരിച്ചറിഞ്ഞു. അങ്ങനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നല്ല പ്രായത്തിൽ ആനന്ദബോസ്. കരുണാകരന് വേണ്ടി പല പദ്ധതികളും ചെയ്തു. ഇതിനിടെ പാമോലിൻ കുരുക്കെത്തി. അതിലെ ചതി ആനന്ദബോസ് തിരിച്ചറിഞ്ഞു. ഫയലിൽ ഒപ്പിടാൻ വിമുഖത കാട്ടി. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തായി.

ഇങ്ങനെയാണ് ആനന്ദബോസിനെ മൂലയ്ക്കിരുത്താനായി നിർമ്മിതി കേന്ദ്രമെന്ന ആ സ്വപ്‌നം കരുണാകരൻ അംഗീകരിക്കുന്നത്. തീർത്തും ഒതുക്കൽ. പക്ഷേ നിർമ്മിതി കേന്ദ്രത്തിൽ ആനന്ദബോസ് അത്ഭുതം കാട്ടി. ലാറി ബക്കറിന്റെ സ്വപ്‌നങ്ങൾ പ്രാവർത്തികമാക്കി. നിർമ്മിതി കേന്ദ്രം വലിയ പ്രസ്ഥാനമായി മാറി. പാവങ്ങൾക്ക് വീടുകൾ വച്ചുകൊടുത്ത് മുന്നേറുമ്പോൾ നായനാർ സർക്കാർ അധികാരത്തിലെത്തി. ആർക്കും വലിയ ശമ്പളം നൽകാതെ ഹോണറേറിയം അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ വീട് നിർമ്മാണ പദ്ധതിയായിരുന്നു ആനന്ദബോസിന്റെ മനസ്സിലെ നിർമ്മിതി കേന്ദ്രം. എന്നാൽ നിർമ്മിതി കേന്ദ്രം വളർന്നപ്പോൾ തൊഴിലാളി യൂണിയനുകൾ കൊടിപിടിച്ചു. പെൻഷൻ അടക്കം വേണമെന്ന് പറഞ്ഞ് അവർ സമരം തുടങ്ങി. അതിന് ആനന്ദബോസ് വഴങ്ങിയില്ല. ഇതോടെ നായനാർ സർക്കാരിന്റെ കണ്ണിലെ കരടായി. അതിന് ശേഷം നിർമ്മിതിയിൽ നിന്ന് പുറത്താക്കി. അതിന് മുമ്പ് തന്നെ പിടിപി നഗറിൽ സ്ഥാപനം ഐക്യരാഷ്ട്ര സഭയുടെ പോലും കണ്ണിലെത്തുകയും ചെയ്തു. ഇത്തരമൊരു കർമ്മയോഗിയെയാണ് നായനാർ പുറത്താക്കിയത്.

ഇതോടെ കേരളം വിട്ട് ആനന്ദബോസ് ഡൽഹിയിലെത്തി. ആവുന്നതെല്ലാം വിവിധ മന്ത്രാലയത്തിൽ ചെയ്തു. ഇതിനിടെയാണ് ഗുജറാത്തിൽ മോദി അധികാരത്തിലെത്തുന്നത്. നിർമ്മിതി കേന്ദ്രം മോഡൽ ഗുജറാത്ത് മുഖ്യമന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചു. അത് മോദി ഏറ്റെടുത്തു. മോദി പ്രധാനമന്ത്രിയായി ഡൽഹിയിൽ എത്തിയപ്പോൾ ആനന്ദബോസിനെ പല ഉത്തരവാദിത്തങ്ങളും ഏൽപ്പിച്ചു. പല കേന്ദ്ര പദ്ധതികളുടേയും ചാലക ശക്തിയായി. ഉപദേശകനായി. എല്ലാത്തിനും ഒടുവിൽ ബംഗാളിലെ താക്കോൽ സ്ഥാനം വിശ്വസ്തന് നൽകുകയാണ് മോദി. കേരളത്തിലെ നേതാക്കളെ പോലും അമ്പരപ്പിച്ച്. സർവ്വീസിൽ നിന്ന് രാജിവച്ച അനന്ദബോസ് ബിജെപിയിൽ അംഗത്വമെടുത്തത് 2019ലാണ്. കൊല്ലത്ത് ആനന്ദബോസ് സ്ഥാനാർത്ഥിയാകുമെന്ന് പോലും പലരും കരുതി. എന്നാൽ അതുണ്ടായില്ല. നിയമസഭയിലെ തോൽവിയിൽ കാര്യകാരണങ്ങൾ സഹിതം ആനന്ദബോസ് കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകി. ഇത് കേരളത്തിലെ ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചു.

ഈ റിപ്പോർട്ടിനെ കുറിച്ച് കേന്ദ്രമന്ത്രിയായ വി മുരളീധരൻ പ്രതികരിച്ചത് 'കവി പറയുന്ന റിപ്പോർട്ടിനെ കുറിച്ച് കവി'യോടു തന്നെ ചോദിക്കണമെന്നായിരുന്നു. ഈ 'കവി'യാണ് ബംഗാളിൽ മമതാ ബാനർജി സർക്കാരിന്റെ നിരീക്ഷണ ചുമതലയുള്ള ഗവർണ്ണറാകുന്നത്. കുമ്മനം രാജശേഖരനും പി എസ് ശ്രീധരൻ പിള്ളയും ഗവർണ്ണറായത് ബിജെപി അധ്യക്ഷ സ്ഥാനത്ത് മാറ്റം ഉറപ്പിക്കാനായിരുന്നു. എന്നാൽ ആനന്ദബോസിന്റേത് മികവിനുള്ള അംഗീകാരവും. സാംസ്‌കാരികമായി മുന്നിട്ട് നിൽക്കുന്ന ബംഗാൾപോലെയൊരു സ്ഥലത്ത് അവസരം കിട്ടിയതിൽ കൂടുതൽ സന്തോഷമുണ്ടെന്ന് ആനന്ദബോസും പറയുന്നു.

അതൊരു അനുഗ്രഹമാണ്. അത്രയും സാംസ്‌കാരികമായി നെറുകയിൽ നിൽക്കുന്ന ഇടമാണത്. വ്യക്തിപരമായും ഹൃദയത്തോട് ചേർന്നുനിൽക്കുന്നു ബംഗാൾ. എന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത് ബംഗാളിലെ സ്റ്റേറ്റ് ബാങ്കിൽനിന്നാണ്. സുഭാഷ്ചന്ദ്രബോസിനോടുള്ള ഇഷ്ടത്തിന് പുറത്താണ് ഞാനടക്കമുള്ള സഹോദരങ്ങളുടെ പേരിനൊപ്പം സ്വതന്ത്ര്യസമരസേനാനിയായിരുന്ന അച്ഛൻ 'ബോസ്' എന്ന് ചേർത്തത്. എഴുതിയ ആദ്യ ചെറുകഥ പോലും ബംഗാളിലെ സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു, 'ചൗരംഗിയിലെ പൂക്കൾ.' കൊൽക്കൊത്തയിലെ ചേരിനിവാസികളുടെ ജീവിതം പശ്ചാത്തലമായ കഥ. കഥയെക്കുറിച്ച് അന്ന് എം.കൃഷ്ണൻ നായർ എഴുതിയ നല്ല വാക്കുകളാണ് പിന്നീട് എഴുതാൻകിട്ടിയ വലിയ പ്രചോദനം.

കവിത എഴുതിയപ്പോൾ ബംഗാളിലെ ഏറ്റവും വലിയ നദിയെക്കുറിച്ചാണ്. തലക്കെട്ടുപോലും ആ നദിയുടേത്, 'ബ്രഹ്‌മപുത്ര.' അങ്ങനെ നോക്കുമ്പോൾ ബംഗാളുമായി എനിക്കൊരു പൊക്കിൾകൊടി ബന്ധമുണ്ട്,-ആനന്ദബോസ് പറഞ്ഞു.

തൊട്ടതെല്ലാം പൊന്നാക്കിയ മാന്നാനത്തുകാരൻ

അദ്ധ്യാപകൻ, എഴുത്തുകാരൻ, ഭരണാധിപൻ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് ഡോ.സി.വി ആനന്ദബോസ് ബംഗാളിന്റെ ഗവർണർ പദവിയിലേക്ക് എത്തുന്നത്. മാന്നാനം എന്ന കൊച്ചു ഗ്രാമത്തിലെ ചിറ്റേഴത്തുവീട്ടിൽ നിന്ന് ഇന്ത്യയറിയുന്ന വ്യക്തിത്വമായി അദ്ദേഹം വളർന്നത് കഠിനാദ്ധ്വാനത്തിന്റെ പിൻബലത്തിലാണ്.ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം ഒരു കേന്ദ്ര സർക്കാർ കോളേജിൽ അദ്ധ്യാപകനായി കയറുമ്പോൾ ആനന്ദബോസിന് 21 വയസാണ് പ്രായം.

എസ്.ബി.ഐയിലും ജോലി ചെയ്ത ശേഷമാണ് ഐ.എ.എസ് പാസായത്. കാസർകോഡ് സബ് കളക്ടറായാണ് ആദ്യ നിയമനം. കൊല്ലത്ത് കളക്ടറായിരിക്കുമ്പോൾ 28 പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. അതിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് നിർമ്മിതി കേന്ദ്രയായിരുന്നു. ഇക്കാലത്തെല്ലാം കവിതകളും ലേഖനങ്ങളും എഴുതാനും അദ്ദേഹം സമയം കണ്ടെത്തി. 'പറയാതിനിവയ്യ' എന്ന ആത്മകഥയടക്കം മൂന്നു ഭാഷകളിലായി 32ഓളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പല പുസ്തകങ്ങളും ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി 'മാൻ ഒഫ് ഐഡിയാസ്' എന്നും, മുൻ പ്രധാനമന്ത്രി മന്മോഹൻസിങ് 'ഇൻസ്പയേർഡ് സിവിൽ സെർവന്റ്' എന്നും വിശേഷിപ്പിച്ച ആനന്ദബോസിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ, നാഷണൽ പോളിസി അഡൈ്വസർ പദവികളും വഹിച്ചു. ജനീവയിലെ യൂറോപ്യൻ കൗൺസിൽ ഫോർ ന്യൂക്ലിയർ റിസർച്ചിലും, ഫ്രാൻസിലെ ഐ.ടി.ഇ.ആർ എന്ന ഇന്റർനാഷണൽ ഫ്യൂഷൻ എനർജി ഓർഗനൈസേഷനിലും ഇന്ത്യയുടെ പ്രതിനിധിയായി.

വികസന നായകൻ

കാസർകോട് സബ്കളക്ടറായിരിക്കെ വാർഡുകൾതോറും ജനകീയസമിതികളുണ്ടാക്കി, ജനങ്ങൾ പറയുന്ന വികസനപ്രവർത്തനങ്ങൾ നടത്തിക്കൊടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്ന മാതൃകയാണ് ഗ്രാമോത്സവം എന്നപേരിൽ ആനന്ദബോസ് പരീക്ഷിച്ചത്, രാജപുരം ഗ്രാമത്തിൽ. ജനകീയാസൂത്രണത്തിന്റെ ആദ്യരൂപമായിരുന്നു അത്. അതിൽ അൽപ്പം വ്യത്യാസം വരുത്തിയപ്പോൾ ഫയലിൽനിന്ന് വയലിലേക്ക് എന്ന പദ്ധതിയായി. ഫയലിൽനിന്ന് വയലിലേക്ക് കൊറ്റങ്കര പഞ്ചായത്തിലാണ് തുടക്കംകുറിച്ചത്. ജനങ്ങളുടെ അപേക്ഷകൾ അവരുടെ സാന്നിധ്യത്തിൽത്തന്നെ പരിശോധിച്ച് ഉദ്യോഗസ്ഥർ തീരുമാനമെടുക്കുന്ന പരിപാടിയാണിത്.

വിജയകരമായ ഈ പദ്ധതി ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും നടപ്പാക്കി. ജില്ലയിലെ ടൂറിസം സാധ്യതകൾ ഏകോപിപ്പിക്കുന്നതിനാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആരംഭിച്ചത്. അഷ്ടമുടിക്കായലും ശാസ്താംകോട്ട തടാകവും തെന്മലയും പാലരുവിയും പോലെയുള്ള സുന്ദരകാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാൻ ഡി.ടി.പി.സി. വഴിയൊരുക്കി. പിന്നീട് ഇത്തരം കൗൺസിലുകൾ എല്ലാ ജില്ലയിലും തുടങ്ങി. ശാസ്താംകോട്ടയിൽ പട്ടിണിയിലായ വാനരന്മാർക്ക് പഴങ്ങൾ ലഭിക്കാൻ തടാകതീരത്ത് ഞാവൽമരങ്ങൾ നട്ടുപിടിപ്പിച്ചത് അദ്ദേഹമാണ്.

ഇരപത്തെട്ടോളം പുതിയ പദ്ധതികളാണ് കൊല്ലത്തിരിക്കുമ്പോൾ അദ്ദഹം തുടങ്ങിയത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് നിർമ്മിതികേന്ദ്രം തന്നെ. വെള്ളപ്പൊക്കത്തിൽ വീടു നഷ്ടപ്പെട്ടവരെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന ചിന്തയിൽനിന്നാണ്, ചെലവുകുറഞ്ഞ വീട് എന്ന ആശയം രൂപപ്പെട്ടത്. പ്രാദേശികമായി ലഭിക്കുന്ന നിർമ്മാണസാമഗ്രികളാകണം ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിച്ചു. കൊല്ലത്ത് പള്ളിത്തോട്ടത്താണ് ആനന്ദബോസ് ആദ്യത്തെ നിർമ്മിതികേന്ദ്രം വീടുനിർമ്മാണം തുടങ്ങിയത്. അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽസിങ്ങാണ് ഉദ്ഘാടനം ചെയ്തത്.

ഐക്യരാഷ്ട്രസഭയുടെ പാർപ്പിടവിഭാഗമായ യു.എൻ. ഹാബിറ്റാറ്റ് ഇത് മാതൃകയായി സ്വീകരിച്ചു. പിന്നീട് ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ലാത്തൂരിൽ നിർമ്മിതികേന്ദ്രം നിർമ്മിച്ച 500 വീടുകളും ഈ അടിസ്ഥാനത്തിലായിരുന്നു. മികച്ച പ്രഭാഷകനായും അദ്ദേഹം പേരെടുത്തു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ റെയിൽസൈഡ് വെയർഹൗസ് കമ്പനി ലിമിറ്റഡിന്റെ എം.ഡി. ആയിരിക്കുമ്പോഴാണ് പിന്നീട് ആനന്ദബോസ് കൊല്ലത്ത് ജീവകാരുണ്യപ്രവർത്തനങ്ങളുമായി എത്തിയത്. കൃത്രിമക്കാലുകളും പാദങ്ങളും, ക്രച്ചസ്, വീൽചെയർ, ട്രൈസൈക്കിൾ എന്നീ ഉപകരണങ്ങൾ ഒട്ടേറെപ്പേർക്ക് സൗജന്യമായി വിതരണം ചെയ്യാൻ അദ്ദേഹം നേതൃത്വം നൽകി.

ഏറ്റെടുക്കുന്നതും ഏൽപ്പിക്കപ്പെടുന്നതുമായ കാര്യങ്ങളിൽ വ്യത്യസ്ത ആശയങ്ങളും പ്രവർത്തനരീതിയും ആവിഷ്‌കരിച്ചിരുന്ന ബോസ് നൽകിയ സംഭാവനകൾ പരിഗണിച്ച് ഐക്യരാഷ്ട്രസംഘടന 'ആനന്ദ ബോസ് മോഡൽ' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നാഷണൽ ഹാബിറ്റാറ്റ് അവാർഡ് ലഭിച്ചു. യു.എൻ. ഉൾൾപ്പെടെയുള്ള വിവിധ അന്തർദേശീയ സംഘടനകളിൽ ഉപദേഷ്ടാവായിരുന്നു. മസൂറിയിലെ സിവിൽ സർവീസ് അക്കാദമിയിൽ ഫെലോയും കോർപ്പറേറ്റ് ഉപദേഷ്ടാവുമായിരുന്നു. യു.എൻ. പാർപ്പിട വിദഗ്ധൻ കൂടിയാണ്. നാലുതവണ യു.എന്നിന്റെ ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് പുരസ്‌കാരവും ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ സ്‌പെഷ്യൽ ഹാബിറ്റാറ്റ് അവാർഡും ഉൾപ്പെടെയുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ബംഗാളിൽ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആനന്ദബോസിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ ബിജെപി. നേതൃത്വം നിയോഗിച്ചിരുന്നു.