തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ ക്ഷാമത്തെത്തുടര്‍ന്നുള്ള ചികിത്സാ പ്രതിസന്ധിക്ക് പരിഹാരം. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതേത്തുടര്‍ന്ന് ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ മാറ്റിവെച്ചിരുന്ന ശസ്ത്രക്രിയകള്‍ തുടങ്ങി.

ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഇന്നു രാവിലെയാണ് ഉപകരണങ്ങള്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയ മുടങ്ങുന്നതായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലാണ് ഈ സാഹചര്യമുണ്ടാക്കിയത്. ഡോ.ഹാരിസിന്റെ തുറന്നുപറച്ചിലില്‍ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുകയാണ്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അടക്കം വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തല്‍ എന്നാണ് സൂചന.ഡോക്ടര്‍ ഹാരിസിനെ പിന്തുണച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു. അതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ മാറ്റുമെന്നും സൂചനയുണ്ട്.

സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത് കഴിഞ്ഞ ദിവസമാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മകുമാര്‍ അധ്യക്ഷനായ നാലംഗ സമിതിയെയാണ് നിയോഗിച്ചത്. മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമത്തേക്കുറിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന താന്‍ ജോലി രാജിവെയ്ക്കുന്ന കാര്യം ആലോചിക്കുന്നതായും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ആരോപണം ആരോഗ്യവകുപ്പ് അധികൃതര്‍ തള്ളി. പിന്നാലെ തനിക്ക് ചുറ്റും പരിമിതികളാണെന്ന് വ്യക്തമാക്കി ഡോ. ഹാരിസ് ചിറയ്ക്കല്‍ പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നു.