- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്രസകളെ പൊതുവിദ്യാലയങ്ങളാക്കി; ലൗജിഹാദിനെതിരെ നിയമം; ഏക സിവില്‍കോഡ് പടിവാതിലില്‍; ഇപ്പോള്‍ ബഹുഭാര്യത്വത്തിന് ഏഴ് വര്‍ഷം വരെ തടവ്; കൂട്ടുനില്‍ക്കുന്ന ഖാസിമാരും ബന്ധുക്കളും പ്രതികള്‍; അസമിലെ ഹിമന്ത് ബിശ്വശര്‍മ്മ സര്‍ക്കാര്‍ വീണ്ടും ഞെട്ടിക്കുമ്പോള്‍
വിവാദപരമായ നിയമനിര്‍മ്മാണങ്ങള്‍ നിരവധി നടത്തിയിട്ടുള്ള അസമിലെ ഹിമന്ത ബിശ്വശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള നിയമവുമായി വീണ്ടും ചര്‍ച്ചയാവുന്നു. 2016-മുതല്‍ അസം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മുസ്ലീങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിക്കുമ്പോളും, തന്റെ ഉറച്ച നിലപാടുമായി മുന്നോട്ടുപോവുകയാണ് ഹിമന്ത ബിശ്വശര്‍മ്മ.
നേരത്തെ മദ്രസകളെ പൊതുവിദ്യാലയങ്ങളാക്കിയതും, ലൗജിഹാദിനെതിരെ നിയമ നിര്‍മ്മാണം നടത്തിയതും, അനധികൃത കുടിയേറ്റക്കാരുടെ കെട്ടിടങ്ങള്‍ ഇടിച്ചുപൊളിച്ചതും അടക്കമുള്ള നിരവധികാര്യങ്ങള്‍ ചെയ്ത സര്‍ക്കാര്‍ ഇപ്പോള്‍ ഒന്നിലധികം വിവാഹം കഴിക്കുന്നതും നിരോധിച്ചിരിക്കയാണ്.
ബഹുഭാര്യത്വം ഇനി ക്രിമിനല്‍കുറ്റം
സ്ത്രീ സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ് പുതിത ബഹുഭാര്യത്വ നിരോധന ബില്‍ എന്നാണ് അസം സര്‍ക്കാര്‍ പറയുന്നത്. ഉത്തരാഖണ്ഡിന് പിന്നാലെ ബഹുഭാര്യത്വം ക്രിമിനല്‍ കുറ്റമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് അസം. എന്നാല്‍ ഉത്തരാഖണ്ഡിനേക്കാള്‍ കര്‍ക്കശമായ വ്യവസ്ഥകളാണ് ഇവിടെയുള്ളത്. പുതിയ നിയമപ്രകാരം ഒന്നിലധികം വിവാഹം കഴിക്കുന്നവരെ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷിക്കാം. കൂടാതെ നിലവിലെ വിവാഹം മറിച്ച് വെച്ച് വീണ്ടും വിവാഹം ചെയ്താല്‍ പത്ത് വര്‍ഷം വരെ അഴിയെണ്ണേണ്ടിവരും. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ശിക്ഷ ലഭിക്കും.
ഇത്തരം വിവാഹത്തിന് കൂട്ടുനില്‍ക്കുന്ന ഖാസിമാര്‍, ഗ്രാമമുഖ്യന്‍മാര്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവ് ലഭിക്കും. ഈ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലിക്കോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കോ അര്‍ഹതയില്ല. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും കഴിയില്ല. പരാതി കിട്ടിയാല്‍ എസ്ഐയില്‍ കുറയാത്ത റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. അസമില്‍ സ്ഥിരതാമസമാക്കിയവര്‍ ബോധപൂര്‍വം സംസ്ഥാനത്തിന് പുറത്ത് രണ്ടാം വിവാഹം കഴിച്ചാലും നിയമത്തിന്റെ പരിധിയില്‍വരും.
മറ്റുസംസ്ഥാനങ്ങളില്‍ ഭൂമി, കെട്ടിടമടക്കമുള്ള സ്ഥാവര സ്വത്തുള്ളവര്‍, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളടക്കമുള്ളവയുടെ ഗുണഭോക്താക്കളായവര്‍ എന്നിവരും പരിധിയില്‍വരും. ബഹുഭാര്യാത്വത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വ്യവസ്ഥയുണ്ട്.പട്ടികവര്‍ഗ വിഭാഗങ്ങളും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ വരുന്ന ഗോത്രജില്ലകളും ബില്ലിന്റെ പരിധിയില്‍ വരില്ല. ഹിന്ദു കോഡ് അനുസരിച്ച് നിലവില്‍ ബഹുഭാര്യത്വം കുറ്റകൃത്യമാണ്. മുസ്ലിം വ്യക്തിനിയമമനുസരിച്ച് അനുവദനീയവുമാണ്. പുതിയ ബില്ലിന്റെ പരിധിയില്‍നിന്ന് ഗോത്രവര്‍ഗ വിഭാഗങ്ങളെ ഒഴിവാക്കിയ സാഹചര്യത്തില്‍ ഫലത്തില്‍ മുസ്ലിംകളെയായിരിക്കും ഇത് കാര്യമായി ബാധിക്കുക.
നേരത്തെ, മുസ്ലിം സ്ത്രീകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബില്‍ കൊണ്ടുവരുന്നതെന്ന് ഹിമന്ത പ്രസ്താവിച്ചത്. ഫേസ്ബുക്കില്‍ വ്യാജ പേരുകളില്‍ അക്കൗണ്ട് തുടങ്ങി പെണ്‍കുട്ടികളെ വശീകരിക്കുകയാണ്, വിവാഹം കഴിച്ച ശേഷമാണ് പലരും സത്യം തിരിച്ചറിയുന്നതെന്നും അസമില്‍ ഇത് വ്യാപകമാണെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ഇത്തരം കേസുകളില്‍ ഇരയ്ക്കും നീതി ഉറപ്പാക്കണം, സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ പെണ്‍കുട്ടികളെ വശീകരിക്കുന്നവര്‍ക്കെതിരെ പരമാവധി ശിക്ഷ നല്‍കുമെന്നും ഹിമന്ത പറഞ്ഞു.
ഇനി ഏകീകൃത സിവില്‍ കോഡ്
കഴിഞ്ഞ വര്‍ഷം അസമില്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചിരുന്നു. വീണ്ടും മുഖ്യമന്ത്രിയായാല്‍ അസമില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ ഉറപ്പുനല്‍കി. സ്ത്രീകളുടെ വിവാഹ പ്രായം 19 ല്‍ നിന്ന് 21 ആയി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ആദ്യമാണ് അസമില്‍ നിയമസഭ തെരഞ്ഞെടുപ്പ്.പിന്നാക്ക വിഭാഗക്കാര്‍ക്ക് അവര്‍ക്കിടയില്‍ മാത്രം ഭൂമി കൈമാറ്റം ചെയ്യാനാകുന്ന രീതിയില്‍ നിയമം കൊണ്ടുവരുമെന്നും ഹിമന്ത പറഞ്ഞു.
2020 ഡിസംബറില്‍ അസം സര്‍ക്കാര്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ മദ്രസകളുടെയും പ്രവര്‍ത്തനം നിര്‍ത്തി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചു. ഇപ്പോഴത്തെ അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മ ആയിരുന്നു അന്നത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി. അന്ന് അത് വലിയ വിവാദംമുണ്ടാക്കിയെങ്കിലും തിരിഞ്ഞുനോക്കുമ്പോള്‍ ഫലത്തില്‍ അത് മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഗുണം ചെയ്യുകയാണ് ഉണ്ടായത്.
അതിനിടെ അനധികൃത കുടിയേറ്റക്കാരുടെ കെട്ടിടങ്ങള്‍ പൊളിച്ചു കളഞ്ഞ അസം സര്‍ക്കാറിന്റെ നടപടിയും വലിയ വിവാദമായിരുന്നു. യു.പി സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീംകോടി നിരന്തരം താക്കീത് നല്‍കുന്നതിനിടയില്‍ അസമില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുടെ 150 വീടുകളാണ് പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ തകര്‍ത്തത്. ഇവര്‍ ബംഗ്ലാദേശികളാണെന്നും ഇത് 'ഭൂമി ജിഹാദ്' ആണെന്നുമാര്‍ ബിജെപി നേതാക്കാള്‍ പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട്, കാംരൂപ് ജില്ലയിലെ കച്ചുതാലിയില്‍ പോലീസ് വെടിവയ്പ്പുണ്ടാവുകയും രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പക്ഷേ എന്നിട്ടം നടപടികള്‍ തുടര്‍ന്നു. മുസ്ലിങ്ങളാണ് ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളുകളും. ഈ പ്രദേശം ദക്ഷിണ കാംരൂപിലെ വിജ്ഞാപനം ചെയ്യപ്പെട്ട ആദിവാസി മേഖലയുടെ കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി ആരംഭിച്ചത്.
ഗോത്ര മേഖലകളിലെയും ബ്ലോക്കുകളിലെയും ഭൂമി വില്‍പന, വാങ്ങല്‍, പാട്ടത്തിന് നല്‍കല്‍ എന്നിവ പട്ടികവര്‍ഗങ്ങള്‍, പട്ടികജാതിക്കാര്‍, സന്താളുകള്‍, തേയിലത്തോട്ടത്തിലെ ഗോത്ര വിഭാഗങ്ങള്‍, ഗൂര്‍ഖകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംരക്ഷിത വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഹിമന്ത പറയുന്നത് ഗോത്രവര്‍ഗക്കാരുടെ ഭൂമി മറ്റാരും കൈവശപ്പെടുത്താത്ത രീതിയില്‍ സംരക്ഷിക്കപ്പെടാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നാണ്.




