കണ്ണൂർ: ലൈംഗികാതിക്രമത്തിന് പുറമേ പ്രശസ്തിക്കായി കേന്ദ്രസർവകലാശാല പ്രൊഫസർ ഡോ. ഇഫ്തിക്കർ അഹമ്മദ് തട്ടിപ്പും നടത്തിയെന്ന വിവരവും പുറത്തുവന്നു. വർഷങ്ങൾക്കു മുൻപ് മോർഫ് ചെയ്ത ഫോട്ടോ പ്രസിദ്ധീകരിക്കാൻ നൽകി ഇയാൾ ഒരു പ്രമുഖ പത്രത്തിനെയാണ് കബളിപ്പിച്ചത്. കേരളത്തിന്റ പുറത്തു നടന്ന ഒരുപരിപാടിയിൽഅമിതാഭ് ബച്ചനിൽനിന്നും നന്തി അവാർഡ് ലഭിച്ചുവെന്ന വ്യാജഫോട്ടോയും അടിക്കുറിപ്പുമാണ് ഇയാൾ ചില പ്രമുഖ പത്രങ്ങൾക്ക് നൽകിയത്.

മുതിർന്ന പത്രപ്രവർത്തകരുമായുള്ള ബന്ധമാണ് ഇതിന് സൗകര്യമാക്കിയെടുത്തത്. എന്നാൽ പത്രങ്ങൾ പ്രസിദ്ധീകരിച്ചത് വ്യാജ ഫോട്ടോയാണെന്നു വായനക്കാർകണ്ടെത്തുകയും ഇവർ സോഷ്യൽ മീഡിയയിൽ ഈക്കാര്യം പ്രചരിപ്പിക്കുകയുമായിരുന്നു. വ്യാജ ഫോട്ടോയാണ് ഇഫ്തിക്കർ നൽകിയതെന്നു തെളിഞ്ഞതോടെ കണ്ണൂരിലെ മാധ്യമങ്ങൾ ഇയാളെ അകറ്റി നിർത്തുകയായിരുന്നു. ഒരു തെലുങ്ക് നടന്റെ മുഖം മാറ്റി ഒട്ടിച്ചാണ് തനിക്കു അവാർഡ് ലഭിച്ചുവെന്ന നിലയിൽ ഇയാൾ വാർത്തയുണ്ടാക്കി നൽകിയത്.

ഇതിനിടെസ്ഥിരം സ്വഭാവദൂഷ്യം കാട്ടുന്ന ഇഫ്തിക്കർ അഹമ്മദിന്റെ സർവീസിൽ നിന്നും പുറത്താക്കാൻ കേന്ദ്രസർവകലാശാല തയ്യാറാകണമെന്ന് എസ്. എഫ്. ഐ കാസർകോട് ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സർവകലാശാലയിൽ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ ഇയാളെ തിരിച്ചെടുത്തപ്പോൾ എസ്. എഫ്. ഐ സമരം ചെയ്താണ് സസ്പെൻഷൻ ഉറപ്പാക്കിയത്. എന്നാൽ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചു ഇയാൾ വീണ്ടും ക്യാംപസിൽ തിരിച്ചെത്തി.

കൽസ് മുറിയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നുവെന്ന വ്യാജേനെയാണ് ഇയാൾ പീഡിപ്പിച്ചത്. കൽസ് മുറികളിൽ ലൈംഗിക ചുവയോടെ സംസാരിക്കുന്നതും ലൈംഗിക ഫലിതങ്ങൾ പറയുന്നതും പതിവാണ്. ഇത്തരം വിഷയങ്ങളിൽ പരാതിപ്പെടാൻ പറ്റാത്ത വിധത്തിൽ ഇന്റേണൽ മാർക്ക് സംവിധാനം ഇയാൾ ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്. ഇത്തരം ലൈംഗിക ദാരിദ്ര്യം നേരിടുന്നവരെ പേരിനൊരു അന്വേഷണ കമ്മിഷനെ വെച്ചു തിരിച്ചെടുക്കാനാണ് സർവകലാശാല ശ്രമമെങ്കിൽ എസ്. എഫ്. ഐ ശക്തമായി ചെറുക്കുമെന്ന് ജില്ലാസെക്രട്ടറിയേറ്റ് മുന്നറിയിപ്പു നൽകി.

കണ്ണൂരിലെ അമ്യൂസ്മെന്റ് പാർക്കിൽയുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ റിമാൻഡിലുള്ള കേന്ദ്രസർവകലാശാല അദ്ധ്യാപകൻ ഇഫ്തിക്കർ അഹമ്മദ് മറ്റൊരു വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തി ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് വീണ്ടും കേസിൽ കുടുങ്ങിയത്. കേന്ദ്രസർവകലാശാലയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഉൾപ്പെട്ട ഇയാൾ കഴിഞ്ഞ മൂന്നിനാണ് സസ്പെൻഷൻ അവസാനിച്ചു ക്യാംപസിലെത്തിയത്.

2023- നവംബ 13-ന് കേന്ദ്രസർവകലാശാലയിൽ കൽസിനിടെ ബോധരഹിതയായ ഇംഗൽഷ് ആൻഡ് കംപാരറ്റീവ് സ്റ്റഡി വകുപ്പിലെ വിദ്യാർത്ഥിനിയെ കൃത്രിമ ശ്വാസം നൽകുന്നുവെന്ന പേരിൽ ലൈംഗികാതിക്രമം നടത്തിയ പേരിൽ ഇഫ്തിക്കറിനെതിരെ ബേക്കൽ പൊലിസ് കേസെടുത്തത് ആറുമാസം മുൻപാണ്. എന്നിട്ടും സർവകലാശാല ഉന്നതർ ഇയാളെ സംരക്ഷിക്കുകയായിരുന്നു. കേസിൽ റിമാൻഡിലായി ജാമ്യത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.

ബിജെപി ബന്ധം കാരണമാണ് ഇഫ്തിക്കർ സർവീസിൽ തിരിച്ചെത്തിയതെന്ന ആരോപണം ഉയർന്നിരുന്നു. ഇതുകാരണം മൂന്നുമാസത്തെ സസ്പെൻഷൻ മാത്രമാണ് ഇയാൾക്ക് സർവകലാശാല നൽകിയത്. ഹൊസ്ദുർഗ് താലൂക്കിൽ പ്രവേശിക്കരുതെന്ന ഹൈക്കോടതി വ്യവസ്ഥ നിലനിൽക്കവേ തന്നെ ഇഫ്തിക്കറിന് അതേതാലൂക്ക് പരിധിയിലെ സർവകലാശാല ക്യാംപസിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നര വീണ്ടും സസ്പെൻഡ് ചെയ്യപ്പെട്ട ഇഫ്തിക്കറിനെ മെയ് മൂന്നിന് തരംതാഴ്‌ത്തി തിരിച്ചെടുക്കുകയായിരുന്നു.

അതും ക്രമവിരുദ്ധമായാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഇതിനിടെയാണ് കണ്ണൂരിലെ പുതിയ പീഡനക്കേസ് കൂടി വരുന്നത്. താൻ ബിജെപി സഹയാത്രികനാണെന്നു പറഞ്ഞു രാഷ്ട്രീയസുരക്ഷിതത്വം നേടാനും ഉന്നത ബിജെപി നേതാക്കളുമായി ബന്ധം പുലർത്താനും ഇഫ്തിക്കർ ശ്രമിച്ചിരുന്നു. സംഘ്പരിവാർ അനുകൂല ചാനലിലെ ചർച്ചകളിൽ സാന്നിധ്യമാവാനും ഇയാൾക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിജെപി നേതൃത്വമാണ് ഇഫ്തിക്കറിനെ രക്ഷിച്ചതെന്നആരോപണവും ശക്തമാണ്.

നേരത്തെ തലശേരി ബ്രണ്ണൻ കോളേജിലും കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാകോളേജിലും ഇയാൾക്കെതിരെ സമാനമായ ലൈംഗിക പീഡനപരാതിയുണ്ടായിരുന്നു. ഈ കേസുകൾ അന്വേഷിച്ച കൊളജീയറ്റ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ ഇയാളെവനിതാകോളേജിൽ നിയമിക്കരുതെന്നും പരാമർശിച്ചിട്ടുണ്ട്. ഇതിനിടെയിലാണ് ഇയാൾ കേന്ദ്രസർവകലാശാലയിൽ എത്തുന്നത്.