- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപത് കൊല്ലമായി ബ്രിട്ടണിലെ രാജ കുടുംബത്തിന്റെ കുടുംബ ഡോക്ടര്‍; കാന്‍സറിനുള്ള ആദ്യ ഘട്ട ചികില്‍സയ്ക്ക് കഴിഞ്ഞ് ചാള്‍സ് പറന്നെത്തിയത് ബംഗ്ലൂരുവിലെ മലയാളി ഡോക്ടറിന്റെ അടുത്ത്; രാജാവ് ആയ ശേഷം ആദ്യ ഇന്ത്യന്‍ യാത്ര സൗഖ്യയിലേക്ക്; ഡോ ഐസക് മത്തായിയുടെ 'ഹോളിസ്റ്റിക്' ചികില്‍സ തേടി ബ്രിട്ടീഷ് രാഷ്ട്ര തലവന്‍
ബംഗളൂരു: അര്‍ബുദ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാള്‍സ് രാജാവ് ബെംഗളൂരു വൈറ്റ്ഫീല്‍ഡ് സൗഖ്യ ഹോളിസ്റ്റിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സെന്ററില്‍ എത്തി. രാജാവായതിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മറ്റു പരിപാടികള്‍ ഇല്ല. 30 വരെ ചികിത്സ തേടിയ ശേഷം മടങ്ങും. സ്‌കോട്ലന്‍ഡ് യാര്‍ഡും സെന്‍ട്രല്‍ ഇന്റലിജന്‍സും കര്‍ണാടക പൊലീസും ചേര്‍ന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദര്‍ശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്ഞി ഒരാഴ്ച മുന്‍പു തന്നെ സൗഖ്യയില്‍ എത്തിയിട്ടുണ്ട്.
കാന്‍സര്‍ പോലൊരു മാരകരോഗവുമായി പരസ്യമായി അങ്കംവെട്ടിയ ഒരേയൊരു ബ്രിട്ടീഷ് രാജാവ് എന്ന ഖ്യാതി നേടിയ ചാള്‍സ് രാജാവ് താത്ക്കാലികമായി ചികിത്സ നിര്‍ത്തിയത് ആയുര്‍വേദത്തിന്റെ സുഖം അറിയാനായിരുന്നു. ആസ്ട്രേലിയന്‍ യാത്ര കാരണമാണ് ചികിത്സ നിര്‍ത്തിവയ്ക്കുന്നത് എന്നായിരുന്നു ആദ്യ വന്ന വാര്‍ത്ത. പതിനൊന്ന് ദിവസത്തെ ആസ്ട്രേലിയന്‍ സന്ദര്‍ശനത്തിനായി കാമില രാജ്ഞിക്കൊപ്പമാണ് 75 കാരനായ രാജാവ് പോയത്. ഈ യാത്രയ്ക്കായി, ചാള്‍സിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അനുമതി നല്‍കിക്കഴിഞ്ഞു എന്നാണ് രണ്ടാഴ്ച മുമ്പ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ഇന്ത്യയിലെത്തുകയായിരുന്നു രാജാവിന്റെ ഉദ്ദേശം. രാജാവായ ശേഷം ഇതാദ്യമായാണ് ചാള്‍സ് ഇന്ത്യയിലെത്തുന്നത്.
സൗഖ്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഐസക് മത്തായി നൂറനാല്‍ 20 വര്‍ഷമായി ചാള്‍സിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഉപദേശം നല്‍കി വരുന്നു. ചാള്‍സ് രാജാവും ഭാര്യയും പതിവായി സൗഖ്യയില്‍ ചികിത്സ തേടാറുമുണ്ട്. 2019 നവംബറില്‍ 71-ാം ജന്മദിനം ആഘോഷിക്കാനാണ് ചാള്‍സ് ഇതിനു മുന്‍പ് എത്തിയത്. ചാള്‍സിന്റെ ഭാര്യ നിരന്തരം ബാംഗ്ലൂരുവില്‍ എത്താറുണ്ട്. സൗഖ്യയിലെ സ്ഥിരം സന്ദര്‍ശകരില്‍ ഒരാളാണ് അവര്‍. ലണ്ടനിലെ കൊട്ടാരത്തില്‍ എത്തിയും ഡോ ഐസക് മത്തായി ആരോഗ്യപരമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കാറുണ്ട്. ചാള്‍സിന്റെ കാന്‍സര്‍ ചികില്‍സയ്ക്കിടേയും ഇത്തരത്തില്‍ ഇടപെട്ടിട്ടുണ്ട് ഡോക്ടര്‍. ഇത്തവണത്തേയും പൂര്‍ണ്ണ സ്വകാര്യ സന്ദര്‍ശനമാണ്. 2024 ഫെബ്രുവരിയിലാണ് ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചത്.
പ്രോസ്റ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട് എഴുപത്തിയഞ്ചുകാരനായ ചാള്‍സ് രാജാവ് ചികിത്സ തേടിയിരുന്നു. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഊഹാപോഹങ്ങള്‍ ഇല്ലാതാക്കുന്നതിനും കാന്‍സര്‍ സംബന്ധിച്ച് അവബോധം പകരുന്നതിനുമാണ് രോഗസ്ഥിരീകരണം പങ്കുവെക്കാന്‍ ചാള്‍സ് രാജാവ് തീരുമാനിച്ചത്. അന്ന് തന്നെ ആദ്യ ഘട്ട ചികില്‍സ കഴിഞ്ഞാല്‍ ബംഗ്ലൂരുവിലെത്തി തുടര്‍ ചികില്‍സാ പദ്ധതികള്‍ ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഡോ ഐസക് മത്തായിയുടെ സ്ഥാപനത്തില്‍ രാജാവ് എത്തിയത്. ചാള്‍സ് രാജാവിന്റെയും ഭാര്യയുടെയും ഏറ്റവും പ്രിയപ്പെട്ട ഡോക്ടറാണ് ഡോ. ഐസക് മത്തായി നൂറനാല്‍. ചാള്‍സ് മൂന്നാമന്റെ കുടുംബവുമായുളള ഇരുപത് വര്‍ഷത്തെ അടുപ്പം ഡോക്ടര്‍ക്കുണ്ട്.
ചാള്‍സിന്റെ കിരീട ധാരണ ചടങ്ങിലും ഡോക്ടര്‍ പങ്കെടുത്തിയിരുന്നു. കുടുംബവുമായുള്ള അടുപ്പം തന്നെയാണ് ലോകനേതാക്കള്‍ക്കും അതിവിശിഷ്ട വ്യക്തികള്‍ക്കും മാത്രം ലഭിക്കുന്ന ഈ ക്ഷണക്കത്ത് കിട്ടാന്‍ കാരണമായത്. ബംഗളൂരുവിലെ സൗഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലെ ഡോക്ടറാണ് ഐസക് മത്തായി നൂറനാല്‍. ഇവിടുത്തെ പതിവ് അതിഥിയാണ് കാമില. 2010 ലാണ് കാമില ഇവിടെ ആദ്യം എത്തുന്നത്. ഹോമിയോ, ആയുര്‍വേദം തുടങ്ങിയ ചികില്‍സാ രീതികളെ ഇഷ്ടപ്പെടുന്ന ചാള്‍സ് രാജകുമാരന്‍ 2019 ല്‍ സൗഖ്യയിലെത്തി. അന്ന് പിറന്നാള്‍ ആഘോഷിച്ചതും സൗഖ്യയില്‍ വച്ചു തന്നെയായിരുന്നു.
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ് ഡോ ഐസക് മത്തായി. മാതാവ് അന്നമ്മ മത്തായി ഹോമിയോ ഡോക്ടറായിരുന്നു. എ.എന്‍.എസ്.എസ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. പിന്നീടാണ് ലണ്ടനില്‍ നിന്ന് എം.ഡിയും എം.ആര്‍.സി.എച്ചും നേടിയത്. ഏറ്റവും ജനകീയമായ ഹോമിയോപ്പതി-ആയുര്‍വേദ ക്ളിനിക്കുകള്‍ കേരളത്തിലാണുള്ളത്. ആരോഗ്യപരിരക്ഷാ രംഗത്ത് അലോപ്പതി മാത്രമല്ല ആയുര്‍വേദവും ഹോമിയോപ്പതിയും വളരെയധികം സംഭാവന ചെയ്യുന്നുണ്ട്. ഏറ്റവും പഴയ ആയുര്‍വേദ ഹോസ്പിറ്റല്‍ കേരളത്തിലാണുള്ളത്. മികച്ച ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളിലൊന്ന് കോട്ടയത്ത് കുറിച്ചിയിലാണ്. ഈ പാമ്പര്യത്തിലെ ചിന്തയാണ് സംയോജിത രീതിക്ക് ഐസക് മത്തായിയെ പ്രേരിപ്പിച്ചത്. അത് ലോക നിലവാരത്തിലേക്കുള്ള സ്ഥാപനത്തിന്റെ വളര്‍ച്ചയുമായി.
1997ലാണ് ബാംഗ്ളൂരില്‍ ഇതിനായി ഭൂമിയേറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍, സന്ധിവാതം, കുടല്‍സംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, പ്രതിരോധസംവിധാനത്തെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം ചികിത്സയുണ്ട്.