തൊടുപുഴ: കാരിക്കോട്ടുള്ള ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയർ കൺസൾട്ടന്റിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത് തന്ത്രപരമായി. ഗർഭപാത്രം നീക്കംചെയ്ത യുവതിക്ക് തുടർചികിത്സ നൽകുന്നതിന് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പാലക്കുഴ അർച്ചന ഭവനിൽ ഡോ. മായാ രാജ്(38) ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിൽനിന്ന് 3500 രൂപ വാങ്ങുന്നതിനിടെ ഇവരെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

വഴിത്തല ഇരുട്ടുതോട് സ്വദേശിയുടെ ഭാര്യയെ ചികിത്സിക്കുന്നതിനാണ് പണം ആവശ്യപ്പെട്ടത്. ഡോക്ടറുടെ പാലക്കുഴയിലുള്ള വീട്ടിലെത്തിയാണ് ഇവർ ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയയ്ക്കുള്ള ഫീസെന്ന പേരിൽ 500 രൂപ വാങ്ങി. തുടർന്ന് 19-ന് ജില്ലാ ആശുപത്രിയിൽ ഗർഭപാത്രം നീക്കി. വിജിലൻസ് ഡിവൈ.എസ്‌പി. ഷാജു ജോസ്, സിഐ.മാരായ ഡിപ്സൺ തോമസ്, മഹേഷ് പിള്ള, കെ.ആർ.കിരൺ, ഉദ്യോഗസ്ഥരായ കെ.ജി.സഞ്ജയ്, സ്റ്റാൻലി തോമസ്, ഷാജി കുമാർ, സനൽ ചക്രപാണി, കെ.എൻ.സന്തോഷ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഡോക്ടറിന്റെ പാലക്കുഴയിലുള്ള വീട്ടിലെത്തിയാണ് ഇവർ ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയയ്ക്കുള്ള ഫീസെന്ന പേരിൽ 500 രൂപ വാങ്ങി. തുടർന്ന് 19 ന് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കം ചെയ്തു. തുടർചികിത്സ നൽകണമെങ്കിൽ 5000 രൂപ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഇതോടെയാണ് യുവതിയുടെ ഭർത്താവ് വിജിലൻസിനെ സമീപിച്ചത്.

ഇന്നലെ വൈകുന്നേരം വിജിലൻസ് നൽകിയ 3500 രൂപ പരാതിക്കാരൻ ഡോക്ടറുടെ വീട്ടിൽ എത്തിച്ചു. ഇതു വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടുന്നത്. ഇവരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.