- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ ഇഷ്ട വിസിയെ നിയമിക്കാന്‍ പിണറായി സര്‍ക്കാര്‍ ആയുധമാക്കിയത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം; സര്‍ക്കാര്‍ 'ഇടപെടല്‍' സുപ്രീംകോടതി തള്ളിയപ്പോള്‍ ആ നീക്കം പൊളിഞ്ഞു; ഡോ മോഹന്‍ കുന്നുമ്മലിനെ വീണ്ടും രാജ്ഭവന്‍ വിസിയാക്കിയത് ആ പഴയ വജ്രായുധത്തില്‍
തിരുവനന്തപുരം: ഡോ. മോഹനന്‍ കുന്നമ്മലിന് ആരോഗ്യസര്‍വകലാശാലാ വി.സി.യായി പുനര്‍നിയമനം നല്‍കുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപയോഗിച്ചത് പിണറായി സര്‍ക്കാരിന്റെ ആ പഴയ വജ്രായുധം. പുനര്‍നിയമനത്തില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ നല്‍കിയ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമാണ് ഗവര്‍ണ്ണര്‍ നിയമനത്തിന് ആധാരമാക്കിയത്. ആരോഗ്യസര്‍വകലാശാലയില്‍ പുതിയ വി.സി.യെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ച് രാജ്ഭവന്‍ പുറപ്പെടുവിച്ച വിജ്ഞാപനവും ഗവര്‍ണര്‍ പിന്‍വലിച്ചു. സെര്‍ച്ച് കമ്മിറ്റിയുടെ രൂപവത്കരണ ഉത്തരവ്, സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലൂടെ ഹൈക്കോടതി തടഞ്ഞിരുന്നു. ഈ സാഹചര്യവും ഗവര്‍ണ്ണറുടെ പുതിയ നീക്കത്തിന് കരുത്തായി. അങ്ങനെ എല്ലാം കൊണ്ടും ഗവര്‍ണ്ണര്‍ക്കെതിരെ പിണറായി സര്‍ക്കാരെടുത്ത അടവുകള്‍ തിരിച്ചടിയായി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇഷ്ട വി.സി. യായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കാന്‍ മുന്‍പ് സര്‍ക്കാര്‍ പയറ്റിയതന്ത്രമാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. മോഹന്‍ കുന്നുമ്മല്‍ ആരോഗ്യസര്‍വകലാശാല വി.സി.യായി ഞായറാഴ്ച കാലാവധി പൂര്‍ത്തിയാക്കാനിരിക്കുകയായിരുന്നു. അഞ്ചുവര്‍ഷത്തേക്കാണ് സ്ഥിരം വി.സി.യായുള്ള പുനര്‍നിയമനം. ആരോഗ്യസര്‍വകലാശാലയില്‍ 2019 ഒക്ടോബര്‍ മുതല്‍ അഞ്ചുവര്‍ഷത്തെ കാര്യക്ഷമമായ നേതൃത്വവും 'കേരള'യിലെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനമികവും ഡോ. മോഹനന്‍ കുന്നുമ്മലിന് അനുകൂലമായി. അതായത് ഇനിയും അഞ്ചു കൊല്ലം വിസിയായി തുടരാം. ഇതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം വിസിയായി വ്യക്തിയായും മോഹന്‍ കുന്നുമ്മല്‍ മാറും.
സംസ്ഥാനത്ത് പുനര്‍നിയമനം ലഭിക്കുന്ന രണ്ടാമത്തെ വി.സി.യാണ് ഡോ. മോഹനന്‍ കുന്നുമ്മല്‍. ഡോ. ഗോപിനാഥ് രവീന്ദ്രനാണ് ആദ്യത്തെയാള്‍. ഗോപിനാഥിന്റെ നിയമനം ഹൈക്കോടതി ശരിവെച്ചെങ്കിലും സര്‍ക്കാര്‍ ഇടപെട്ടെന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ നിയമനം സുപ്രീംകോടതി അസാധുവാക്കി. അതുകൊണ്ട് തന്നെ മോഹന്‍ കുന്നുമ്മലിന്റെ നിയമനത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് ഉന്നയിക്കാനാകില്ല. ജനാധിപത്യ സര്‍ക്കാരിനെ അവഹേളിച്ചുവെന്ന പരസ്യ പ്രസ്താവനകളില്‍ അമര്‍ഷം ഒതുക്കേണ്ടി വരും. ഏറെ കരുതലോടെയാണ് ഈ വിഷയത്തില്‍ രാജ്ഭവനും ഗവര്‍ണ്ണറും നീങ്ങിയത്.
മുന്‍പ് ഇടതുപക്ഷ സഹയാത്രികനായിരുന്നു ഡോ. മോഹനന്‍ കുന്നുമ്മല്‍. കേന്ദ്രസര്‍ക്കാരുമായും ബി.ജെ.പി.യുമായും ഏറെ അടുപ്പം ഇപ്പോള്‍ മോഹന്‍ കുന്നുമ്മലിനുണ്ട്. അയോധ്യാ ക്ഷേത്ര പ്രതിഷ്ഠാവാര്‍ഷികത്തില്‍ അടക്കം ക്ഷണം കിട്ടിയ വ്യക്തിയാണ് മോഹന്‍ കുന്നുമ്മല്‍. കേരള സര്‍വ്വകലാശാലയിലെ പല തീരുമാനങ്ങളും സര്‍ക്കാരിന് എതിരായിരുന്നു. സര്‍ക്കാരുമായി ചേര്‍ന്ന് നില്‍ക്കുന്ന പലര്‍ക്കും ജോലി രാജിവയ്‌ക്കേണ്ട സാഹചര്യം പോലും മോഹന്‍ കുന്നുമ്മലിന്റെ നിലപാടിലൂടെ ഉണ്ടായി. അതുകൊണ്ട് തന്നെ കേരള സര്‍വ്വകലാശാലയെ മോഹന്‍ കുന്നുമ്മല്‍ നയിക്കുന്നത് സിപിഎമ്മിന് തീരെ താല്‍പ്പര്യമില്ല. കേരളയില്‍ ആദ്യമായി രണ്ട് ബി.ജെ.പി. സിന്‍ഡിക്കേറ്റംഗങ്ങള്‍ വന്നത് ഇദ്ദേഹം വി.സി.യായിരിക്കുമ്പോഴാണ്.
ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തി ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. മോഹനന്‍ കുന്നുമ്മലിനെ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ചട്ടവിരുദ്ധമായി പുനര്‍നിയമിച്ചുവെന്നാണ് സിപിഎം വാദം. വിസി നിയമനത്തിന് ഗവര്‍ണര്‍ തയ്യാറാക്കിയ സെര്‍ച്ച് കമ്മിറ്റി വിജ്ഞാപനമടക്കം പിന്‍വലിച്ചാണ് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പുതിയ ഉത്തരവ്. സംസ്ഥാനത്തിന്റെ കീഴിലുള്ളതും സര്‍ക്കാര്‍ ഫണ്ടുനല്‍കുന്നതുമായ സര്‍വകലാശാലകളിലെ നിയമനം നടത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കണമെന്ന നിയമപരമായ ബാധ്യതയോ ജനാധിപത്യ മര്യാദയോ ഗവര്‍ണര്‍ പാലിച്ചില്ലെന്നും സിപിഎം പറയുന്നു.
പുനര്‍നിയമനങ്ങള്‍ക്കെതിരെ ചന്ദ്രഹാസമിളക്കിയ ഗവര്‍ണര്‍ തന്റെ ഇംഗിതം നടപ്പാക്കുന്ന സംഘപരിവാര്‍ ഏജന്റിന്റെ കാര്യത്തില്‍ പഴയതെല്ലാം വിഴുങ്ങിയെന്നാണ് സിപിഎം ആക്ഷേപം. ആര്‍എസ്എസ് വേദിയിലെ സ്ഥിരം സന്നിധ്യമാണെന്നതാണ് മോഹനന്‍ കുന്നുമ്മലിനുള്ള യോഗ്യതയായി ഗവര്‍ണര്‍ കാണുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. 2019ല്‍ മൂന്നുപേരുടെ പാനലില്‍ നിന്ന് യുജിസി പ്രതിനിധിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു മോഹനന്‍ കുന്നുമ്മലിനെ വിസിയായി ഗവര്‍ണര്‍ നിയമിച്ചത്. ഡോ. പ്രവീണ്‍ലാല്‍ കുറ്റിച്ചിറ, ഡോ. വി രാമന്‍കുട്ടി എന്നിവരുടെ താഴെ പട്ടികയില്‍ മൂന്നാമതായിരുന്നു കുന്നുമ്മല്‍ എന്നും സിപിഎം ആക്ഷേപം ഉന്നയിക്കുന്നു. ഏറ്റവും കുറഞ്ഞ യോഗ്യതയുള്ളയാളിനെ നിയമിച്ചുവെന്ന് കാണിച്ച് ഡോ. പ്രവീണ്‍ലാല്‍ കോടതിയെ സമീപിച്ചിരുന്നു.
ഈ മാസം വിരമിക്കാനിരിക്കെയാണ് മോഹനന്‍ കുന്നുമ്മലിന് അഞ്ച് വര്‍ഷത്തേക്കുകൂടി കാലാവധി നീട്ടി ഗവര്‍ണര്‍ ഉത്തരവിറക്കിയത്. 70 വയസ് വരെ പദവിയില്‍ തുടരാമെന്ന് ഉത്തരവില്‍ പറയുന്നു. കണ്ണൂര്‍ സ്വദേശിയായ മോഹനന്‍ കുന്നുമ്മല്‍, പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗം മേധാവിയായിരുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ദീര്‍ഘകാലം റേഡിയോ ഡയഗ്‌നോസിസില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം 2016ല്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിങ് അസോസിയേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികള്‍ വഹിച്ചു.