- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിൽ അറിയപ്പെടുന്നത് 'ജൂനിയർ ശശി തരൂർ' എന്ന് ഓമനപ്പരിൽ; ഡോക്ടർ കുപ്പായത്തിൽ നിന്നും ആദ്യം സിവിൽ സർവീസിൽ; സിവിൽ സർവ്വീസ് ഉപേക്ഷിച്ച് നേരെ എത്തിയത് രാഹുൽ ബ്രിഗേഡിൽ; അനിൽ ആന്റണിക്ക് പകരം കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറാകുന്നത് ഡോ.പി.സരിൻ
തിരുവനന്തപുരം: ഡോ. പി സരിൻ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറാകും. അനിൽ ആന്റണി രാജിവച്ച ഒഴിവിലേക്കാണ് നിയമനം. മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി രാജിവച്ചത്. മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകനായ അനിൽ കെ ആന്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോൺഗ്രസിൽ വൻ വിവാദമായിരുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളിൽ അനിലിനെതിരെ രൂക്ഷമായ വിമർശനം ഉയർന്ന സാഹചര്യത്തിലായിരുന്നു രാജി.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനവും, എഐസിസി സോഷ്യൽ മീഡിയ നാഷണൽ കോഡിനേറ്റർ സ്ഥാനവും വഹിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പെന്നും അനിൽ പറഞ്ഞിരുന്നു.
സിവിൽ സർവീസിൽ നിന്നും രാജിവെച്ച് രാഷ്ട്രീയത്തിൽ എത്തിയ ആളാണ് സരിൻ. ഭാര്യ സൗമ്യയും ഡോക്ടർ ആണ്. രാഹുൽ ഗാന്ധിയുടെ ടീമിലേക്കാണ് സരിൻ വന്നു ജോയിൻ ചെയ്യുന്നത്. ഇതോടെ കോൺഗ്രസ് ഗവേഷണ വിഭാഗം കോർഡിനേറ്റർ പദവി സരിനെ തേടിയെത്തിയത്. പിന്നീട് കേരളത്തിലേക്ക് തട്ടകം മാറ്റി. ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയുമായി.
സിവിൽ സർവീസിൽനിന്നു വിരമിച്ച ശേഷം രാഷ്ട്രീയ രംഗത്തെത്തിയവർ പലരുമുണ്ട്. പക്ഷേ, സിവിൽ സർവീസ് ഉപേക്ഷിച്ചു പൊതുപ്രവർത്തനത്തിന് ഇറങ്ങിയവർ അപൂർവം. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ (ഐഎഎഎസ്) ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിലിരിക്കെയാണ് ഡോ. സരിൻ സിവിൽ സർവീസ് ഉപേക്ഷിച്ചു പൊതുപ്രവർത്തകനായത്. തിരുവില്വാമല പകവത്ത് കുടുംബാംഗമാണ് മുപ്പത്തിയേഴുകാരനായ സരിൻ. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു ബിരുദപഠനം പൂർത്തിയാക്കിയതിനു പിന്നാലെയാണു സിവിൽ സർവീസ് പരീക്ഷയിൽ 555ാം റാങ്ക് നേടി ഐഎഎഎസ് ഉദ്യോഗസ്ഥനായത്. ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി തിരുവനന്തപുരത്തായിരുന്നു ആദ്യനിയമനം. സിവിൽ സർവീസ് ഉപേക്ഷിച്ച ശേഷം ഒറ്റപ്പാലത്തു താമസമാക്കി.
സരിൻ സിവിൽ സർവീസ് വിട്ട സമയത്ത് ആദ്യം താൻ സമ്മതിക്കാൻ തയാറായിരുന്നില്ലെന്ന് ഡോ. സൗമ്യ പറയുന്നു. ഒറ്റപ്പാലത്തേക്കു തിരികെ വരുമ്പോൾ എല്ലാം ഒന്നിൽ നിന്നു തുടങ്ങണമായിരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ പലപ്പോഴും സരിൻ അനുഭവിച്ച സങ്കടത്തിനു മുന്നിൽ കരഞ്ഞിട്ടുണ്ട്. നമുക്കിതു വേണോയെന്നു വരെ ചോദിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം സരിൻ പറഞ്ഞത്, ഇപ്പോഴത്തെ ഓരോ നിമിഷവും സന്തോഷം നൽകുന്നുണ്ടെന്നായിരുന്നു. ആഗ്രഹിച്ചതു ചെയ്യാൻ സാധിക്കുന്നു, ജനങ്ങൾക്കൊപ്പം നിൽക്കാനാകുന്നു, അവർക്കു വേണ്ടി സ്ഥാനങ്ങളൊന്നുമില്ലെങ്കിലും പ്രവർത്തിക്കാനാകുന്നു. ആ തീരുമാനത്തിനൊപ്പം നിൽക്കുന്നതിൽ തനിക്കും സന്തോഷമേയുള്ളൂവെന്നും സൗമ്യ വ്യക്തമാക്കുന്നു.
വീട്ടുകാരുടെ എതിർപ്പിനെയെല്ലാം അവഗണിച്ചായിരുന്നു 2016ലെ രാഷ്ട്രീയപ്രവേശം. കോൺഗ്രസിനകത്ത് 'ജൂനിയർ ശശി തരൂർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ 36കാരൻ. പാലക്കാട് ജില്ലയിലെ അറിയപ്പെടുന്ന പീഡിയാട്രീഷ്യനാണ് ഡോ.സൗമ്യ സരിൻ. 2018ൽ പീഡിയാട്രിക്‌സിൽ രാഷ്ട്രപതിയുടെ അവാർഡും നേടിയിട്ടുണ്ട്. പെട്ടെന്ന് ഉണ്ടായ തോന്നലിന്റെ അടിസ്ഥാനത്തിലൊന്നുമല്ല സിവിൽ സർവ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയപ്രവർത്തനത്തിന് എത്തിയത് എന്ന് സരിൻ പറയുന്നു.
2001-07 കാലത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിച്ചിരുന്ന അദ്ദേഹം കോളജ് യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. നേതൃത്വത്തിൽ നിയമിതനായെങ്കിലും സമീപകാലത്ത് യൂത്ത് കോൺഗ്രസ് സമരത്തിനിടയിൽ പാലക്കാട്ട് ലാത്തിച്ചാർജ്ജിന് വിധേയനായതോടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. യൂത്ത് കോൺഗ്രസ് സമരത്തിനു നേരെ നടന്ന ലാത്തിച്ചാർജ്ജിൽ ഒരു സഹപ്രവർത്തകനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് സരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതും തലങ്ങുംവിലങ്ങും അടിയേറ്റിട്ടും ഒരടിപോലും ഓടാതെ പതറാതെ നിലയുറപ്പിച്ചതുമായ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ