കൊൽക്കത്ത: ''ഡോ. പി ജി ആറും വിശാലമായ മൈതാനവുമുണ്ടെങ്കിൽ എവിടെയും മെഡിക്കൽ കോളജ് തുടങ്ങാം'' എന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ഡോ പിജി രാമകൃഷ്ണനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. അത്ഭുത മനുഷ്യൻ, തളരാത്ത കർമയോഗി, അപൂർവ പ്രതിഭാസം, സൂപ്പർ കംപ്യൂട്ടർ, ഡോക്ടർമാരുടെ ബ്രഹ്‌മാവ്, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പെരുന്തച്ചൻ, പ്രസ്ഥാനമായി മാറിയ ആൾ ഈ ഡോക്ടറെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്നതാണ് വസ്തുത. പത്തിലേറെ ആരോഗ്യ സ്ഥാപനങ്ങളുടെ സൃഷ്ടാവ്, നൂറിലേറെ സേവന മേഖലകൾ-അങ്ങനെ വിശേഷണങ്ങൾ പലതുണ്ട്. ഈ ഡോക്ടർ ഇനി ബംഗളാളിലും ആരോഗ്യത്തെ പുഷ്ടിപ്പെടുത്താൻ മുന്നിലുണ്ടാകും. ഗവർണ്ണർ ഡോ സിവി ആനന്ദബോസിന്റെ ദീർഘവീക്ഷണമാണ് മലയാളി ഡോക്ടറെ കൊൽക്കത്തയിലെത്തിക്കുന്നത്.

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലയ്ക്കുമ്പോഴും കേരളത്തിന്റെ ആരോഗ്യരംഗം വലിയ ഭീഷണിയില്ലാതെ മുന്നോട്ട് പോയി എന്നതാണ് യാഥാർത്ഥ്യം. ഇതിന് പിന്നിൽ ചിലരുടെ കഠിനാധ്വാനമുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ പ്രൊഫസറും സൂപ്രണ്ടുമായിരുന്നു ഡോ പി ജി ആർ പിള്ള. കോഓപ്പറേറ്റീവ് സെക്ടറിൽ രാജ്യത്തെ ആദ്യത്തെ മെഡിക്കൽ കോളേജ് പരിയാരത്ത് പണിതുയർത്തുന്നത് ഈ ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു. എല്ലാ ജില്ലയിലും ഓരോ മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിനു സ്‌പെഷ്യൽ ഓഫീസറായി ചുക്കാൻ പിടിച്ചത് പിജിആർ ആയിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പ്രോജക്റ്റ് സമർപ്പിച്ചതും ഇ.എസ്‌ഐ കോർപറേഷനിൽ നിന്ന് സംസ്ഥാന സർക്കാരിലേക്ക് മാറ്റിയെടുത്തതും പിജിആർ.

കേരളം ഇന്ന് തല ഉയർത്തുന്നത് പിജിആറിനെ പോലുള്ളവരുടെ കഠിനാധ്വാനത്തിന്റെ, അവരൊഴുക്കിയ വിയർപ്പിന്റെ, അവരുടെ ചിന്തകളുടെ പുറത്താണ്. ചെങ്ങന്നൂരും മാന്നാറിലും കുടുംബവേരുള്ള പി ജി ആർ എന്ന ഡോ. പി. ജി. രാമകൃഷ്ണപിള്ള. കൊൽക്കത്തിയിലേക്കും ഈ മികവ് എത്തുകയാണ്. ബംഗാൾ ഗവർണ്ണർ സിവി ആനന്ദബോാണ് ഡോക്ടറെ ബംഗാളിന്റെ ആരോഗ്യ കരുതലിന്റെ ഭാഗമാക്കുന്നത്. ഡോക്ടറിന് ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകൾ മാനിച്ച് ഗവർണ്ണർ പുരസ്‌കാരം നൽകി. ഇതിനൊപ്പം ബംഗാളിലെ ആരോഗ്യ വിദഗ്ദ്ധർക്ക് മാർഗ്ഗ നിർദ്ദേശം നൽകാനും പിജി രാമകൃഷ്ണൻ പിള്ളയുണ്ടാകും. ചികിൽസകൻ എന്നതിന് അപ്പുറത്തേക്ക് സംഘാടനത്തിലും പൊതു ജനാരോഗ്യ പ്രവർത്തനത്തിലുമെല്ലാം മികവ് പുലർത്തിയ ഡോക്ടറിലൂടെ ബംഗാളിലെ ആരോഗ്യ രംഗത്തെ പിടിച്ചുയർത്താനാണ് ഗവർണ്ണറുടെ ശ്രമം.

രോഗത്തെ ഭേദമാക്കാൻ മരുന്നുകൾക്ക് കഴിയും. എന്നാൽ രോഗികളെ ആരോഗ്യത്തിലേക്ക് കൊണ്ടു വരാൻ ഡോക്ടർക്കേ കഴിയൂ. സാധാരാണക്കാരന്റെ ആരോഗ്യം ഉറപ്പാക്കാൻ നല്ല ഡോക്ടർമാരെ വളർത്തിയെടുക്കേണ്ടതുണ്ട്. ബംഗാളിലെ ആരോഗ്യ മേഖലയ്ക്ക് വരും കാലത്ത് മാർഗ്ഗദർശിയായി പിജി ആർ ഉണ്ടാകണമെന്നാണ് ഗവർണ്ണറുടെ ആഗ്രഹം. സംസ്ഥാനത്തെ ഡോക്ടർമാരുമായി പിജിആർ ആശയ വിനിമയം നടത്തും. ഇതിലൂടെ പുതിയൊരു ആരോഗ്യ നയം സംസ്ഥാനത്ത് രൂപപ്പെടുമെന്നാണ് ഗവർണ്ണറുടെ പ്രതീക്ഷ. മുഖ്യമന്ത്രി മമതാ ബാനർജിയുമായി അടുത്ത ബന്ധമാണ് ഗവർണ്ണർക്കുള്ളത്. അതുകൊണ്ട് തന്നെ ഏറ്റുമുട്ടലില്ലാതെ പിജിആറിന്റെ ആശയങ്ങൾ ബംഗാളിലും പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷ. ബംഗാളിന്റെ മനസ്സിൽ ഇടം പിടിച്ച ആനന്ദബോസ് പുതിയ നീക്കങ്ങളിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിൽ മാറ്റങ്ങൾക്കാണ് ശ്രമിക്കുന്നത്.

വിവാദങ്ങൾക്ക് അപ്പുറം ബംഗാൾ സർക്കാരുമായി ചേർന്ന് നിൽക്കാനാണ് ആനന്ദബോസിന് താൽപ്പര്യം. ഈ സന്ദേശമാണ് ആരോഗ്യ മേഖലയെ ഉടച്ചു വാർത്ത മെച്ചപ്പെട്ട സംവിധാനങ്ങൾ സൃഷ്ടിക്കുക എന്ന ആശയത്തിന് പിന്നിലും. ആലപ്പുഴ ജില്ലയിലെ മാന്നാർ മുല്ലശ്ശേരി വീട്ടിൽ 1940 ഏപ്രിലിൽ ജനിച്ച പിച്ചനാട്ട് ഗോപാലപിള്ള രാമകൃഷ്ണപിള്ള തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് 1963ബ്ദൽ എംബിബിഎസ് പാസ്സാകുമ്പോൾ കോളജ് യൂണിയൻ സെക്രട്ടറിയായിരുന്നു. 67 ൽ സർജറിയിൽ എംഎസ് പാസ്സായത് ലേ ഡി ടാറ്റാ ഫെലോഷിപ്പ് നേടിയാണ്. 1963 മുതൽ ഗവൺമെന്റ് സർവീസിൽ പ്രവേശിച്ചെങ്കിലും എംഎസ് പഠനത്തിന്റെ ഇടവേള കഴിഞ്ഞ് 1967 ൽ കോട്ടയം മെഡിക്കൽ കോളജിൽ തുടങ്ങിയ സേവനം 27 വർഷം നീണ്ടുനിന്ന് റെക്കോർഡിട്ടു (ഒരു ആരോഗ്യ സ്ഥാപനത്തിൽ 27 വർഷം തുടർച്ചയായി).

ഇതിനിടയിൽ ശസ്ത്രക്രിയാ വിഭാഗം മേധാവി, തൈറോയ്ഡ് ചികിത്സാ വിദഗ്ധൻ, ട്രോമാകെയർ വിഭാഗ സ്ഥാപകൻ, പൊതുജന പങ്കാളിത്ത കാൻസർ വാർഡിന്റെ ഉപജ്ഞാതാവ്, ആശുപത്രിയിൽ പൊതിച്ചോറും പുകവലിയും ആദ്യമായി നിരോധിച്ച ഭരണകർത്താവ്, കുറുക്കൻ കുന്നിനെ ഗാന്ധിനഗർ എന്ന ടൗൺഷിപ്പാക്കിയ ദീർഘദർശി എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങൾ ഡോക്ടർ നേടി ക്കഴിഞ്ഞു. ബസ് സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന ആർപ്പൂക്കര വഴി ഇന്ന് ഇന്റർസ്റ്റേറ്റ് ബസുകൾ ഓടുന്നതിൽ പോലും ഡോക്ടർക്ക് പങ്കുണ്ട്.

ലയൺസ് ക്ലബ്, ജൂനിയർ ചേംബർ, എൻഎസ്എസ്, കാൻസർ കെയർ സൊസൈറ്റി, ഭാരതീയ വിദ്യാഭവൻ എന്നിങ്ങനെ ഡോക്ടർ കൈവയ്ക്കാത്ത മേഖലകളില്ല. ഈ അനുഭവ സമ്പത്ത് ബംഗാളിന് കൂടി കരുത്താക്കാനാണ് ഗവർണ്ണർ ആനന്ദബോസിന്റെ നീക്കം.