തിരുവനന്തപുരം :കേരളാ യൂണിവേഴ്‌സിറ്റി അധ്യാപക സംഘടന നേതാവും, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ: എസ്. നസീബിനെ അസോസിയേറ്റ് പ്രഫസറാക്കാനുള്ള നീക്കത്തിന് തിരിച്ചടി. ഈ ശുപാര്‍ അംഗീകരിക്കില്ലെന്ന് വൈസ് ചാനസലര്‍ ഡോ മോഹനന്‍കുന്നുമ്മല്‍ സിന്‍ഡിക്കേറ്റിനെ അറിയിച്ചു. ഇക്കാര്യത്തിലെ എതിര്പ്പ് ഗവര്‍ണ്ണറെ അറിയിക്കുമെന്നും വിശദീകരിച്ചു. ഇതോടെ കേരള സര്‍വ്വകലാശാലയിലെ സിപിഎം-വിസി പോര് പുതിയ തലത്തിലെത്തും. യുജിസി ചട്ടങ്ങള്‍ മറികടന്ന് അസോസിയേറ്റ് പ്രൊഫസറായി പ്രമോഷന്‍ നല്‍കാനാകില്ലെന്നാണ് വിസിയുടെ നിലപാട്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് 'കണ്ണൂരി'ല്‍ അസോസിയേറ്റ് പ്രൊഫസ്സര്‍ നിയമനത്തിന് കരാര്‍ നിയമനം കൂടി പരിഗണിക്കാന്‍ ശ്രമിച്ചതിന് സമാ നമായി, 1997 ല്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഒന്നര വര്‍ഷക്കാലത്തെ കരാര്‍ അടിസ്ഥാനത്തിലുള്ള അധ്യാപന പരിചയം കൂടി കണക്കിലെടുത്ത് അസോസിയേറ്റ് പ്രൊഫസ്സര്‍ ആയി പ്രൊമോഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യൂണിവേഴ്‌സിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചത്. അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളത്തിന് തത്തു ല്യമായ ശമ്പളത്തിലുള്ള താല്‍ക്കാലിക നിയമനങ്ങള്‍ മാത്രമേ അസോസിയേറ്റ് പ്രൊഫസര്‍ പ്രമോഷന് പരിഗണിക്കാന്‍ പാടുള്ളൂ എന്നാണ് 2018 ലെ യുജിസി ചട്ടം. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം സംബന്ധിച്ച ഹര്‍ജ്ജിയിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ലക്ചററുടെ നിശ്ചിത ശമ്പളത്തിന്റെ പകുതി 4000 രൂപയാണ് നസീബ് പ്രതിമാസ ശമ്പളമായി '97-98 ല്‍ കൈപ്പറ്റിയിരുന്നതെന്നാണ് ആരോപണം. യു.ജി.സി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസ്സറായുള്ള നിയമന അപേക്ഷ വിസി പരിഗണിക്കുന്നതിന് മുന്‍പ് യൂണിവേഴ്‌സിറ്റിയുടെ ഇന്റേണല്‍ ക്വാളിറ്റ് അഷുറന്‍സ് സെല്‍ ഡയറക്ടര്‍ അംഗീകരിക്കേണ്ടതായുണ്ട്. മുന്‍ ഡയറക്ടര്‍ നസീബിന്റെ അപേക്ഷയില്‍ ഒപ്പ് വയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്, അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുള്ള പ്രൊഫസ്സര്‍, പ്രൊമോഷന്‍ അംഗീകരിക്കാന്‍ ശുപാര്‍ശ ചെയ്ത ഫയല്‍ വിസിക്ക് നല്‍കി. ഇത് സിന്‍ഡിക്കേറ്റ് അംഗവുമായി. അദ്ധ്യാപക നേതാവിനോടൊപ്പം സര്‍വീസില്‍ പ്രവേശിച്ചവര്‍ പ്രമോഷന് പരിഗണിക്കാനുള്ള അര്‍ഹത നേടാതിരിക്കുമ്പോഴാണ് ഈ കുറുക്കു വഴിനീക്കം.

അസിസ്റ്റന്റ് പ്രൊഫസ്സറായി 12 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയായാല്‍ മാത്രമേ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്ക് അര്‍ഹത നേടുകയുള്ളു. 97- 98 വര്‍ഷം സംസ്‌കൃത സര്‍വകലാശാലയില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിന് തയ്യാറാക്കിയ 45 പേരുടെ പട്ടികയില്‍ 38-മത് റാങ്കില്‍ നിയമിതനായ ഒന്നര വര്‍ഷം കാലയളവാണ് 26 വര്‍ഷം കഴിഞ്ഞ് അസോസിയേറ്റ് പ്രൊഫസ്സര്‍ പ്രൊമോഷന് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൊഫസ്സര്‍ -ഹയര്‍ ഗ്രേഡ് അനുവദിച്ചപ്പോള്‍ താല്‍ക്കാലിക കരാര്‍ നിയമന കാലയളവ് പരിഗണിച്ചിരുന്നില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ കരാര്‍ അടിസ്ഥാനത്തിലെ നിയമന കാലാവധി പരിഗണിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ വ്യക്തമാക്കിയട്ടുണ്ട്.

ഈ കോടതി വിധി മറികടന്ന് മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന് കരാര്‍ കാലാവധി കൂടി പരിഗണിക്കാനുള്ള യൂണിവേഴ്‌സിറ്റി ഐക്യുഎസി ഡയറക്ടറുടെ നിര്‍ദ്ദേശം തള്ളിക്കളയണമെന്നും,2018 ലെ യുജിസി റെഗുലേഷനിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കേരള വിസിക്ക് നിവേദനം നല്‍കിയിരുന്നു. ഈ വിഷയത്തിലാണ് ഗവര്‍ണ്ണറും എതിര്‍ നിലപാട് എടുക്കുന്നത്. ഇതോടെ കേരള സര്‍വ്വകലാശാലയിലെ ഇടത് അനുകൂല സിന്‍ഡിക്കേറ്റും വിസിയും തമ്മിലെ ഭിന്നത അതിരൂക്ഷമാകും. ജൂലൈയില്‍ നടന്ന കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം നേടാനായിരുന്നു. ഒട്ടേറെ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്ന 12 ല്‍ ഒമ്പത് സീറ്റും ഇടതു പക്ഷം നേടി. ഇതില്‍ സര്‍ക്കാര്‍ അധ്യാപക പ്രതിനിധിയായ ജയിച്ച് ഡോ എസ് നസീബാണ്.

കേരള സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ച ബി. എഡ് ഇന്റെര്‍ണല്‍ മാര്‍ക്ക് ഷീറ്റില്‍ വിദ്യാര്‍ത്ഥികളുടെ വ്യാജ ഒപ്പിട്ട കൊല്ലം ജില്ലയിലെ മഞ്ഞപ്പാറ ബി എഡ് കോളേജ് പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനുമെതിരെ വ്യാജരേഖ ചമച്ചതിന് ക്രിമിനല്‍നടപടി കൈക്കൊള്ളുന്നതിന് പോലീസിന് റിപ്പോര്‍ട്ട് ചെയ്യാനും, കോളേജിന്റെ പരീക്ഷ സെന്റര്‍ റദ്ദാക്കാനും വൈസ് ചാന്‍സിലര്‍ ഡോ:മോഹന്‍ കുന്നു മ്മേല്‍ ഉത്തരവിട്ടു.

വിദ്യാര്‍ത്ഥികള്‍ അറിയാതെ കോളേജ് അധികൃതര്‍ ഇന്റെ ണല്‍ മാര്‍ക്ക് പരീക്ഷ കണ്‍ട്രോളര്‍ക്കു കൈമാറിയതായ വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് കോളേജിലെ ബിഎഡ് പരീക്ഷഫലം തടഞ്ഞു വെച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ യഥാര്‍ഥ ഒപ്പിട്ട് അയച്ച ഇന്റെണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പരീക്ഷഫലം പ്രസിദ്ധീകരിക്കാനും വിസി, പരീക്ഷ കണ്‍ട്രോളര്‍ക്കു നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ വ്യാജ ഒപ്പിട്ട് ഇന്റെണല്‍ മാര്‍ക്ക് കോളേജ് അധികൃതര്‍ തയ്യാറാക്കിയെന്ന പരാതി ആദ്യമായാണ്.