- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈറ്റ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ സര്ജന്; വനിതാ ഹൗസ് സര്‍ജനെ അസിസ്റ്റന്റ് പ്രൊഫസര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് മദ്യം നല്‍കി; പാരിപ്പള്ളിയില്‍ ബംഗാളിലെ കെജി കാര്‍ ആവര്‍ത്തിക്കാത്തതിന് കാരണം വനിതാ ഡോക്ടറുടെ മനോബലം; പോലീസിനെ അറിയിക്കാന്‍ വൈകിപ്പിച്ച മെഡിക്കല്‍ ക്രൂരത! ഡോ സെര്‍ബിന്‍ മുഹമ്മദ് ഒളിവില്‍; ആരോഗ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ?
കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജില്‍ വനിതാ ഹൗസ് സര്‍ജനെ അസിസ്റ്റന്റ് പ്രൊഫസര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ അന്വേഷണം തുടങ്ങി. ഒക്ടോബര്‍ 24ന് നൈറ്റ് ഡ്യൂട്ടിക്കിടെ തിരുവനന്തപുരം സ്വദേശിയായ ഡോ. സെര്‍ബിന്‍ മുഹമ്മദ് വിദ്യാര്‍ഥിനിക്ക് മദ്യംനല്‍കിയ ശേഷം മുറിയില്‍വച്ച് ലൈംഗികാതിക്രമ ശ്രമം നടത്തിയതായാണ് പരാതി. ബംഗാളില്‍ ആശുപത്രിക്കുള്ളില്‍ ഡോക്ടറെ പീഡിപ്പിച്ച് കൊന്നത് രാജ്യം ഞെട്ടിയ സംഭവമാണ്. അതിന് സമാനമായ ക്രൂരത പാരിപ്പള്ളിയില്‍ നടക്കാതെ പോയത് ആ യുവ ഡോക്ടറുടെ മാനസിക ധൈര്യം കൊണ്ടു മാത്രമാണ്. എന്നിട്ടും സെര്‍ബിന്‍ മുഹമ്മദിനെ വേണ്ട രീതിയില്‍ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ആരും ശ്രമിച്ചില്ല. ഒടുവില്‍ നടപടികള്‍ വരുന്നു. ഡോക്ടര്‍ ഒളിവിലും പോയി.
കഴിഞ്ഞ ദിവസം പാരിപ്പള്ളി പൊലീസ് കേസെടുത്ത് ഹൗസ് സര്‍ജന്റെ മൊഴി രേഖപ്പെടുത്തി. ആരോപണവിധേയനെതിരെ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രതി ഒളിവിലാണ്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജനായ ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് ജൂനിയര്‍ വനിതാ ഡോക്ടറുടെ പരാതി. ആശുപത്രിയില്‍ ഡോക്ടറുടെ മുറിയില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനാണ് ആദ്യം പരാതി നല്‍കിയത്.
രണ്ടാഴ്ച മുന്‍പ് വകുപ്പ് തല അന്വേഷണം നടത്തിയ ശേഷം സെര്‍ബിന്‍ മുഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പാരിപ്പള്ളി പൊലീസിന് കൈമാറിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ജൂനിയര്‍ ഡോക്ടറുടെ മൊഴിയും പൊലീസ് വിശദമായി രേഖപ്പെടുത്തി. മദ്യ ലഹരിയില്‍ ആയിരുന്നു സെര്‍ബിന്‍ മുഹമ്മദിന്റെ പീഡനശ്രമം എന്നും പരാതിക്കാരി മൊഴി നല്‍കി. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായി പാരിപ്പള്ളി പൊലീസ് അറിയിച്ചു. ഡോക്ടറെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയാണ് ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദ്.
യുവ ഡോക്ടറുടെ പരാതിയില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം മെഡിക്കല്‍ കോളജില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. ആരോപണ വിധേയനായ ഡോക്ടര്‍ മദ്യപിച്ച ശേഷം ഡ്യൂട്ടിക്ക് എത്തിയിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. പീഡന ശ്രമം നടന്ന അന്നു തന്നെ പരാതി പോലീസിന് കൈമാറിയിരുന്നുവെങ്കില്‍ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിയുമായിരുന്നു. ഉന്നത ബന്ധങ്ങളുള്ള ഡോക്ടര്‍ക്ക് രക്ഷപ്പെടാന്‍ ചിലര്‍ അവസരമൊരുക്കിയെന്നും സൂചനകളുണ്ട്. വനിതാ ഡോക്ടര്‍ പരാതിയില്‍ നിന്നും പിന്മാറുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അതു സംഭവിച്ചില്ല. അങ്ങനെയാണ് പരാതി പോലീസിലെത്തുന്നത്.
ബംഗാളിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി അടക്കം രംഗത്തു വന്നിരുന്നു. അത്യാഹിത വിഭാഗത്തില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയര്‍ ഡോക്ടറാണ് കൊല്ലപ്പെട്ടത്. 31കാരിയായ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ രക്ഷിക്കാന്‍ നടന്ന ശ്രമങ്ങളാണ് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായത്. അന്ന് കേരളത്തിലെ ഡോക്ടര്‍മാരും പ്രതിഷേധത്തില്‍ അണി നിരന്നു.
സമാനമായാണ് രാത്രിയില്‍ കൊല്ലത്തെ ആശുപത്രിയില്‍ പീഡന ശ്രമം ഡോക്ടര്‍ നടത്തുന്നത്. പക്ഷേ കേരളത്തിലെ ഡോക്ടര്‍മാരുടെ സംഘടനകള്‍ പോലും വിഷയം ഏറ്റെടുത്തില്ല. എന്തിലും അഭിപ്രായം പറയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജും പ്രതികരിച്ചില്ല. ഈ നിശബ്ദത മുതലെടുത്താണ് ആ ഡോക്ടര്‍ ഒളിവില്‍ പോയത്. വിദേശത്തേക്ക് ഡോക്ടര്‍ കടന്നുവെന്ന സൂചനകളുമുണ്ട്.