തിരുവനന്തപുരം: അവസാന സർട്ടിഫിക്കറ്റിലും ഒപ്പിട്ടായിരുനനു അവർ ജോലിയിൽ നിന്ന് പടി ഇറങ്ങിയത്. എന്നാൽ ഇതിനുള്ള സമ്മാനം പ്രതികാരവും. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന ഡോ.സിസ തോമസ് സർക്കാർ സർവീസിൽ നിന്നു വിരമിച്ചെങ്കിലും ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും പെൻഷനും സർക്കാർ നൽകുന്നില്ല. വിരമിക്കുന്നതിനു തൊട്ടു മുൻപുള്ള മാസത്തെ ശമ്പളവും നൽകിയില്ല. അച്ചടക്ക നടപടികൾ കഴിഞ്ഞേ ഇതെല്ലാം നൽകൂ.

സംസ്ഥാന സർക്കാരിന്റെ തലവനായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവ് അനുസരിച്ചു സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതല ഏറ്റെടുത്തു എന്നതിന്റെ പേരിലാണു ഡോ.സിസയെ അധികൃതർ പീഡിപ്പിക്കുന്നത്. രാജ്ഭവന്റെ പിന്തുണ പ്രതീക്ഷിച്ചാണ് ഇതെല്ലാം ചെയ്തത്. എന്നാൽ സർക്കാരും ഗവർണ്ണറും തമ്മിലെ പ്രശ്‌നമെല്ലാം ഏതാണ്ട് പരിഹരിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ സിസാ തോമസിന് വേണ്ടി ഗവർണ്ണറും പ്രതികരിക്കുന്നില്ല. ഈ വിഷയത്തിൽ ഗവർണ്ണർക്കൊന്നും ചെയ്യാനില്ലെന്നതാണ് വസ്തുത.

സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ ഗവർണറുടെ ഉത്തരവ് അനുസരിച്ചു എന്നതാണു സിസ ചെയ്ത കുറ്റം. അവർക്കു നിയമന ഉത്തരവു നൽകിയ ഗവർണറും രാജ്ഭവന് ഇപ്പോൾ പ്രതികരണവമില്ല. ഗവർണറും സർക്കാരും ഏറ്റുമുട്ടിയിരുന്ന സമയത്താണു ഡോ.സിസയെ വിസിയായി നിയമിച്ചത്. ഇപ്പോൾ സർവകലാശാലാ കാര്യങ്ങൾ ഗവർണറും സർക്കാരും ആലോചിച്ചാണു തീരുമാനിക്കുന്നത്.

വിരമിക്കുന്നതിനു മുൻപു സിസയെ സസ്‌പെൻഡ് ചെയ്യാൻ സർക്കാർ നീക്കം നടത്തിയെങ്കിലും നടന്നില്ല. ഫയലുകൾ നിരുത്തരവാദപരമായി കൈകാര്യം ചെയ്തുവെന്ന് ആരോപിച്ച് അവർക്കു കുറ്റപത്രം നൽകിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ആയിരിക്കെയാണു ഡോ. സിസയ്ക്കു സാങ്കേതിക സർവകലാശാലാ വിസിയുടെ ചുമതല ലഭിച്ചത്. ഇതിനിടെ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ സ്ഥാനത്തേക്ക് അവരെ മാറ്റി.

എന്നാൽ ഡയറക്ടറേറ്റിൽ നിന്നു റിലീവ് ചെയ്തതായി എഴുതി നൽകാൻ പോലും അധികൃതർ തയാറായില്ല. വിരമിച്ച ശേഷവും സർക്കാർ വെറുതേ വിടാത്ത സാഹചര്യത്തിൽ നിയമ പോരാട്ടവുമായി സിസ കോടതിയിൽ എത്തും. സർവകലാശാലയിൽ ഡെപ്യൂട്ടേഷനിൽ താത്കാലിക വി സിയായി ചുമതലയേൽക്കുമ്പോൾ സർക്കാരിന്റേയും നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേധാവിയുടേയും അനുമതിയും എൻ.ഒ.സിയും ഹാജരാക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം അത് സർവീസ് ചട്ടലംഘനമായി കണക്കാക്കപ്പെടാമെന്ന സാധ്യതകളും വിലയിരുത്തലുകളും സിസ തോമസ് ചുമതലയേൽക്കുന്ന സമയത്ത് വിലയിരുത്തപ്പെട്ടിരുന്നു.

എന്നാൽ ഗവർണറുമായുള്ള പോര് രൂക്ഷമായ സാഹചര്യത്തിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കേണ്ട എന്ന തീരുമാനത്തിലാണ് തത്ക്കാലം നടപടി വേണ്ടതില്ലെന്ന് നിലപാട് സർക്കാർ സ്വീകരിച്ചത്. എന്നാൽ സിസ തോമസിന്റെ നിയമനം താത്ക്കാലികം തന്നെയെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒരസാധാരണ പ്രതിസന്ധി ഉണ്ടായപ്പോഴാണ് സിസ തോമസിനെ താല്ക്കാലികമായി നിയമിച്ചതെന്നായിരുന്നു ഹരജിയിൽ വാദം കേട്ടപ്പോഴെല്ലാം ഗവർണറുടെ മറുപടി. ഇതിന്റെ ഉദ്ദേശശുദ്ധി ഉൾപ്പടെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

സിസ തോമസിന്റെ നിയമനത്തിൽ ഗവർണർ തങ്ങളോട് ആലോചിക്കാതെ തീരുമാനമെടുക്കുകയായിരുന്നു എന്നതാണ് സർക്കാരിന്റെ വാദം. ഇതാണ് സിസയോട് പ്രതികാരം കാട്ടാനുള്ള കാരണവും.