തിരുവനന്തപുരം: മുന്‍ കെ.ടി.യു വിസിയും ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലുമായിരുന്ന ഡോ. സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വ്വകലാശാല വിസി യുടെ ചുമതലയും, കുസാറ്റ് ഷിപ്പ് ടെക്‌നോളജി വകുപ്പിലെ പ്രൊഫസര്‍ ഡോ. കെ. ശിവപ്രസാദിനെ സാങ്കേതിക സര്‍വ്വകലാശാല വിസി യുടെ ചുമതലയും നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടു.

ഡിജിറ്റല്‍ വിസി ആയിരുന്ന ഡോ. സജി ഗോപിനാഥ് വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ഡിജിറ്റലിലും അദ്ദേഹം ചുമതല വഹിച്ചിരുന്ന സാങ്കേതിക സര്‍വകലാശാലയിലും വൈസ് ചാന്‍സറുടെ പദവി ഒഴിഞ്ഞുകിടക്കുകയാണ്. സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സല റായി ഗവര്‍ണര്‍ നിയമിച്ചതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് താല്‍ക്കാലിക വിസി യെ നിയമിക്കണമെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരുന്നുവെങ്കിലും കണ്ണൂര്‍ സര്‍വ്വകലാശാല വിസി ആയിരുന്ന ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ വിസി നിയമനത്തില്‍ ഗവണ്‍മെന്റ് ഇടപെടാന്‍ പാടില്ല എന്ന് വ്യക്തമാക്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഇന്ന് സാങ്കേതിക യൂണിവേഴ്‌സിറ്റിയിലും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയിലും വിസി മാരെ നിയമിച്ചുകൊണ്ട് ഉത്തരവിട്ടത്.

സര്‍ക്കാരിന്റെ അനുമതി കൂടാതെ സാങ്കേതിക സര്‍വകലാശാലയുടെ വി സി ആയി ചുമതല ഏറ്റെടുത്തതിന്റെ പേരില്‍ സുപ്രീം കോടതി നിയമനം ശരി വച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായിട്ടും കഴിഞ്ഞ ഒന്നര വര്‍ഷം മുന്‍പ് വിരമിച്ച ഡോ. സിസാ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണ്. പകരം സര്‍വകലാശാലയിലെ ചില രേഖകള്‍ കാണാനില്ലെന്നുപറഞ്ഞ് 'മോഷണക്കുറ്റം' ആരോപിച്ചിരിരുന്നു.

2022 നവംബറിലാണ് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ സാങ്കേതിക സര്‍വകലാശാലാ വി.സി.യായി ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്. സര്‍ക്കാരിന്റെ നാമനിര്‍ദേശം തള്ളിയുള്ള ഈ നിയമനം സര്‍ക്കാരിനെ ചൊടിപ്പിച്ചു. ഇതിനുപിന്‍പും താത്കാലിക വി.സി. നിയമനം ഗവര്‍ണര്‍ നടത്തുന്ന രീതി ഇതുതന്നെയെന്നത് പില്‍ക്കാലചരിത്രം. യൂണിയന്‍കാരുടെ എതിര്‍പ്പുകാരണം പോലീസ് സംരക്ഷണയിലായിരുന്നു സിസ വി.സി.യായി ചുമതലയേറ്റത്.

വിരമിക്കുന്നതിന് ഒരുമാസംമുമ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറുടെ ചുമതലയില്‍നിന്ന് ഇവരെ സര്‍ക്കാര്‍ മാറ്റിയെങ്കിലും പകരം ചുമതല നല്‍കിയില്ല. ദൂരെ എവിടേക്കെങ്കിലും സ്ഥലംമാറ്റുമെന്ന് ഉറപ്പായതോടെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് തലസ്ഥാനത്തുതന്നെ നിയമനം നല്‍കണമെന്ന ഉത്തരവ് നേടി. ഇതിനെത്തുടര്‍ന്ന് ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലായി നിയമനം നല്‍കി; തുടര്‍ന്ന് മെമ്മോയും.

സര്‍ക്കാര്‍ അനുമതിയില്ലാതെ വി.സി.യായി സ്ഥാനമേറ്റെന്നായിരുന്നു കുറ്റം. അധികചുമതലയായി വി.സി. സ്ഥാനമേറ്റത് നടപടികള്‍ പാലിച്ചാണെന്ന് ഡോ. സിസ ഇതിന് മറുപടി നല്‍കി. ഇതുകൊണ്ടും പകപോക്കല്‍ തീര്‍ന്നില്ല. വിരമിക്കുന്ന മാര്‍ച്ച് 31-ന് ഹിയറിങ്ങിന് അഡീഷണല്‍ സെക്രട്ടറിയുടെ മുന്നില്‍ ഹാജരാകണമെന്നുകാണിച്ച് തലേന്ന് ഓഫീസ് സമയത്തിനുശേഷം ഇ-മെയിലായി കത്തുനല്‍കി. വിരമിക്കല്‍ ദിവസമായതിനാലും വി.സി.യെന്നനിലയിലും പ്രിന്‍സിപ്പലെന്ന നിലയിലും മാര്‍ച്ച് 31-ന് ബില്ലുകള്‍ മാറുന്നതടക്കമുള്ള ഉത്തരവാദിത്വങ്ങളും കാണിച്ച് ഹാജരാകാനുള്ള അസൗകര്യമറിയിച്ച് മറുപടി നല്‍കി.

വിരമിച്ചശേഷം പെന്‍ഷനും ആനുകൂല്യങ്ങളും ചോദിച്ചപ്പോള്‍ അച്ചടക്കനടപടി തുടങ്ങിയതിനാല്‍ ഇപ്പോള്‍ നല്‍കാനാകില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ഗവര്‍ണറുടെ ഉത്തരവനുസരിക്കുന്നത് അച്ചടക്കലംഘനല്ലെന്നും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും കോടതി വിധിച്ചു. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളി.

ആനൂകൂല്യങ്ങള്‍ നല്‍കേണ്ടിവരുമെന്നായതോടെ നേരത്തേ കൂടിയ സിന്‍ഡിക്കേറ്റ് യോഗത്തിന്റെ മിനിറ്റ്‌സില്‍ പിടിച്ചുള്ള ആരോപണമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. വി.സി.യെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ ഒരു സബ്കമ്മിറ്റിക്ക് രൂപംനല്‍കിയതടക്കമുള്ള തീരുമാനങ്ങള്‍ സിസ അംഗീകരിച്ചിരുന്നില്ല. അവ വിയോജനക്കുറിപ്പടക്കം രാജ്ഭവനിലേക്കും നല്‍കി. അതിന്റെ യഥാര്‍ഥരേഖകള്‍ കാണാനില്ലെന്നാണ് നിലവിലെ കുറ്റം. സിന്‍ഡിക്കേറ്റ് യോഗങ്ങളുടെ കുറിപ്പുകള്‍ ഓഫീസ് കംപ്യൂട്ടറിലുണ്ടാകുമെന്നിരിക്കെയാണ് ഈ നീക്കം.