കൊല്ലം: നമ്മുടെ കേരളത്തിൽ ഒരിക്കൽ പോലും കേട്ടുകേൾവിയില്ലാത്ത സംഭവം ആയിരിന്നു കൊല്ലത്തെ 'ഹിറ്റ് ആൻഡ് റൺ'. ഇത്രയധികം കേരളത്തിലെ മനുഷ്യർ അധിപതിച്ചു പോകുന്നത് തന്നെ അപൂർവമാണ്. അത്രയ്ക്കും ക്രൂരവും നീചവുമായ പ്രവൃത്തിയാണ് അന്ന് കൊല്ലത്ത് നടന്നത്. കൊല്ലത്ത് ആണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ കയറ്റിയിറക്കി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ നാട്ടുകാര്‍ തടയുന്ന ദൃശ്യങ്ങൾ എല്ലാം പുറത്തുവന്നിരുന്നു. പിന്നാലെ കാർ അതിവേഗം എടുത്ത് മുന്നോട്ട് പോയ പ്രതികളായ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും നാട്ടുകാര്‍ പിന്തുടര്‍ന്നെത്തി തടയുകയായിയിരിന്നു. അതിലും വലിയ സംഭവം കാറില്‍നിന്ന് പുറത്തിറങ്ങിയ അജ്മല്‍ നാട്ടുകാരോട് കയര്‍ത്ത് സംസാരിക്കുന്നതും നാട്ടുകാരില്‍ ചിലര്‍ ഇയാളെ കൈകാര്യംചെയ്യുന്നതും ആയിരിന്നു.

പിന്നാലെ പ്രതി അജ്മൽ നാട്ടുകാർക്ക് എതിരെയും പരാതി കൊടുത്തിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്നും അജ്മല്‍ മതില്‍ച്ചാടി ഓടിയാണ് രക്ഷപ്പെട്ടത്. ഇതുപോലെയുള്ള പ്രവർത്തികൾ നമ്മുടെ കേരളത്തിൽ നടക്കുന്നത്. നമ്മൾ കുറച്ച് പേടിയോടെ തന്നെ വേണം കാണാൻ. കാരണം മദ്യത്തിന്റെ ഉപയോഗവും ലഹരി വസ്തുക്കളുടെ ഉപയോഗവും കാരണം നമ്മുടെ നാട്ടിൽ ഇപ്പോൾ കേട്ടുകേൾവിപോലും ഇല്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. മദ്യവും മയക്കുമരുന്നും രാസലഹരിയും തീർക്കുന്ന അന്തരീക്ഷത്തിൽ മനുഷ്യൻ വളരെയധികം അധപതിച്ചു പോയിരിക്കുകയാണ്. അത്തരത്തിലുള്ള വാർത്തയാണ് നമ്മൾ വളരെ ഞെട്ടലോടെ കേട്ടത്. തിരുവോണ നാളിൽ വൈകിട്ട് 5.47 ന് കൊല്ലത്തെ ഞെട്ടിച്ച സംഭവം നടന്നത്. രണ്ട് വീട്ടമ്മമാർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ആണ് കേരളം ഞെട്ടിയ വാർത്ത ജനിക്കുന്നത്. പാഞ്ഞെത്തിയ കാർ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പക്ഷെ സാധാരണമായി അവസാനിപ്പിക്കേണ്ട ഒരു ചെറിയ അപകടത്തെ പ്രതികളായ അജ്മലും ശ്രീകുട്ടിയും ചേർന്ന് വലുതാക്കി. അത് കൊടും ക്രൂരതയും അതിനിഷ്ടുരവുമായ ഒരു കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു.

സ്കൂട്ടർ യാത്രക്കാരായ വീട്ടമ്മമാരെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ മുൻപോട്ട് എടുക്കാൻ പോയി. അപ്പോഴും നാട്ടുകാർ ഒച്ചപ്പാട് ഉണ്ടാക്കി വണ്ടി മുൻപോട്ട് എടുക്കരുതെ എന്ന്. പക്ഷെ മദ്യലഹരിയിൽ ആയിരുന്ന രണ്ടുപേരും ഇതൊന്നും ചെവികൊണ്ടില്ല. അവർ മുന്നോട്ട് എടുത്തു. ഇതോടെ കാറിനടിയിൽ പെട്ട വീട്ടമ്മ അതിക്രൂരമായി കൊല്ലപ്പെട്ടു. ഇടിച്ചു തെറിപ്പിച്ച കാറിനെ ഓടിക്കൂടിയ നാട്ടുകാർ ഒടുവിൽ തടഞ്ഞു. റോഡിൽ എന്തോ കിടക്കുന്ന ഒരു പാഴ് വസ്തുവിന്റെ മുകളിലൂടെ ഓടിച്ചു പോകുന്ന ലാഘവത്തോടെയാണ് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ ദേഹത്തുകൂടി അതിവേഗത്തിൽ കാർ ഓടിച്ചു കയറ്റിയത്. ഉടനെ തന്നെ കാറിനെ നാട്ടുകാർ ഏഴു കിലോമീറ്ററോളം പിന്തുടർന്ന് കരുനാഗപ്പള്ളി കോടതിക്ക് സമീപം വച്ച് തടഞ്ഞു. പക്ഷെ കാറോടിച്ചയാൾ കാറുപേക്ഷിച്ച് മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. എന്നാൽ കാറിലുണ്ടായിരുന്ന യുവതി ഇതിനിടെ അടുത്ത വീട്ടിൽ ഓടിക്കയറുകയും ചെയ്തു. പിന്നാലെ ഓടിയ നാട്ടുകാർ യുവതിയെ ഉടനെ തന്നെ പോലീസിന് കൈമാറി. കൊല്ലപ്പെട്ട കുഞ്ഞുമോളുടെ വാരിയെല്ലുകൾ നുറുങ്ങി ശ്വാസകോശം തകർന്നാണ് കുഞ്ഞുമോളുടെ ജീവൻ നഷ്ടമായത്.

ഒടുവിൽ പോലീസ് കൊടുംക്രിമിനിലുകളായ അജ്മലിനെയും ഡോ.ശ്രീക്കുട്ടി യെയും അറസ്റ്റ് ചെയ്തു. പിന്നാലെയാണ് അറിയുന്നത് കൊല്ലത്ത് നിഷ്ടുര കൊലപാതകം നടത്തിയ ആ രണ്ടുപേർ നിരവധി കേസുകളിലെ പ്രതികൾ എന്ന്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണൽ പുന്തല തെക്കതിൽ വീട്ടിൽ മുഹമ്മദ് അജ്മൽ (29), കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ നെയ്യാറ്റിൻകര വഴുതൂർ അനുപമ ഹൗസിൽ ശ്രീക്കുട്ടി (27) എന്നിവരാണ് സംഭവം നടക്കുമ്പോൾ കാറിൽ ഉണ്ടായിരുന്നത്. കാറോടിച്ചിരുന്ന അജ്മലിനെ പിറ്റേ ദിവസം ശൂരനാടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ദിവസം രണ്ടുപേരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഇങ്ങനെയാണ് ശാസ്താംകോട്ട പോലീസ് വ്യക്തമാക്കിയത്. മൈനാഗപ്പളളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുംവിളയിൽ നൗഷാദിന്റെ ഭാര്യയാണ് അതിദാരുണമായി മരിച്ച കുഞ്ഞുമോൾ. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധുവായ ഫൗസിയക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നപ്പോൾ തന്നെ കാർ നിറുത്തിയിരുന്നെങ്കിൽ കുഞ്ഞുമോളും ഇപ്പോൾ പരിക്കുകളോടെ രക്ഷപ്പെടുമായിരുന്നു. പക്ഷെ മദ്യലഹരിയിൽ കലാനായി എത്തിയവർ കുഞ്ഞുമോളുടെ ജീവനും കൊണ്ടുപോയി.

കൊലപാതകത്തിലെ മുഖ്യപ്രതിയായ ഡോ.ശ്രീക്കുട്ടിയുടെ ജീവിതവും വളരെ ദുരൂഹമാണ്. അവർക്ക് ലഹരിയിലൂടെ വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ടുകൾ. ഇങ്ങനെ ലഹരിയിലൂടെ വരുന്ന വഴിവിട്ട ബന്ധങ്ങൾ പലപ്പോഴും കൊടും കുറ്റങ്ങളിലേക്ക് നയിക്കുന്നതിന്റെ നേർചിത്രമാണ് തിരുവോണ നാളിൽ മൈനാഗപ്പള്ളിയിൽ ഉണ്ടായത്. സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ജൂനിയർ ഡോക്ടറായ ശ്രീക്കുട്ടി ക്രിമിനൽ കേസുകളിൽ അടക്കം എട്ടോളം കേസുകളിലെ പ്രതിയായ അജ്മലുമായി എങ്ങനെ സൗഹൃദത്തിലായി എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. വടക്കൻ മൈനാഗപ്പള്ളി പള്ളിക്ക് സമീപത്തു നിന്ന് ചന്ദനമരം മുറിച്ചു കടത്തിയതിനും കാർ വാടകയ്ക്കെടുത്ത ശേഷം തിരികെ നൽകാത്തതിനും അടക്കമുള്ള കേസുകളിൽ പ്രതിയാണ് പിടിയിലായ അജ്മൽ. ആശുപത്രിയിൽ എത്തിയാണ് ഡോ. ശ്രീക്കുട്ടിയുമായി സൗഹൃദം അജ്മൽ സ്ഥാപിച്ചത്. ശ്രീക്കുട്ടിയുമായി ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ലഹരി ഉപയോഗത്തിൽ ഏർപ്പെടുമായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. അങ്ങനെ ലഹരിയിലൂടെ ഇവർ നല്ല സൗഹൃദത്തിൽ ആവുകയായിരുന്നു.

അപകടം ഉണ്ടായ ദിവസം രണ്ടുപേരും മൈനാഗപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിൽ എത്തി ഓണമൊക്കെ അടിപൊളിയായി ആഘോഷിച്ച്. ഓണസദ്യ കഴിച്ച ശേഷം അടുത്തുള്ള ക്ഷേത്രമൈതാനത്ത് കാർ ഒതുക്കിയിട്ട് രണ്ടുപേരും മദ്യപിച്ചു. അതിനെ തുടർന്ന് കരുനാഗപ്പള്ളിയിൽ ശ്രീക്കുട്ടിയെ എത്തിക്കാനായുള്ള ഓട്ടത്തിനിടെയാണ് അപകടം നടന്നത്. ഡോ. ശ്രീക്കുട്ടിയുടെ ഐഡന്റിറ്റി അറിഞ്ഞാൽ മോശം ആകുമെന്നും കരുതിയും. നാട്ടുകാരുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെടാനുമാണ് കാർ നിർത്താതെ പ്രതി അജ്മൽ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കിയത്. പാവപെട്ട കുടുംബ പശ്ചാത്തലത്തിൽ നിന്നും എത്തിയ ശ്രീക്കുട്ടി ഒരു വർഷം മുൻപാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ചുമതലയേൽക്കുന്നത്. അപ്പോൾ അവിടെ റെയിൽവെ സ്റ്റേഷനു സമീപം വാടകവീട്ടിലായിരുന്നു താമസിച്ചു വന്നത്. ഇതിനിടെ ആശുപത്രിയിൽ വച്ച് പരിചയത്തിലായ പ്രതി അജ്മലും മറ്റു സുഹൃത്തുക്കളുമൊത്ത് വാടകവീട്ടിൽ മദ്യസൽക്കാരവും മറ്റു ലഹരി ഉപയോഗവും ഇവർ പതിവാക്കിയിരുന്നു. സൗഹൃദ ബന്ധം മുതലാക്കി ശ്രീക്കുട്ടിയിൽ നിന്ന് ലക്ഷങ്ങളുടെ പണവും സ്വർണവും അടക്കം അജ്മൽ കൈക്കലാക്കിയതായി ശ്രീക്കുട്ടി പോലീസിൽ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷെ പോലീസ് മന:പൂർവമുള്ള നരഹത്യയടക്കം അജ്മലിനെതിരെയും പ്രേരണാക്കുറ്റത്തിന് ഡോ. ശ്രീക്കുട്ടിക്കെതിരെയും കേസ് എടുത്തു. അജ്മൽ കൊല്ലം ജില്ലാ ജയിലിലും ഡോ. ശ്രീക്കുട്ടി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.

അതുപോലെ ദുരൂഹമാണ് ഇവരുടെ ജീവിതവും. പ്രതികളെ സഹായിക്കാൻ ലഹരി മാഫിയ സംഘങ്ങൾ വരെ ഉണ്ടെന്നാണ് കണ്ടെത്തൽ. പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുന്നതിന്റെ ഭാഗമായി ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കാനായി എത്തിയപ്പോൾ അജ്മലിന്റെ സഹായികളായ പത്തംഗ സംഘം അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു എന്നാണ് വിവരങ്ങൾ. ഇവർ ലഹരി മാഫിയയിലെ കണ്ണികളാണെന്ന സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്കായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയപ്പോഴും ഈ സംഘം പോലീസ് വാഹനവ്യൂഹത്തെ പിന്തുടർന്നതായും കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന ആനൂർക്കാവിൽ പ്രതികളെ തെളിവെടുപ്പിനായി എത്തിക്കാൻ തീരുമാനം എടുത്തിരുന്നെങ്കിലും സംഘർഷമുണ്ടാകാനുള്ള സാധ്യത കണക്കിൽ എടുത്ത് തെളിവെടുപ്പ് ഒടുവിൽ ഒഴിവാക്കുകയായിരുന്നു.

പ്രതികൾക്കെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്നും അതി ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നതിനു പുറമെ മാഫിയ സംഘത്തിലെ അംഗങ്ങളും അവിടെ നില ഉറപ്പിക്കുകയും ചെയ്തിരുന്നു. അതുപ്പോലെ പ്രതികൾക്ക് നേരെ നാട്ടുകാരിൽ നിന്ന് എതിർപ്പോ കയ്യേറ്റ ശ്രമമോ ഉണ്ടായാൽ അതിൽ നിന്ന് പ്രതികളെ സംരക്ഷിക്കാനായിരുന്നു ഇവരുടെ സാന്നിധ്യമെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരും മാഫിയ സംഘവുമായുള്ള കയ്യാങ്കളിയിൽ എത്തുമെന്ന സൂചനയെ തുടർന്നാണ് അവസാന നിമിഷം ആനൂർക്കാവിലെ തെളിവെടുപ്പിൽ നിന്നും പോലീസ് ഒടുവിൽ പിന്മാറിയത്.

അപകടം നടന്ന സ്ഥലത്തു നിന്നും രക്ഷപ്പെട്ട അജ്മലിനെ കാർ ഉപേക്ഷിച്ച് രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചത് ഈ ലഹരി സംഘമാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ലഹരി മാഫിയയിലെ മുഖ്യകണ്ണിയായ അജ്മലിന് സിന്തറ്റിക് ലഹരി എത്തിച്ചിരുന്നതും ഈ സംഘമാണെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നതായുള്ള തെളിവുകൾ ലഭിച്ചതും പത്തംഗ സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. പ്രതികളായ അജ്മലും ശ്രീക്കുട്ടിയും തമ്മിൽ ഏറെ നാളായി പരിചയത്തിലാണെന്നതിനു പുറമെ ഇവർ ഒരുമിച്ച് താമസിക്കുകയും പലയിടങ്ങളിലും സഞ്ചരിക്കുകയും ചെയ്തതിന്റെ തെളിവുകൾ പോലീസിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഇവർ ഒരുമിച്ച് താമസിച്ച ഹോട്ടൽ മുറിയിൽ നിന്നും മയക്കുമരുന്ന് കുത്തിവയ്ക്കാൻ ഉപയോഗിച്ച സിറിഞ്ചുകളും കണ്ടെടുത്തിട്ടുണ്ട്. സമാനതകൾ ഇല്ലാത്തതും ഒരു മാപ്പും അർഹിക്കാത്ത പ്രതികളുടെ ഈ കൊടുംക്രൂരതയിൽ നഷ്ടമായത് ഒരു കുടുംബത്തിന്റെ വെളിച്ചമാണ്. എന്തൊക്കെ ആഗ്രഹങ്ങൾ മടക്കി വച്ചാകും അവർ ലോകത്തിൽ നിന്നും വിടപറഞ്ഞത്.

അപകടം നടന്നത് സാധാരണ സംഭവം. പക്ഷെ അപകടത്തിൽപ്പെട്ട് വീണു കിടക്കുന്നയാളിന്റെ ദേഹത്തിലൂടെ കാർ കയറ്റിറക്കിയത് കൊടും ക്രൂരതയും കാട്ടാളത്തവുമാണ്. പക്ഷെ ഈ കൊലപാതകികൾ നിയമത്തെ നോക്കി ചിരിച്ച് പുറത്തിറങ്ങും അത് ഉറപ്പുള്ള കാര്യമാണ്. മരിച്ചവർ പോയി കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഇതും ഒരു സാധാരണ വാർത്തയായി മാറുന്നു. പക്ഷെ നഷ്ട്ടം എപ്പോഴും ആ ഒന്നും അറിയാതെ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് മാത്രം ആയിരിക്കും. അതുപോലെ ഒരു കാര്യവും കൂടി ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയും മുൻകരുതലും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കിൽ റോഡിൽ ഇനിയും ഇത്തരം കാട്ടാളന്മാരുടെ ലഹരി ഉപയോഗം കാരണം ജീവൻ നഷ്ടപ്പെടാം.