- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രികളിലെ സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ റൂറൽ ആശുപത്രികളിലെ ഹൗസ് സർജന്മാരുടെ രാത്രി ഡ്യൂട്ടി റദ്ദാക്കി; അത്യാഹിത വിഭാഗങ്ങളിൽ 2 കൂട്ടിരിപ്പുകാരെയേ അനുവദിക്കുകയുള്ളൂ; ജൂനിയർ ഡോക്ടർമാർക്ക് അവധിയും ഉറപ്പാക്കും; ഇനിയെങ്കിലും ജൂനിയർ ഡോക്ടർമാരുടെ ദുരിതം മാറുമോ? ഡോ വന്ദനാ ദാസ് നൊമ്പര ഓർമ്മയാകുമ്പോൾ
തിരുവനന്തപുരം: ജൂനിയർ ഡോക്ടർമാരുടെ ദുരിതങ്ങൾ ഇനിയെങ്കിലും മാറുമോ? സർക്കാർ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരുടെ വേദനയുടെ നേർ ചിത്രമായിരുന്നു കൊട്ടാരക്കര ആശുപത്രിയിലെ സംഭവങ്ങൾ. മോൾക്ക് എക്‌സ്പീരിയൻസ് ഇല്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞവർക്ക് ഒടുവിൽ ജൂനയർ ഡോക്ടർമാരുടെ വേദന കാണേണ്ടി വന്നു. ഡോ. വന്ദന ദാസ് ക്രൂരമായി കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും പശ്ചാത്തലത്തിൽ ജൂനിയർ ഡോക്ടർമാരുടെ കാലങ്ങളായുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. എന്നാൽ ഇത് നടപ്പാകുമോ എന്നാണ് അറിയാനുള്ളത്.
ആശുപത്രികളിലെ സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ റൂറൽ ആശുപത്രികളിലെ ഹൗസ് സർജന്മാരുടെ രാത്രി ഡ്യൂട്ടി റദ്ദാക്കി. അത്യാഹിത വിഭാഗങ്ങളിൽ 2 കൂട്ടിരിപ്പുകാരെയേ അനുവദിക്കുകയുള്ളൂ. വാർഡിൽ ഒരാൾ. പിജി ഡോക്ടർമാരുടെ ജോലിസമയം ആഴ്ചയിൽ 60 മണിക്കൂർ ആയി നിജപ്പെടുത്തും. ആഴ്ചയിൽ ഒരു ദിവസം അവധി ഉറപ്പാക്കും. ആശുപത്രി സംരക്ഷണ നിയമ ഭേദഗതിയിൽ ഓർഡിനൻസും ഉടൻ വരും. ഇതെല്ലാം ജൂനിയർ ഡോക്ടർമാരുടെ പ്രധാന ആവശ്യമായിരുന്നു. ജൂനിയർ ഡോക്ടർമാരുടെ ജോലികൾ നിർവചിച്ചുകൊണ്ടുള്ള മാർഗരേഖ ഉടൻ പുറപ്പെടുവിക്കും എന്നാണ് പറയുന്നത്.
മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. എന്നാൽ സമരം പിൻവലിക്കാൻ വേണ്ടി മാത്രമുള്ള പ്രഖ്യാപനമാകുമോ ഇതെന്ന സംശയമുണ്ട്. എങ്കിൽ വീണ്ടും ജൂനിയർ ഡോക്ടർമാർ സമരത്തിന് ഇറങ്ങും. പ്രശ്‌നങ്ങൾ പഠിക്കാൻ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കാമെന്നു മന്ത്രി ഉറപ്പുനൽകി. വന്ദനയുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുന്ന കാര്യം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.
ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ആരംഭിച്ച സമരം പിൻവലിച്ചു. ഇന്നു രാവിലെ 8 മുതൽ ജോലിക്കു ഹാജരാകും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫിസറുടെ ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് അസോസിയേഷൻ, മന്ത്രിയോട് ആവശ്യപ്പെട്ടു. വന്ദനയെ കൊലപ്പെടുത്തിയ ജി.സന്ദീപിനെ ആദ്യം പരിശോധിക്കേണ്ടത് മെഡിക്കൽ ഓഫിസറായിരുന്നു. എന്നാൽ, വന്ദനയെയാണ് ആ ചുമതല ഏൽപിച്ചത്. ഇതു ഗുരുതര വീഴ്ചയാണെന്നും ഡോക്ടർമാർ മന്ത്രിയെ അറിയിച്ചു.
ഡോ. വന്ദനയുടെ കൊലപാതകത്തിൽ മെഡിക്കൽ ഓഫിസർക്കെതിരെ ജൂനിയർ ഡോക്ടർമാർ രംഗത്തു വന്നിരുന്നു. പ്രതി സന്ദീപിനെ പരിശോധിച്ചത് ഹൗസ് സർജനായ വന്ദന മാത്രമാണ്. മുതിർന്ന ഡോക്ടർ പരിശോധിക്കണമെന്ന ചട്ടം പാലിച്ചില്ല. ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ ജൂനിയർ ഡോക്ടർമാർ അന്വേഷണം ആവശ്യപ്പെട്ടു. ഇതെല്ലാം പരിഗണിച്ചാകും ജൂനിയർ ഡോക്ടർമാർക്കായുള്ള മാർഗ്ഗ രേഖ തയ്യാറാക്കുക.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദന ദാസ് അക്രമിയുടെ കുത്തേറ്റു മരിച്ച സാഹചര്യത്തിൽ ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസ് ആരോഗ്യ വകുപ്പ് തയാറാക്കി നിയമ വകുപ്പിന്റെ പരിശോധനയ്ക്കായി സമർപ്പിച്ചു. ചീഫ് സെക്രട്ടറി ഇന്നലെ ബന്ധപ്പെട്ട സെക്രട്ടറിമാരുടെയും മറ്റും യോഗം വിളിച്ച് ഓർഡിനൻസിന്റെ കരടിന് അന്തിമ രൂപം നൽകി.
ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ അക്രമം നടത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ