- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു ജാമ്യത്തിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും ഉറപ്പു നൽകി അസീസിയയിലെ പ്രതിഷേധം തണുപ്പിച്ചു; രക്തപരിശോധനയ്ക്ക് സർക്കാർ ഡോക്ടർമാരും വിസമ്മതിച്ചു; ഡോ വന്ദനാ ദാസിന്റെ കൊലപാതകിക്ക് അഭിഭാഷകനേയും കിട്ടിയില്ല; കൊട്ടാരക്കരയിലെ ക്രൂരനുമായി പൊലീസ് വട്ടം കറങ്ങിയപ്പോൾ
തിരുവനന്തപുരം: ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ കോടതി റിമാൻഡ് ചെയ്‌തെങ്കിലും, ജയിലിൽ പ്രവേശിപ്പിക്കാൻ ഏറെ വൈകി. ഡോക്ടർമാരുടെ നിസ്സഹകരണമാണ് പൊലീസിന് പ്രതിസന്ധിയായത്. ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായുള്ള രക്ത പരിശോധന നടത്താൻ ഡോക്ടർമാർ വിസമ്മതിച്ചതാണ് അധികൃതരെ പ്രതിസന്ധിയിലാക്കിയത്. ഡോക്ടർമാരുടെ പ്രതിഷേധം കാരണം സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി രക്ത പരിശോധന സാധ്യമായില്ല.
സ്വകാര്യ ആശുപത്രിയിൽ രക്ത പരിശോധനയ്ക്കുള്ള സംവിധാനവും വൈകി. ഒടുവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ രക്തപരിശോധന നടത്തിയശേഷം രാത്രിയാണ് സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. ജയിലിലെ മെഡിക്കൽ ഓഫിസറും സന്ദീപിനെ പരിശോധിച്ചു. ആശുപത്രി സെല്ലിന് അടുത്തുള്ള മുറിയിലാണ് സന്ദീപ്. കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദീപിന് കടുത്ത മർദനമേറ്റതായി സൂചനയുണ്ട്. ഇയാൾ പലപ്പോഴും അബോധാവസ്ഥയിൽ ആണെന്നാണ് ജയിലിൽ നിന്നും കിട്ടുന്ന സൂചന.
സന്ദീപിനെ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കനത്ത പൊലീസ് സുരക്ഷയിൽ വീൽചെയറിലാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. കോടതിയിൽനിന്ന് ആംബുലൻസിൽ പൊലീസ് സുരക്ഷയോടെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് പ്രതിയെ മാറ്റി. ജാമ്യം കിട്ടാത്ത വിധം അതിവേഗം കുറ്റപത്രം സമർപ്പിച്ച് വിചാരണയിലേക്ക് കേസ് കടക്കും. അദ്ധ്യാപക ജോലിയിൽ നിന്നും സന്ദീപിനെ താമസിയാതെ പിരിച്ചു വിടും. ഇതിനുള്ള നടപടികളും അതിവേഗം ചെയ്യും.
കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് സന്ദീപിനെ മാറ്റിയതും പ്രതിഷേധം കാരണമാണ്. സന്ദീപിനെ ചികിത്സയ്ക്കായി എത്തിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞതോടെ ഡോക്ടർമാരും വിദ്യാർത്ഥികളും അത്യാഹിത വിഭാഗത്തിലേക്ക് ഒഴുകി. രാവിലെ 8.30നാണ് സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ കൊണ്ടുവന്നത്. ഇതോടെ പൊലീസ് പ്രതിസന്ധിയിലായി. എന്തും സംഭവിക്കാവുന്ന അവസ്ഥ. പ്രതിയെ പുറത്തിറക്കാൻ സമ്മതിക്കാതെ വിദ്യാർത്ഥികൾ കവാടം സ്തംഭിപ്പിച്ച് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം ശക്തമായതോടെ ചാത്തന്നൂർ എസിപി ഗോപകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി.
അതിനിടെ പ്രതി അക്രമാസക്തനാവുകയും പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും ചെയ്തതോടെ വിലങ്ങണിയിച്ച് കൈകൾ കെട്ടിയിട്ട് സ്‌ട്രെച്ചറിൽ കിടത്തി. മെഡിക്കൽ ബോർഡ് ചേർന്ന് പ്രതിയെ തിരുവനന്തപുരത്തേക്ക് റഫർ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ, പുറത്ത് വിടാൻ സമ്മതിക്കാതെ വിദ്യാർത്ഥികൾ പ്രതിഷേധം തുടർന്നു. ഹൗസ് സർജൻ അസോസിയേഷൻ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുമായി പൊലീസ് നിരവധി തവണ ചർച്ച നടത്തി.
90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു ജാമ്യത്തിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും എസിപി ഉറപ്പു നൽകി. തുടർന്ന് 3 മണിക്കൂറിന് ശേഷം 12.15 നാണ് പ്രതിയെ കൊണ്ടുപോയത്. ഇതിന് ശേഷമാണ് തിരുവനന്തപുരത്ത് പരിശോധനാ പ്രതിസന്ധിയുണ്ടായത്. പ്രതിക്കായി കോടതിയിൽ വക്കീലന്മാരും ഹാജരായില്ല. അതിവേഗം വിചാരണ ഈ കേസിലുണ്ടാകും. പൊലീസിന് മുമ്പിലുള്ള കൊല ആയതു കൊണ്ട് തന്നെ പ്രതിസന്ധികളില്ലാതെ അന്വേഷണം പൂർത്തിയാക്കാം.
മറുനാടന് മലയാളി ബ്യൂറോ