കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ, ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തും മുമ്പുള്ള പ്രതി സന്ദീപിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റ നെടുമ്പന യു പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപിന്റെ മുറിവിൽ മരുന്നുവച്ചുകെട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നഴ്‌സിങ് അസിസ്റ്റന്റ് ജയന്തിയുടെ നേതൃത്വത്തിൽ മുറിവ് വൃത്തിയാക്കുന്നതാണ് ദൃശ്യത്തിലുള്ളത്. തൊട്ടടുത്തായി വന്ദനയും നിൽക്കുന്നുണ്ട്.

ഈ ദൃശ്യത്തിൽ ഇയാൾ ശാന്തനായി മുറിവ് ഡ്രസ് ചെയ്യുന്ന ആശുപത്രി ജീവനക്കാരോട് സഹകരിക്കുന്നുണ്ട്. ആര് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നതിൽ വ്യക്തതയില്ല. ബന്ധുവിനെ കണ്ടതോടെയാണ് ഇയാൾ അക്രമാസക്തനായതെന്നാണ് വിവരം. തുടർന്ന് ആശുപത്രിയിലെ കത്രികയെടുത്ത് കണ്ണിൽ കണ്ടവരെയൊക്കെ കുത്തുകയായിരുന്നു.

അതേസമയം, യുവഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സെല്ലിലേക്കാണ് മാറ്റിയത്. പ്രതിയെ ആംബുലൻസിലാണ് മാറ്റിയത്. പ്രതിക്കെതിരെ ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് നടപടി.

പ്രതിയെ ചികിത്സിക്കില്ലെന്ന നിലപാടിലായിരുന്നു ഡോക്ടർമാർ. പിന്നീട് പൊലീസെത്തിയാണ് പ്രതിക്ക് ചികിത്സ നൽകിയത്. പ്രതിയെ ഒരുമണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പ്രതിയെ കൊണ്ടുപോകുന്നതിനിടെ പ്രതിഷേധം ശക്തമായിരുന്നു. മുദ്രാവാക്യം വിളികളോടെ വിദ്യാർത്ഥികളുൾപ്പെടെയുള്ള പ്രതിഷേധക്കാർ ആംബുലൻസും തടഞ്ഞും പ്രതിഷേധിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വന്ദന ദാസിന്റെ മൃതദേഹം കൊല്ലം അസീസിയ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

ജി സന്ദീപിന് സസ്‌പെൻഷൻ

ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വകുപ്പ് തല അന്വേഷണം നടത്തിയാണ് സസ്‌പെൻഷൻ. നെടുമ്പന യുപി സ്‌കൂളിലെ അദ്ധ്യാപകനാണ് ജി സന്ദീപ്. നാടിനെ നടുക്കിയ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സസ്‌പെൻഷനിലായിരുന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു. കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ്

ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകി ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്‌പെൻഷൻ.നെടുമ്പന യുപി സ്‌കൂളിലെ അദ്ധ്യാപകനാണ് ജി.സന്ദീപ്. കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വെളിയം ഉപജില്ലയിലെ എയ്ഡഡ് സ്‌കൂൾ ആയ യുപിഎസ് വിലങ്ങറയിൽ നിന്ന് തസ്തിക നഷ്ടപ്പെട്ട് സംരക്ഷിതാധ്യാപകനായി 2021 ഡിസംബർ 14 മുതൽ കുണ്ടറ ഉപജില്ലയിലെ എയ്ഡഡ് സ്‌കൂൾ ആയ യുപിഎസ് നെടുമ്പനയിൽ ഹെഡ് ടീച്ചർ വേക്കൻസിയിൽ യു പി എസ് ടി ആയി ജോലി നോക്കുകയായിരുന്നു സന്ദീപ്.

അതേസമയം ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് പ്രത്യേക സിറ്റിങ് നടത്തിയ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. സംഭവം ഏറെ ദുഃഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഡോക്ടർ വന്ദനയ്‌ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. സ്ഥലം മജിസ്‌ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവ്. പ്രതികളെ മജിസ്‌ട്രേറ്റുമാർക്ക് മുന്നിൽ ഹാജരാക്കുമ്പോഴുള്ള അതേ സുരക്ഷാ ക്രമീകരണങ്ങൾ ഡോക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോഴും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അതിനുള്ള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. നാളെ രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.