തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകം ഡോക്ടർ സമൂഹത്തെയാകെ പ്രതിഷേധത്തിലേക്ക് നയിച്ചിരിക്കുയാണ്. ഡോ.വന്ദന ദാസിനെ സന്ദീപ് എന്ന പ്രതി ആക്രമിച്ചത് കൈവിലങ്ങ് ഇല്ലാതിരുന്നതുകൊണ്ടാണ്. കൈ വിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന് ഡോക്ടർമാരുടെ വാട്‌സ് ആപ് ഗ്രൂപ്പുകളിൽ ആവശ്യം ഉയർന്നിരിക്കുകയാണ്. ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കിൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ, അധികതർ കൈകഴുകുമെന്നതാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടു വരാൻ വനിതാ ഡോക്ടർ രേഖാമൂലം നിർദ്ദേശിച്ചു.

കൈ വിലങ്ങിട്ട് പ്രതിയെ പരിശോധനയ്ക്കായി കൊണ്ടുവരണമെന്നാണ് ഡോക്ടർ കുറിപ്പിൽ രേഖപ്പെടുത്തിയത്. പ്രതിഷേധ സൂചകമായാണ് ഡോക്ടർ ഇത്തരത്തിൽ രേഖപ്പെടുത്തിയതെന്ന് ജനറൽ ആശുപത്രി ജീവനക്കാർ അനൗദ്യോഗികമായി പറഞ്ഞു.

അതേസമയം, ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഡോക്ടർമാർ സമരവുമായി മുന്നോട്ടുപോകുമെന്ന് ഐഎംഎ കേരള ഘടകം. ഓർഡിനൻസിലൂടെ ആശുപത്രി സംരക്ഷണ നിയമം ഉടൻ തന്നെ നടപ്പാക്കണം എന്നതടക്കം വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയിൽ മുന്നോട്ടുവെച്ചതായും ഐഎംഎ കേരളഘടകം സംസ്ഥാന പ്രസിഡന്റ് സുൾഫി നൂഹു മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കാം എന്ന് പറഞ്ഞ മുഖ്യമന്ത്രി തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ആശുപത്രി സംരക്ഷണ നിയമം അടക്കം വിവിധ ആവശ്യങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പ് ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ പറഞ്ഞു. സർക്കാരിന്റെ തുടർനടപടികൾക്കായി കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചതായി അറിഞ്ഞു. ഇതിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകീട്ട് ചേരുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റി തുടർനടപടികൾ ചർച്ച ചെയ്യുമെന്നും സുൾഫി നൂഹു പറഞ്ഞു.

ആശുപത്രികളെ സ്പെഷ്യൽ പ്രൊട്ടക്ഷൻ സോണുകളായി പ്രഖ്യാപിക്കുക, ക്യാമറ അടക്കം സുരക്ഷാ സംവിധാനം ഒരുക്കുമെന്ന സർക്കാർ ഉത്തരവ് ഉടൻ നടപ്പാക്കുക, വന്ദനയുടെ മരണത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുക, സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുക, വന്ദനയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകുക എന്നിവയാണ് മുഖ്യമന്ത്രിക്ക് മുന്നിൽ വച്ച മറ്റു ആവശ്യങ്ങളെന്നും സുൾഫി നൂഹു വ്യക്തമാക്കി.

രണ്ടാം ദിവസമായ ഇന്നും ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും വൻ പ്രതിഷേധങ്ങൾക്ക് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചു.ഇന്നലെ പോസ്റ്റ്‌മോർട്ടം നടന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ കഴിയുന്നത് വരെയും പിന്നീട് വൈകുന്നേരം വരെ സെക്രട്ടറിയേറ്റിന് മുന്നിലും ആയിരക്കണക്കിന് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും പൊരിവെയിലിൽ തെരുവിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ ധർണ്ണ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഉദ്ഘാടനം ചെയ്തു.

ഐഎംഎ മുൻ ദേശീയ പ്രസിഡന്റ് ഡോ എ മാർത്താണ്ഡ പിള്ള, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ, ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജി. എസ് വിജയകൃഷ്ണൻ, സെക്രട്ടറി ഡോ. എ. അൽത്താഫ്, നാഷണൽ ആക്ഷൻ കമ്മിറ്റി കൺവീനർ ഡോ. ശ്രീജിത്ത് എൻ കുമാർ, ഡോ അലക്‌സ് ഫ്രാങ്ക്ളിൻ, കെജിഎംസിറ്റിഎ സംസ്ഥാന സെക്രട്ടറി ഡോക്ടർ ഡോ റോസ്‌നാര ബീഗം, കെജിഐഎംഒഎ സംസ്ഥാന സെക്രട്ടറി ഡോ രാധാകൃഷ്ണൻ, കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ പത്മ പ്രസാദ്, പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. റൂവൈസ്, ഹൗസ് സർജൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ അസ്ലം, മെഡിക്കൽ സ്റ്റുഡൻസ് നെറ്റ്‌വർക്ക് സംസ്ഥാന സെക്രട്ടറി ഫർസാന, കെജിഎംസിറ്റിയെ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആർ സി ശ്രീകുമാർ, ആർ സി സി ഡോക്‌റ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഡോ ഗുരുപ്രസാദ്,ആർ.സി.സി റെസിഡന്റ് ഡോക്‌റ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഡോ അഖിൽ, ഡോ. ആർ ശ്രീജിത്ത്, ഡോ. സി വി പ്രശാന്ത്, ഡോ രാമകൃഷ്ണ ബാബു, ഡോ അഷ്റഫ്, എന്നിവർ പ്രസംഗിച്ചു.

ശ്രീ ചിത്രാ മെഡിക്കൽ സെന്ററിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഡോ വർഗീസ് ടി പണിക്കർ നേതൃത്വം നൽകി.

 

24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പ്രതികളുടെ വൈദ്യപരിശോധന നടത്തുന്ന സമയത്തും സുരക്ഷ ഉറപ്പാക്കണം. മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കുമ്പോൾ പാലിക്കുന്ന അതേ സുരക്ഷ തന്നെ ഡോക്ടറുടെ മുന്നിൽ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കുമ്പോഴും വേണമെന്നും കോടതി ആവശ്യപ്പെട്ടു.

കേരളത്തിലെ പൊലീസ് മികച്ച സേന തന്നെയാണ്. അതുകൊണ്ടാണ് ജനങ്ങൾ സമാധാനത്തോടെ കിടന്നുറങ്ങുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. എന്നാൽ ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ട്. പരിശോധനയ്ക്കായി ഒരാളെ കൊണ്ടുവരുമ്പോൾ, പൊലീസിന് ഒരു ഉത്തരവാദിത്തവുമില്ലേ എന്നും കോടതി ചോദിച്ചു. ഒരു പെൺകുട്ടിയെ രക്ഷിക്കാൻ ഒരു പൊലീസുകാരൻ എന്താണ് ചെയ്യേണ്ടത്? ഉപയോഗിക്കാവുന്ന ന്യായമായ ശക്തി എന്താണ്? കോടതി ആരാഞ്ഞു. ജീവൻ കളഞ്ഞും ഡോക്ടറെ പൊലീസ് സംരക്ഷിക്കണമായിരുന്നുവെന്ന് എഡിജിപി കോടതിയിൽ സമ്മതിച്ചു. മറ്റുള്ളവർക്ക് വേണ്ടി ജീവൻ വെടിഞ്ഞ നിരവധി സംഭവങ്ങൾ പൊലീസ് സേനയ്ക്ക് പറയാനാകുമെന്നും എഡിജിപി പറഞ്ഞു.

പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ ഒരു പ്രോട്ടോക്കോൾ കൊണ്ടുവരേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരാഴ്ചയ്ക്കകം പ്രോട്ടോക്കോളിന് രൂപം നൽകുമെന്ന് എഡിജിപി അറിയിച്ചു. പൊലീസിന്റെ പ്രോട്ടോക്കോളിന് സർക്കാർ പൂർണ പിന്തുണ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകരുത് എന്നതു മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.