- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ.വന്ദനയുടെ കൊലപാതകത്തിൽ പൊലീസിന് ഉണ്ടായ വീഴ്ച പരിശോധിക്കും; ആഴ്ചയിൽ ഒരുദിവസം ഹൗസ് സർജന്മാർക്ക് അവധി ഉറപ്പാക്കും; പ്രശ്നങ്ങൾ പരിഹരിക്കാൻ മെഡിക്കൽ കമ്മിറ്റി; വാർഡുകളിൽ കൂട്ടിരിപ്പുകാർ ഒരാളും അത്യാഹിത വിഭാഗത്തിൽ രണ്ടുപേരും മാത്രം; ആരോഗ്യമന്ത്രിയുമായുള്ള ചർച്ച വിജയമെന്ന് പി ജി ഡോക്ടർമാർ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജുമായി സംസ്ഥാനത്തെ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരുമായി നടത്തിയ ചർച്ച വിജയം. ഡോ. വന്ദനയുടെ കൊലപാതകത്തിൽ പൊലീസിനുണ്ടായ വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പു പറഞ്ഞതായി പിജി ഡോകർമാർ പറഞ്ഞു
വന്ദനയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യമുന്നയിച്ചു. 17-ന് ചേരുന്ന മന്ത്രിസഭ യോഗത്തിന് ശേഷം കൂടുതൽ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നാണ് ആരോഗ്യമന്ത്രി നൽകിയ ഉറപ്പെന്നും അവർ പറഞ്ഞു.
ആഴ്ചയിൽ ഒരു ദിവസം അവധി ഉറപ്പാക്കുമെന്നും സുരക്ഷ, ജോലിഭാരം എന്നിവയിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകിയതായി അവർ പറഞ്ഞു. ചർച്ചയിൽ ഉറപ്പുലഭിച്ചതോടെ അടിയന്തസേവന വിഭാഗത്തിൽ വൈകിട്ട് അഞ്ചുമുതൽ ഡോക്ടർമാർ ജോലിക്ക് കയറുമെന്നും എന്നാൽ പ്രതിഷേധം തുടരുമെന്നും അറിയിച്ചു.
പിജി വിദ്യാർത്ഥികൾ, ഹൗസ് സർജന്മാർ എന്നിവർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. മെഡിക്കൽ റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളിൽ പോകുന്നവർക്കായി ഉടൻ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സർജന്മാരുടെ പ്രശ്നങ്ങളും കമ്മിറ്റി പരിശോധിക്കും. റസിഡൻസി മാന്വൽ കർശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സർക്കുലർ ഇറക്കും. വകുപ്പ് മേധാവികൾ വിദ്യാർത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. പിജി വിദ്യാർത്ഥികൾ ഹൗസ് സർജന്മാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
ഡോക്ടർമാർക്കൊപ്പമാണ് സർക്കാർ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ സമരം ചെയ്യരുത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിശദമായ അവലോകന യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു. ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും. എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളിൽ പൊലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളിൽ സിസിടിവി ക്യാമറ ഉറപ്പാക്കും.
മുമ്പ് പിജി വിദ്യാർത്ഥികളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ച കാര്യങ്ങൾ കർശനമായി നടപ്പിലാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഹോസ്റ്റൽ സൗകര്യം അതാത് സ്ഥാപനങ്ങൾ പരിശോധിച്ച് മുൻഗണന നൽകാൻ ഡിഎംഇയെ ചുമതലപ്പെടുത്തി. ന്യായമായ സ്റ്റൈപെന്റ് വർധനയ്ക്കുള്ള പ്രൊപ്പോസൽ സർക്കാർ പരിഗണനയിലാണ്.
ആരോഗ്യ പ്രവർത്തകർ ഇനി ആക്രമിക്കപ്പെടാൻ പാടില്ല. അതിനുള്ള നടപടികൾ കർശനമായി സ്വീകരിക്കും. മെഡിക്കൽ കോളേജുകളിൽ പബ്ലിക് അഡ്രസ് സിസ്റ്റം നടപ്പിലാക്കും. ചികിത്സാ ക്വാളിറ്റി, ജീവനക്കാരുടെ സുരക്ഷ എന്നിവ പ്രധാനമാണ്. രോഗികളുടെ വിവരങ്ങൾ അറിയിക്കുന്നതിന് ബ്രീഫിങ് റൂം ഉറപ്പാക്കണം. വാർഡുകളിൽ കൂട്ടിരിപ്പുകാർ ഒരാൾ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തിൽ 2 പേർ മാത്രം. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള അലാറം സമ്പ്രദായം നടപ്പിലാക്കണം. ചീഫ് സെക്യൂരിറ്റി ഓഫീസറുടെ നമ്പർ എല്ലാവർക്കും നൽകണം.
മെഡിക്കൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്രഷ് സംവിധാനം എല്ലാ മെഡിക്കൽ കോളേജിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ. ഡയറക്ടർ, സ്പെഷ്യൽ ഓഫീസർ, എല്ലാ മെഡിക്കൽ കോളേജുകളിലേയും പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, പിജി വിദ്യാർത്ഥികളുടേയും ഹൗസ് സർജമാരുടേയും സംഘടനാ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ