കൊല്ലം: വന്ദനാ കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ പാർപ്പിച്ചിരിക്കുന്ന പൂജപ്പുര സെൻട്രൽ ജയിലിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് കർശനമായി നിരീക്ഷിച്ചു വരികയാണ്. മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിക്കുമെന്ന സൂചനയെ തുടർന്നാണ് അന്വേഷണ സംഘത്തിന്റെ 24 മണിക്കൂർ നിരീക്ഷണം. മാരക ലഹരി പദാർത്ഥങ്ങൾ പ്രതി ഉപയോഗിച്ചിട്ടില്ല എന്നാണ് മറ്റൊരു കണ്ടെത്തൽ. അതേസമയം, പ്രതി ബോധപൂർവം അക്രമം കാട്ടിയതാണെന്നാണ് വന്ദനയുടെ സഹപ്രവർത്തകരായ ഹൗസ് സർജന്മാർ പറയുന്നത്. പൊലീസിന്റെ ഭാഗത്തെ വീഴ്ചകളും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

പ്രതി മാനസിക രോഗിയാണെന്ന വാദം ഡോക്ടർമാർ തള്ളിക്കളഞ്ഞു. പ്രതി സന്ദീപ് കൊലപാതകം നടത്തിയത് ബോധപൂർവ്വമാണ്. ബോധമുള്ള ആളിന് മാത്രമെ ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കൂ. പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങികൊടുക്കണമെന്നും ഹൗസ് സർജന്മാർ ആവശ്യപ്പെട്ടു. ആശുപത്രിയിൽ എത്തിയ പ്രതി പ്രകോപിതനായ ശേഷം ആദ്യം ഹോം ഗാർഡിനെയാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ട വന്ദന ദാസിന്റെ സുഹൃത്തും ഡോക്ടറുമായ നാദിയ പറഞ്ഞു. പിന്നീട് ആണ് സന്ദീപ് പൊലീസിനെ മർദ്ദിക്കുന്നത്. ഈ സമയത്താണ് ഡോ. വന്ദന പുറത്തേക്ക് വന്നത്. പ്രതി അക്രമകാരിയാണെന്ന് വന്ദന അറിയുന്നില്ല. സംഭവസ്ഥലത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വന്ദനയ്ക്ക് അറിയില്ലായിരുന്നു. ബോധമനസോടെയല്ല പ്രതി അക്രമം ചെയ്തതെന്നാണ് പറയുന്നത്. പ്രതി ബുദ്ധിപൂർവ്വം ചെയ്തതാണ്. അയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നും ഡോ. നാദിയ ചൂണ്ടിക്കാട്ടി.

'ബോധത്തോടെയല്ല പ്രതി ഇതെല്ലാം ചെയ്തതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ബോധത്തോടെയല്ലെങ്കിൽ കത്രിക എന്തിനാണ് അയാൾ കയ്യിൽ ഒളിച്ചുപിടിച്ചത്? അയാൾ കത്രികയെടുത്ത് മുഷ്ടി ചുരുട്ടി അതിനിടയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ആക്രമിക്കുന്ന സമയത്തു പോലും ആരും ഇത് കണ്ടിട്ടില്ല. ഇത് വെറും കത്രികയല്ല. അറ്റം വളഞ്ഞിരിക്കുന്ന ഉപകരണമാണ്. ഇതുപയോഗിച്ച് കുത്തിയാൽ വളരെ ആഴത്തിലാണ് മുറിവേൽക്കുക. മാത്രമല്ല, അതിനു ശേഷം രക്തക്കറ മായിക്കുന്നതിനായി അത് കഴുകി എടുത്ത സ്ഥലത്തു തന്നെ വയ്ക്കുകയും ചെയ്തു. ഉപയോഗിച്ച കത്രിക ഫിൽട്ടറിൽ നിന്ന് വെള്ളമെടുത്ത് കഴുകി അത് ഫിൽട്ടറിനകത്തേക്ക് ഇടുകയാണ് ഉണ്ടായതെന്നും നാദിയ പറഞ്ഞു.

അക്രമം നടക്കുമ്പോൾ ആംബുലൻസ് ഡ്രൈവറായ രാജേഷ്,മറ്റ് നഴ്സുമാരെ അകത്താക്കി വാതിലടച്ചു. ഈ സമയത്ത് വന്ദനയും മറ്റൊരു ജീവനക്കാരിയുമാണ് പുറത്തുണ്ടായിരുന്നത്. രക്ഷപ്പെട്ട ജീവനക്കാരി ഡോക്ടർ ഷിബിനോട് വന്ദനയെ പ്രതി കുത്തുന്നുവെന്ന് പറഞ്ഞു. ഇതുകേട്ട ഷിബിൻ ഓടിയെത്തി പ്രതിയെ തട്ടിമാറ്റി വന്ദനയെ രക്ഷിക്കാൻ ശ്രമിച്ചു. അപ്പോൾ വന്ദനയക്ക് ബോധമുണ്ടായിരുന്നു. ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ വന്ദനയെ ഷിബിനാണ് രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവന്നത്. പുറത്തേക്ക് കൊണ്ടുവരുമ്പോഴും വന്ദനയെ പ്രതി കുത്തിയിരുന്നു.

കരഞ്ഞ് ഒറ്റപ്പെട്ടിരിക്കുന്ന ആ അച്ഛനും അമ്മയ്ക്കും മാത്രമാണ് നഷ്ടം. ആ മാതാപിതാക്കളുടെ കണ്ണീരിന് ഓരോരുത്തരും ഉത്തരവാദിയാണ്. നമ്മുടെ സംവിധാനങ്ങൾ തെറ്റ് തന്നെയാണെന്നും ഡോക്ടർ നാദിയ വിമർശിച്ചു. എത്രയും വേഗം കേസ് റിപ്പോർട്ട് സമർപ്പിച്ച് സന്ദീപിന് മാക്സിമം ശിക്ഷ വാങ്ങിച്ചുകൊടുക്കണം. ഡോക്ടർ വന്ദനയുടെ അച്ഛനും അമ്മയ്ക്കും വേണ്ടി സാന്ത്വനം നൽകുന്ന ഒരു വാക്ക് ആണ് ഞങ്ങൾക്ക് വേണ്ടത്. നമ്മൾ അവിടെ പോയി രണ്ടിറ്റ് കണ്ണീർ വീഴ്‌ത്തിയതുകൊണ്ടോ ബാഷ്പാഞ്ജലി അർപ്പിച്ചതുകൊണ്ടോ പൂക്കൾ വിതറിയതുകൊണ്ടോ കാര്യമില്ല. ഡോക്ടർമാരെല്ലാം സമരം പിൻവലിച്ച് ഡ്യൂട്ടിക്കു കയറാൻ തുടങ്ങുകയാണ്. പക്ഷേ, ഞങ്ങൾക്കിടയിൽ കണ്ണീരുണങ്ങുന്നില്ല. അന്ന് ഞങ്ങളിലൊരാളുടെ പേരാണ് ഡ്യൂട്ടി ലിസ്റ്റിലുണ്ടായിരുന്നതെങ്കിൽ അവിടെ വന്ദനയ്ക്കു പകരം ഉണ്ടാകേണ്ടിയിരുന്നത് ഞങ്ങളാണ്.'

ഫാസ്റ്റ് ട്രാക്ക് കോടതിയിൽ തന്നെ കേസ് നടത്തണം. ദ്രുതഗതിയിൽ തന്നെ വിധി വരണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. പ്രതി ആയുധം ആരും കാണാതെ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും മറ്റൊരു ഡോക്ടറും പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായെന്നും ഡോക്ടർമാർ ആരോപിച്ചു. പ്രതി അക്രമകാരി ആകുമെന്ന് പൊലീസ് നേരത്തെ അറിയണമായിരുന്നു. പൊലീസ് സ്വയം രക്ഷയ്ക്ക് എഴുന്നേറ്റ് ഓടുകയാണുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ ട്രെയിനിങ് ലഭിച്ചിരുന്നില്ല. ട്രെയിനിങ് കൊടുക്കണമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.

മുഖ്യമന്ത്രി ഓർഡിനൻസ് ഇറക്കാമെന്ന് ഉറപ്പ് തന്നിരുന്നു. എന്നാണ് ഓർഡിനൻസ് പുറത്തു വരിക. സന്ദീപിന് സുഖ ജീവിതം കൊടുക്കാനുള്ള സമയമല്ല ഞങ്ങൾ ആവശ്യപ്പെടുന്നത്. എന്തുകൊണ്ട് മറ്റു രാജ്യങ്ങളിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നില്ല. ഡോ. വന്ദനയ്ക്ക് നീതി എവിടെയെന്നും ഡോക്ടർമാർ ചോദിച്ചു.

ആരോഗ്യ മന്ത്രി കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ബ്ലോക്കിന് വന്ദനയുടെ പേര് നൽകുമെന്ന് പറഞ്ഞു. അതുകൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കുമോ. ബന്ധുവിനെ കണ്ടപ്പോൾ സന്ദീപ് പ്രകോപിതനായി എന്നാണ് പറയുന്നത്. ആശുപത്രിയിൽ എത്തിയ സന്ദീപ് പല കാര്യങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. മൊബൈലിൽ വീഡിയോ അടക്കം എടുത്തു. നിന്നെയൊക്കെ കൊല്ലുമെന്ന് പറഞ്ഞുകൊണ്ടാണ് പ്രതി വന്നതെന്നും ഹൗസ് സർജന്മാർ പറഞ്ഞു.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് അന്വേഷണ സംഘവും

പതിക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വന്ദനയെ കുത്തി വീഴ്‌ത്തിയ ശേഷം ബഹളമുണ്ടാക്കിയതും ആദ്യ ദിവസം സെല്ലിനുള്ളിൽ അലറി വിളിച്ചതും മാനസികപ്രശ്‌നം മൂലമല്ലെന്നും പൊലീസ് പറയുന്നു. അതായതുകൊലപാതകം കൃത്യമായ ബോധ്യത്തോടെ ആയിരുന്നു എന്ന ആദ്യ വാദം കൂടുതൽ ഉറപ്പിക്കുകയാണ് അന്വേഷണ സംഘം. പ്രതി വാർഡന്മാരോട് സംസാരിക്കുകയും കുടുംബ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ സന്ദീപിനെ കൗൺസിലിങ്ങിന് വിധേയനാക്കാനാണ് തീരുമാനം.

പ്രതി സഹകരിക്കുമെന്ന് ഉറപ്പായാൽ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. സന്ദീപ് മാരക ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചതായി ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. മദ്യം മാത്രമാണ് ലഹരിക്കായി പ്രതി ഉപയോഗിച്ചിരുന്നത്. മദ്യാസക്തി കുറയ്ക്കാൻ ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സ തേടിയതിന്റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.