കോട്ടയം: ഡോക്ടറാകണമെന്ന സ്വപ്‌നം ഏകമകൾ യാഥാർത്ഥ്യമാക്കിയതിൽ അഭിമാനംകൊണ്ട മാതാപിതാക്കൾ, എന്നാൽ അതേ ജോലിക്കിടെ പൊന്നുമകളുടെ ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് മാതാപിതാക്കളായ കോട്ടയം കടുത്തുരുത്തി മുട്ടുചിറ പട്ടാണമുക്കിൽ നമ്പിച്ചിറക്കാലായിൽ (കാളി പറമ്പിൽ) കെ.ജി. മോഹൻദാസും വസന്തകുമാരിയും. ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ആളുടെ ആക്രമണത്തിന് ഇരയായ കാര്യം അറിയുമ്പോൾ മകളുടെ സ്ഥിതി ഗുരുതരമായിരുന്നെന്ന് ആ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. തിരുവനന്തപുരത്തേക്കുള്ള വഴിമധ്യേയാണ് മരണവിവരം ഇവർ അറിയുന്നത്.

മകൾ രോഗിയുടെ ആക്രമണത്തിന് ഇരയായ വാർത്തയറിഞ്ഞ് പുലർച്ചെ തിരുവനന്തപുരത്തേക്ക് തിരിച്ച അച്ഛനും അമ്മയും ഇനി മടങ്ങുക അവളുടെ ചേതനയറ്റ ശരീരവുമായാണ്. തങ്ങളുടെ സ്വപ്നവും പ്രതീക്ഷയുമായ ഏകമകൾ ഇനിയില്ല എന്ന തിരച്ചറിവ് ആ മാതാപിതാക്കൾക്ക് എത്രത്തോളം ഉൾക്കൊള്ളാനാകും. കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച ലഹരിക്ക് അടിമയായ ആളുടെ ആക്രമണത്തിലാണ് ഡോക്ടർ വന്ദന ദാസിന് ജീവൻ നഷ്ടമായത്. മകൾ ഡോക്ടറാകണമെന്ന മാതാപിതാക്കളുടെ ആഗ്രഹം സഫലമാക്കിയ മകൾ, അതേ ജോലിക്കിടെ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ആ കുടുംബവും നാട്ടുകാരും.

ഒരു നല്ല ഗൈനക്കോളജിസ്റ്റ് ആകണമെന്നായിരുന്നു വന്ദനയുടെ ആഗ്രഹം. ആ ലക്ഷ്യത്തിലേക്ക് അടുക്കവെയാണ് ഹൗസ് സർജൻസിയുടെ ഭാഗമായുള്ള ജോലിക്കിടെ ലഹരിക്ക് അടിമയായ പ്രതിയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലാണ് വന്ദന എം.ബി.ബി.എസ്. പൂർത്തിയാക്കിയത്.



കുറവിലങ്ങാട് ഡി പോൾ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു പ്ലസ് ടു വരെ പഠിച്ചത്. പഠനത്തിൽ ഏറെ മികവുപുലർത്തി വന്ദന അക്കാലത്തുതന്നെ എം.ബി.ബി.എസ്. കിട്ടാനുള്ള തീവ്ര തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. താൻ ഡോക്ടറായി കാണണമെന്ന മാതാപിതാക്കളുടെ സ്വപ്നം എങ്ങനേയും നിറവേറ്റണമെന്ന ലക്ഷ്യം മാത്രമേ വന്ദനയ്ക്ക് മുന്നിലുണ്ടായിരുന്നുള്ളു. ഒടുവിൽ മകൾ ആ ലക്ഷ്യം കൈവരിച്ചതോടെ വീടിന് മുന്നിലെ മതിലിൽ Dr Vandana Das MBBS എന്ന ബോർഡ് മാതാപിതാക്കൾ സ്ഥാപിച്ചിട്ടും അധിക കാലമായിട്ടില്ല. വന്ദനയുടെ മരണവിവരം അറിഞ്ഞ് വീട്ടിലേക്ക് വരുന്നവർക്ക് നൊമ്പരക്കാഴ്ചയായി മാറുകയാണ് ഈ ബോർഡ്.

സാമൂഹിക കാര്യങ്ങളിൽ സജീവമായി ഇടപെടുന്നതിനാൽ നാട്ടുകാർക്ക് ഏറെ സുപരിചതമായ കുടുംബമായിരുന്നു മോഹൻദാസിന്റേത്. ആ കുടുംബത്തിലെ ദുഃഖവാർത്ത കേട്ടുകൊണ്ടാണ് പട്ടാണമുക്ക് പ്രദേശം ബുധനാഴ്ച ഉണർന്നത്. മകൾക്ക് അപകടം പറ്റിയെന്ന് ആശുപത്രിയിൽനിന്ന് വിളിച്ചറിയിച്ചതിനെ തുടർന്ന് മോഹൻദാസും വസന്തകുമാരിയും പുലർച്ചെ ആറരയോടെ തന്നെ വീടുപൂട്ടി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് തിരിച്ചിരുന്നു. പിന്നാലെ മരണം സ്ഥിരീകരിച്ച വാർത്ത അറിഞ്ഞതോടെ പ്രദേശവാസികളെല്ലാം ഇവരുടെ വീടിന് മുന്നിലേക്ക് ഒഴുകിയെത്തി. വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ ഗേറ്റിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന നാട്ടുകാർ സംസ്‌ക്കാര ചടങ്ങുകൾക്കും മറ്റുമുള്ള ക്രമീകരണങ്ങൾ ഒരുക്കി.

നാട്ടിൽ വരുമ്പോഴെല്ലാം എല്ലാവരോടും സ്നേഹത്തോടെ പെറുമാറുന്ന വളരെ ലാളിത്യമുള്ള കുട്ടിയായിരുന്നു വന്ദനയെന്നും കൊലപാതകവാർത്ത അറിഞ്ഞപ്പോൾ വലിയ ഞെട്ടലുണ്ടായെന്നും പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. ഏക മകളെ മോഹൻദാസും വസന്ത കുമാരിയും ഏറെ പരിശ്രമിച്ചാണ് ഡോക്ടറാക്കിയതെന്നും വിയോഗ വാർത്ത താങ്ങാനാകുന്നില്ലെന്നും അയൽവാസികൾ പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പ്രതിയുടെ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. സർജിക്കൽ കത്രിക കൊണ്ട് ശരീരത്തിൽ ആറു കുത്തേറ്റ വന്ദനയുടെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. ആക്രമണത്തിന് പിന്നാലെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഇതിനിടെ പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പ്രതി നെടുമ്പനയിലെ യുപി സ്‌കൂൾ അദ്ധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്‌സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.