- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾ ഉടൻ കൊല്ലപ്പെടും, അതൊരുപക്ഷേ ഞാനായിരിക്കാം, ഞാനെന്നല്ല! അതാരുമാകാം! കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനൊ, ആരോഗ്യപ്രവർത്തകയോ, കൊല്ലപ്പെടും; അങ്ങനെയൊന്ന് ഉടൻ സംഭവിച്ചില്ലെങ്കിൽ മാത്രമാണ് അദ്ഭുതം; ഡോ.സുൽഫി നൂഹൂവിന്റെ പഴയ പോസ്റ്റ് ചർച്ചയാകുന്നു
തിരുവനന്തപുരം' ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിക്കുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി കെ അശോകനെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത് മാർച്ചിലാണ്.
ഡോക്ടർമാർക്കു നേരേയുള്ള ആക്രമണങ്ങൾ കൂടിവരികയാണെന്നും അവരുടെ ജീവൻ ആശങ്കയുടെ നിഴലിലാണെന്നും ഐഎംഎ പ്രസിഡന്റ് ഡോ. സുൽഫി നൂഹു അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റിനു നേരം ആക്രമണം നടന്നപ്പോൾ ഒരാൾ ഉടൻ കൊല്ലപ്പെടുമെന്ന് ഡോ. സുൽഫി ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. സുൽഫിയുടെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു.
ഡോ.സുൾഫി നൂഹുവിന്റെ രണ്ടുമാസം മുമ്പത്തെ പോസ്റ്റ്:
ഒരാൾ ഉടൻ കൊല്ലപ്പെടും.അതൊരുപക്ഷേ ഞാനായിരിക്കാം. ഞാനെന്നല്ല! അതാരുമാകാം! കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനൊ, ആരോഗ്യപ്രവർത്തകയൊ, കൊല്ലപ്പെടും. അധികം താമസിയാതെ.ആശുപത്രി ആക്രമണങ്ങളിൽ അങ്ങനെയൊന്ന് ഉടൻ സംഭവിച്ചില്ലെങ്കിൽ മാത്രമാണ് അത്ഭുതം. പലപ്പോഴും തല നാരിഴയ്ക്കാണ് മരണം മാറി പോയിട്ടുള്ളത്. എത്രനാൾ ഭാഗ്യത്തിന്റെ കണിക സഹായിക്കുമെന്നറിയില്ല. ആഴ്ചയിൽ ഒന്ന് എന്നാണ് കേരളത്തിൽ ആശുപത്രി ആക്രമങ്ങളുടെ കണക്ക്.
മരണ ഭയത്തോടെ രോഗിക്ക് നല്ല ചികിത്സ നൽകാൻ കഴിയില്ല. സ്വന്തം ജീവൻ സുരക്ഷിതമാക്കുന്ന പരക്കംപാച്ചിലിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഡിഫൻസിവ് ചികിത്സാരീതിയിലേക്ക് വഴുതിപ്പോകുന്നത് അത്യന്തം അപകടം. അതുകൊണ്ട് ജീവിക്കുവാനല്ല ഈ സമരം. ജീവൻ രക്ഷിക്കുവാൻ!
ഇത്തവണ തലനാരിഴയ്ക്ക് തന്നെയാണ് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടർ അശോകൻ രക്ഷപ്പെട്ടത്. അവിടെയുണ്ടായിരുന്ന പൊലീസുകാരുടെ അഭിപ്രായത്തിൽ അവർ അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഡോക്ടർ കൊല്ലപ്പെടുമായിരുന്നത്രേ. സത്യത്തിന്റെ മുഖം അതീവ വിരൂപമാണ്.അതെ നിവർത്തികേടുകൊണ്ടാണ് ഈ സമരം. ഡോക്ടർമാരോട് പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ ബുദ്ധിമുട്ടാണ്.അവർ അതിനെ ശക്തിയുക്തം എതിർക്കും. പക്ഷേ സ്വന്തം ജീവനെതിരെ വെല്ലുവിളി ഉയരുമ്പോൾ സമരം ചെയ്യൂയെന്ന് അംഗങ്ങൾ ആദ്യം ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു.കൊലപാതക ശ്രമത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. മുഖ്യപ്രതി സ്വൈര്യ വിഹാരം നടത്തുന്നത് അംഗീകരിക്കാനാവില്ല.
കേരളത്തിൽ ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിക്കാനുള്ള സർക്കാരിന്റെ തീരുമാന സഹർഷം സ്വാഗതം ചെയ്യുന്നു. എന്നാൽ കാലതാമസം ഒരാൾ കൊല്ലപ്പെടാൻ കാരണമായേക്കാം! ഒരുപക്ഷേ പൊതുജനാരോഗ്യ ബില്ലിനേക്കാൾ പ്രാധാന്യം ആശുപത്രി സംരക്ഷണ നിയമം തന്നെയാണ്. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ഇത് സംബന്ധിച്ച് ഹൈക്കോടതി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടണം. അതെ സ്വന്തം ജീവൻ രക്ഷിക്കുക തന്നെയാണ് ഏറ്റവും പ്രാധാന്യമുള്ളത്. അതുകൊണ്ടുതന്നെ മാർച്ച് 17 ലെ ഈ സമരം ജീവൻ രക്ഷിക്കുവാനുള്ളത്. ആരും കൊല്ലപ്പെടാതിരിക്കട്ടെ.
ഫാത്തിമ ആശുപത്രി സഭവം ഇങ്ങനെ:
ഫാത്തിമ ആശുപത്രിയിൽ വെച്ച് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞു പ്രസവത്തിനിടെ മരിച്ചിരുന്നു. എങ്കിലും ശാരീരിക ആവശതകളെ തുടർന്ന് യുവതി ചികിത്സയിൽ തുടരുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ ഡോക്ടർ അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടെ യുവതിയുടെ സി ടി സ്‌കാൻ റിസൾട്ട് വൈകിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇതിനിടയിലാണ് രോഗിയുടെ ബന്ധുക്കൾ നഴ്‌സിങ് കൗണ്ടറിന്റെ ചില്ലുകൾ ചെടിച്ചട്ടികൾ കൊണ്ട് എറിഞ്ഞു തകർത്തത്. ഇതിനിടെ സ്ഥലത്തെത്തിയ ഡോക്ടർ അനിതയുടെ ഭർത്താവായ ഡോക്ടർ അശോകനെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നു.
യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ അനാവശ്യമായി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. ഡോക്ടർ അശോകന് മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു.
മറുനാടന് മലയാളി ബ്യൂറോ