- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹം പുറത്തേക്ക് എടുക്കാന്‍ തടസ്സം നിന്ന് ആശ ലോറന്‍സും മകനും; വനിതാ പ്രവര്‍ത്തകരുമായി ഉന്തും തള്ളും; ആശയെയും മകനെയും ബലം പ്രയോഗിച്ച് നീക്കി; എറണാകുളം ടൗണ്‍ ഹാളില്‍ നാടകീയ രംഗങ്ങള്‍
എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ റണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍.മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. ലോറന്‍സിന്റ മകള്‍ ആശ മൃതദേഹത്തിന്റെ അരികില്‍ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാന്‍ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. മകളും വനിതാ പ്രവര്‍ത്തകരും തമ്മില്‍ ചെറിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ, മകളുടെ മകനും രംഗത്തെത്തിയതോടെ വളണ്ടിയര്‍മാരുമായി ഉന്തും തള്ളുമുണ്ടായി. മൃതദേഹം പുറത്തേക്കെടുക്കാന്‍ ഇരുവരും തടസ്സം നിന്നു. തുടര്‍ന്ന് മകളേയും മകനേയും ബലം പ്രയോഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്. ബന്ധുക്കളെത്തിയാണ് ഇരുവരേയും മാറ്റിയത്.
മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനില്‍കില്ലെന്ന് വ്യക്തമാക്കിയ മകള്‍ ആശ ലോറന്‍സും അവരുടെ മകനും മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തര്‍ക്കത്തിനിടെ മകള്‍ ആശ ലോറന്‍സ് നിലത്തുവീണു. പിന്നീട് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ലോറന്‍സ് ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. വിധി വരും വരെ ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം. ലോറന്‍സിന്റെ മൃതദേഹം നാല് മണിക്ക് തന്നെ മെഡിക്കല്‍ കോളേജിന് കൈമാറും. മൃതദേഹം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി.അരുണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ലോറന്‍സിന്റെ ആഗ്രഹപ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. ലോറന്‍സിന്റെ അടുത്ത ബന്ധുക്കളും പാര്‍ട്ടിക്കാരുമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇതിന് മുന്നിട്ടിറങ്ങിയത്. എന്നാല്‍, ഇത്തരത്തിലൊരു താത്പര്യം പിതാവ് പ്രകടിപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് ആശ രംഗത്തുവന്നത്. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യന്‍ മതാചാര പ്രകാരം സംസ്‌കരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇളയ മകളായ ആശ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്.
വൈദ്യപഠനത്തിനായി മൃതദേഹം വിട്ടുകൊടുക്കാന്‍ താത്പര്യമില്ലെന്നും അക്കാര്യത്തില്‍ എല്ലാ മക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം വേണമായിരുന്നു തീരുമാനമെടുക്കാനെന്നും ആശ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പിതാവ് സഭാംഗമാണെന്നും അദ്ദേഹത്തിന്റെ വിവാഹം നടന്നത് തൃപ്പൂണിത്തുറ യാക്കോബായ പള്ളിയില്‍ വച്ചാണെന്നും മകള്‍ ആശാ ലോറന്‍സ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ലോറന്‍സിന്റെ എല്ലാ മക്കളുടെയും മാമോദീസ നടന്നത് പള്ളിയില്‍ വച്ചാണ്. എല്ലാവരുടെയും വിവാഹം നടന്നതും മതാചാരപ്രകാരമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ തന്റെ പിതാവ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും ആശാ ലോറന്‍സ് ഹര്‍ജിയില്‍ പറഞ്ഞു.
എം എം ലോറന്‍സിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയെന്ന് ആശാ ലോറന്‍സ് ഇന്നലെ ഫേസ്ബുക്കിലെ കുറിപ്പില്‍ ആരോപിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് ലോറന്‍സ് എവിടേയും പറഞ്ഞിട്ടില്ല. ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശാ ലോറന്‍സ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ പിതാവിന്റെ ആഗ്രഹപ്രകാരമാണ് മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറാന്‍ തീരുമാനിച്ചതെന്ന് മകന്‍ സജീവ് വ്യക്തമാക്കി. ബിജെപി ആര്‍.എസ്.എസിലെ ചിലര്‍ ആശയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഈ വിവാദങ്ങളെല്ലാമെന്നും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ആശ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ അവരുടെ സാന്നിധ്യം വ്യക്തമാക്കുന്നതാണെന്നും സജീവ് പറയുന്നു. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും ബഹുജന മധ്യത്തില്‍ അവഹേളിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സജീവ് പറയുന്നു
താനും സഹോദരി സുജാതയും മൃതദേഹം കൈമാറുന്നതിന് സമ്മതപത്രം നല്‍കിയിരുന്നു എന്നാണ് മകന്‍ എം.എല്‍.സജീവന്‍ പറയുന്നത്. ''എങ്ങനെ വേണമെന്നുള്ളത് അപ്പച്ചന്‍ പറഞ്ഞിട്ടുണ്ട്. അത് പാര്‍ട്ടിയെ അറിയിച്ചു. ഇളയ പെങ്ങളുടെ നീക്കത്തിനു പിന്നില്‍ ആര്‍എസ്എസുകാരാണ്. അപ്പച്ചന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെ കോടതിയില്‍ പോയിരുന്നു. ഞാന്‍ പാര്‍ട്ടിക്കാരനാണ്, ഞാനാണ് അത് തയാറാക്കുന്നത്. അന്നത്തെ അഭിഭാഷകന്‍ ബിജെപി ബന്ധമുള്ളയാളായിരുന്നു. അപ്പച്ചന് ഇക്കാര്യം അറിയാമായിരുന്നു.'' സജീവന്‍ പറഞ്ഞു.
''കലൂര്‍ കത്രിക്കടവ് സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ ആചാരപ്രകാരം അടക്കണമെന്നാണ് ആഗ്രഹം. മൃതദേഹം മെഡിക്കല്‍ കോളജിനു കൊടുക്കാന്‍ പിതാവ് പറഞ്ഞിട്ടില്ല. അമ്മയെയും മരിച്ചു പോയ സഹോദരനെയും സംസ്‌കരിച്ചിരിക്കുന്നതും മതാചാരപ്രകാരമാണ്. സഹോദരന്‍ സിപിഎം അംഗമാണ്. അതുകൊണ്ട് പാര്‍ട്ടിയെ തൃപ്തിപ്പെടുത്താനാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്'', ആശ ലോറന്‍സ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ലോറന്‍സിന്റെ മരണം.