കൊച്ചി: ഏറെക്കാലമായി തകര്‍ന്നുകിടക്കുകയായിരുന്ന റോഡ് കോടികള്‍ ചെലവിട്ട് നന്നാക്കിയതോടെ നിരത്തിലിറങ്ങാന്‍ നാട്ടുകാര്‍ക്ക് ഭയമായി തുടങ്ങി. ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങള്‍. എപ്പോള്‍ വേണമെങ്കിലും നിരത്തില്‍ ജീവന്‍ പൊലിയാവന്ന അവസ്ഥ. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ തിരുവോണ ദിനത്തില്‍ കണ്‍മുന്നിലുണ്ടായ അപകടം. മൂന്നു വിദ്യാര്‍ഥികള്‍ അമിതവേഗത്തില്‍ സഞ്ചരിച്ച ബൈക്കാണ് പ്രദേശവാസിയായ സേവ്യറെ ഇടിച്ചു വീഴ്ത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും 59 വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ നാട്ടുകാര്‍ ഒന്നു തീരുമാനിച്ചു. വാഹനത്തില്‍ ചീറിപ്പാഞ്ഞെത്തി ആളെ കൊല്ലുന്ന ഈ സംഘങ്ങളെ പിടിച്ചുകെട്ടണം.

വൈകിയില്ല, നാട്ടുകാര്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡ് വഴിയില്‍ വച്ചു. അത് ഇങ്ങനെയാണ്: ''ശ്രദ്ധിക്കുക, അമിതവേഗത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ നാട്ടുകാരുടെ തല്ല് ഉറപ്പ്. ഒരു ദയയും ഉണ്ടാകില്ല''. മുന്നറിയിപ്പ് ബോര്‍ഡ് ഫലം കണ്ടുതുടങ്ങി. പറഞ്ഞുവന്നത് എറണാകുളം ജില്ലയിലെ ദേശംവള്ളക്കടവ് റോഡിലെ നിരന്തര അപകടം ഒഴിവാക്കിയ നാട്ടുകാരുടെ ഇടപെടലാണ്. കണ്ണാടി പോലെ തിളങ്ങുന്ന റോഡും കണ്ണുമടച്ചുള്ള വണ്ടിയോടിക്കലും ചേര്‍ന്നതോടെ റോഡില്‍ ദിവസവും അപകടങ്ങളായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ പണിതീര്‍ത്ത റോഡില്‍ ദിവസവും ചോരവീണു തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്.

അപകടം ഒഴിവാക്കാന്‍ ബോര്‍ഡ് വയ്ക്കുക മാത്രല്ല നാട്ടുകാര്‍ ചെയ്തത്, അപകടം സംഭവിച്ചാല്‍ പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ഒരു ആംബുലന്‍സും വാങ്ങി. പിരിവെടുത്ത് 9 ലക്ഷം രൂപയുണ്ടാക്കിയാണ് നാടിന് സ്വന്തമായി ആംബുലന്‍സ് വാങ്ങിയത്. അപകടം തടയാന്‍ മുന്നറിയിപ്പു ബോര്‍ഡും ആംബുലന്‍സും ആയതോടെ നാട്ടുകാര്‍ക്ക് അല്‍പം സമാധാനമുണ്ട്.

ഏറെക്കാലമായി തകര്‍ന്നുകിടക്കുകയായിരുന്ന 14.1 കിലോമീറ്റര്‍ ദൂരമുള്ള ദേശംവള്ളക്കടവ് റോഡ് 17 കോടി രൂപ ചെലവഴിച്ചാണ് കഴിഞ്ഞ വര്‍ഷം നവീകരിച്ചത്. റോഡ് മോശം അവസ്ഥയിലായിരുന്നപ്പോള്‍ അപകടങ്ങള്‍ കുറവായിരുന്നുവെന്നു വാര്‍ഡ് അംഗം ഗ്രേസി ദയാനന്ദന്‍ പറയുന്നു. 'അമിതവേഗത്തിലാണ് വണ്ടികള്‍ പോകുന്നത്. പലരും ലഹരിമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിലാണ്. പ്രദേശവാസികളുടെ സുരക്ഷയ്ക്ക് ഇങ്ങനെയൊരു മുന്നറിയിപ്പു ബോര്‍ഡ് വയ്ക്കുകയല്ലാതെ ഞങ്ങള്‍ക്കു മറ്റു വഴിയുണ്ടായില്ല' അവര്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് ജനങ്ങളില്‍നിന്ന് സംഭാവന പിരിച്ച് ആംബുലന്‍സ് വാങ്ങിയത്. മുന്നറിയിപ്പു ബോര്‍ഡുകള്‍ ഫലംചെയ്യുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.ജി.നിഷാദ് പറയുന്നു. പ്രത്യേകിച്ചും യുവാക്കളായ ബൈക്ക് യാത്രികര്‍ വേഗം കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു. റോഡില്‍ ആവശ്യത്തിന് സൂചനാബോര്‍ഡുകള്‍ ഇല്ലെന്നും നിഷാദ് ചൂണ്ടിക്കാട്ടി.

ബിഎംബിസി നിലവാരത്തില്‍ നവീകരിച്ച റോഡില്‍ ആവശ്യത്തിനു മുന്നറിയിപ്പു ബോര്‍ഡുകളുണ്ടെന്നാണ് പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം അവകാശപ്പെടുന്നത്. വളവുകള്‍ നിവര്‍ത്തല്‍ പദ്ധതിയുടെ ഭാഗമല്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ആവശ്യത്തിനു സ്പീഡ് ബ്രേക്കറുകളോ ക്യാമറകളോ വളവു നിവര്‍ത്താനുള്ള പദ്ധതികളോ ഇല്ലെങ്കില്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമെന്നു നാട്ടുകാര്‍ പറയുന്നു.