- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹാഷ്മി-രാഹുല്‍ അഭിമുഖം ജനകീയ സമരങ്ങളെ മുക്കാനുള്ള മാധ്യമ അജണ്ടയോ? 'പ്രണയ പുരാണം' രാഹുലിന് തിരിച്ചടിയാകുമെന്ന് ഡോ. ബെറ്റിമോള്‍ മാത്യു; നിയമപോരാട്ടം കോടതിയിലാകട്ടെ, ചാനലുകളിലല്ല വേണ്ടതെന്നും മുന്നറിയിപ്പ്
'പ്രണയ പുരാണം' രാഹുലിന് തിരിച്ചടിയാകുമെന്ന് ഡോ. ബെറ്റിമോള്‍ മാത്യു

തിരുവനന്തപുരം: രാഷ്ട്രീയ കേരളം സഭാതലത്തിലും തെരുവിലും സര്‍ക്കാരിനെതിരെ ഉജ്ജ്വലമായ പോരാട്ടം നയിക്കുമ്പോള്‍, ചര്‍ച്ചകളെ വഴിതിരിച്ചുവിടാന്‍ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ബെറ്റിമോള്‍ മാത്യു. ഹാഷ്മി താജ് ഇബ്രാഹിം രാഹുല്‍ മാങ്കൂട്ടത്തിലിനെ വെച്ച് നടത്തിയ ഇന്റര്‍വ്യൂവും അതിനെത്തുടര്‍ന്നുണ്ടായ ധാര്‍മ്മികതാ ചര്‍ച്ചകളും വെറും പുകമറയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
മാധ്യമ ധാര്‍മ്മികതയും ഇരട്ടത്താപ്പും
വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെള്ളപൂശാന്‍ ശ്രമിച്ചവര്‍ പോലും ഇന്ന് മാധ്യമ ധാര്‍മ്മികതയെക്കുറിച്ച് വാചാലരാകുന്നത് പരിഹാസ്യമാണെന്ന് ഡോ. ബെറ്റിമോള്‍ മാത്യു വ്യക്തമാക്കുന്നു. പൊതുസമൂഹത്തിന് ഒരു ഗുണവുമില്ലാത്ത ചില വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലെ താളപ്പിഴകളും ചാറ്റുകളും ചര്‍ച്ചയാക്കി മലയാളിയെ തളച്ചിടുന്നത് വലിയൊരു അധാര്‍മ്മികതയാണ്.
ശ്രദ്ധ തിരിക്കാനുള്ള 'മാധ്യമ വിദ്യ'
സംസ്ഥാനം ചര്‍ച്ച ചെയ്യേണ്ട നിര്‍ണ്ണായകമായ പല വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ഈ 'അതിജീവിത' നാടകങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ള, രക്തസാക്ഷി ഫണ്ട് കൊള്ള, ബ്രഹ്‌മഗിരി അഴിമതി, സഹകരണ ബാങ്ക് കൊള്ള തുടങ്ങിയവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തുന്ന ശക്തമായ പോരാട്ടങ്ങള്‍ മുക്കിക്കളയാന്‍ വേണ്ടിയാണ് ക്യാമറയും മൈക്കുമായി മാധ്യമങ്ങള്‍ രാഹുലിനെ തേടിയിറങ്ങുന്നതെന്ന് ഡോ. ബെറ്റിമോള്‍ നിരീക്ഷിക്കുന്നു. രാഹുല്‍ പക്ഷം/വിരുദ്ധ പക്ഷം എന്ന ബൈനറി സൃഷ്ടിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കൈയടക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍.
കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള 'വിടുപണി'
വിവാദ നായകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ് ഇതിനോടകം രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഇരുന്ന് മറുഭാഗത്തിന് വിടുപണി ചെയ്യുന്ന ചിലര്‍ ഷാഫി പറമ്പിലിനെയും മറ്റും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നു. ഇതിലൂടെ പാര്‍ട്ടിയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
രാഹുലിനോട് ഒരു വാക്ക്: 'മൗനം വിദ്വാന് ഭൂഷണം'
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാലിക്കേണ്ടത് ആരോഗ്യകരമായ അകലമാണെന്ന് ബെറ്റി നിര്‍ദ്ദേശിക്കുന്നു. മാധ്യമങ്ങളിലൂടെയുള്ള പോരാട്ടം രാഹുലിനെ കുറ്റവിമുക്തനാക്കില്ല. അഗ്‌നിശുദ്ധി തെളിയിക്കേണ്ടത് കോടതിയിലാണ്. സ്ത്രീസൗഹൃദ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനോടുള്ള പൊതുസമൂഹത്തിന്റെ വിയോജിപ്പാണ് രാഹുലിന് ഇപ്പോള്‍ കിട്ടുന്ന പിന്തുണ. അത് സ്വഭാവ സര്‍ട്ടിഫിക്കറ്റായി കാണരുത്. പ്രതിപക്ഷം കെട്ടിപ്പടുത്ത ഭരണവിരുദ്ധ വികാരം ഇല്ലാതാക്കുന്ന ഒരു ഉപകരണം മാത്രമായി രാഹുല്‍ മാറരുത്.
ഡോ. ബെറ്റിമോള്‍ മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഒരു ഇന്റര്‍വ്യൂവും ഒരു മുഴം ധാര്‍മ്മികതയും
ഹാഷ്മി /രാഹുല്‍ മാങ്കൂട്ടം എം.എല്‍ എ ഇന്റര്‍വ്യൂ വന്നതു മുതല്‍ നാനാതരം മാധ്യമങ്ങളിലാകെ ധാര്‍മ്മികതാ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. വണ്ടിപ്പെരിയാര്‍ പോക്‌സോ കൊലപാതകക്കേസ് പ്രതിയെ കോട്ടിടുവിച്ച് ചാനലില്‍ വിളിച്ചിരുത്തി ഇന്റര്‍വ്യൂ ചെയ്ത അരുണ്‍ കുമാര്‍ വരെ ഹാഷ്മിയുടെ അധാര്‍മ്മികതയില്‍ രോഷാകുലനാണ് . !
മാധ്യമങ്ങള്‍ ഒഴുക്കി വിടുന്ന ചര്‍ച്ചകള്‍ ഓരോന്നും എത്രത്തോളം ധാര്‍മ്മികമാണെന്നതു അവര്‍ തന്നെ ആലോചിച്ചു നോക്കട്ടെ .
ധാര്‍മ്മികതയെ നിര്‍ണ്ണയിക്കുന്ന ഒന്നാമത്തെ കാര്യം വിഷയത്തിന്റെ മെരിറ്റാണ്. സത്യസന്ധതയാണ്. പ്രസ്തുത വിഷയം പൊതു സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ്. പൊതു ജീവിതത്തിലോ, കലാരംഗത്തോ, സാംസ്‌കാരിക രംഗത്തോ ഒന്നും പറയത്തക്ക സംഭാവനകളൊന്നും നല്‍കിയിട്ടില്ലാത്ത കുറച്ചു വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലെ താളപ്പിഴകളും വ്യക്തിപരമായ ഇടപാടുകളും ചാറ്റുകളുമൊക്കെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കവിതര്‍ക്കങ്ങളില്‍ മലയാളിയെ കെട്ടിയിടാനുള്ള മാധ്യമ അജണ്ടയാണു ഈ വിഷയത്തിലെ ഏറ്റവും വലിയ അധാര്‍മ്മികത . ആ അധാര്‍മ്മികത ഇന്നു മുഖ്യധാരാ മാധ്യമങ്ങളുടെ മുഖമുദ്രയായിക്കഴിഞ്ഞു. അതിനപ്പുറം മാധ്യമ പ്രവര്‍ത്തകനായ ഹാഷ്മി, രാഹുലിനെ വെള്ളപൂശാനിറങ്ങി മാധ്യമ ധാര്‍മ്മികത അപകടത്തിലാക്കി എന്നൊക്കെ വിലപിക്കുന്നവര്‍ ഹാഷ്മിയടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ആര്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്നു എന്നതു തിരിച്ചറിയാത്തവരാണ്. !
ശബരിമലക്കൊള്ള, രക്തസാക്ഷി ഫണ്ടു കൊള്ള, ബ്രഹ്‌മഗിരിക്കൊള്ള, സഹകരണക്കൊള്ള തുടങ്ങി അറ്റമില്ലാത്ത അഴിമതികളും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും നടത്തുന്ന ശക്തമായ സമരങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രമാണ് ഹാഷ്മി താജ് ഇബ്രാഹിം ക്യാമറയും മൈക്കുമായി രാഹുല്‍ മാങ്കൂട്ടമെന്ന അതിജീവിതനെ തേടിയിറങ്ങിയതെന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. !
ക്യാമറയും മൈക്കും കണ്ടാല്‍ കണ്‍ട്രോളു പോകുന്ന അതിജീവിതന്‍' എനിക്കും പറയാനുണ്ട് 'എന്ന ലൈനില്‍ കത്തിക്കയറുമെന്നും അതിനെ തുടര്‍ന്നുള്ള മറുപടിയും വെല്ലുവിളിയുമൊക്കെയായി അതിജീവിതരും ആക്ടിവിസ്റ്റുകളും കവികളും അനുസാരികളും കളം നിറഞ്ഞാടുമെന്നും കരുനീക്കുന്നവര്‍ക്കറിയാം.
രാഹുല്‍ പക്ഷം / രാഹുല്‍ വിരുദ്ധ പക്ഷം എന്നൊരു ബൈനറി തന്നെ സൃഷ്ടിച്ചു കൊണ്ട് ഇവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൈയടക്കുമ്പോള്‍ ദിനംപ്രതി പുതിയ അവതാരങ്ങള്‍ പിറവിയെടുക്കുകയാണ്. അവര്‍ക്കെല്ലാം വലിയ വിസിബിലിറ്റിയാണു കിട്ടുന്നത്. നിങ്ങള്‍ ഇതു കണ്ടാല്‍ മതി എന്ന നിര്‍ബ്ബന്ധ ബുദ്ധിയോടെയാണ് മാധ്യമങ്ങള്‍ ഇവരുടെ പിന്നാലെ കൂടുന്നത്.
വിവാദ നായകനെ പാര്‍ട്ടിയില്‍ നിന്നും യഥാസമയം പുറത്താക്കിക്കൊണ്ട് രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വീണ്ടും ഈ വിഷയത്തിലേയ്ക്കു വലിച്ചിടുന്നത് കോണ്‍ഗ്രസിനുള്ളില്‍ നിന്നു കൊണ്ട് മറുഭാഗത്തിനു വിടുപണി ചെയ്യുന്നവരാണ്. ഞാന്‍ കോണ്‍ഗ്രസാണ് എന്നു പറഞ്ഞു കൊണ്ട് ഷാഫിയെയും മറ്റും ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നവര്‍ ആര്‍ക്കുവേണ്ടിയാണു പണിയെടുക്കുന്നത്?
'തന്നെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കാന്‍ നേതൃത്വത്തിനു പറ്റും, പക്ഷേ തന്നിലെ കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ആര്‍ക്കുമാവില്ല ' !
എന്നു ഊറ്റം കൊള്ളുന്ന എം.എല്‍ എ യോടുപറയാനുള്ളത് ഇതു മാത്രമാണ്. താങ്കളുടെ ആ നിലപാടിനോട് നീതി പുലര്‍ത്തണമെങ്കില്‍ തല്ക്കാലം താങ്കള്‍ മാധ്യമങ്ങളില്‍ നിന്നും ആരോഗ്യകരമായ അകലം പാലിക്കണം. കുറച്ചു കാലം മാധ്യമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് കൊണ്ടു താങ്കള്‍ക്ക് ഒരു കോട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. നേട്ടമുണ്ടാവുകയും ചെയ്യും. മാധ്യമ വിചാരണ താങ്കളെ കുറ്റവിമുക്തനാക്കില്ല. ഈ വിഷയത്തില്‍ താങ്കളുടെ പോരാട്ട ഭൂമി കോടതിയാണ്. അവിടെ ചെയ്യേണ്ടത് യഥാസമയം ചെയ്ത് അല്പകാലം ഒന്നു മൗനമായിരിക്കുക. അഗ്‌നിശുദ്ധി നേടി തിരിച്ചെത്താന്‍ കാലം ബാക്കിയുണ്ടല്ലോ. ഇപ്പോള്‍ വേണ്ടത് ഔചിത്യമാണ്.
കുറേപ്പേര്‍ക്ക് നിയമത്തിന്റെ പഴുതിലൂടെയും നിയമം വളച്ചൊടിച്ചും ശിക്ഷ ഒഴിവാക്കാന്‍ പാടുപെടുന്നവര്‍ താങ്കളെ നിയമത്തിന്റെ ചാട്ടവാറിനിരയാക്കുന്നതിലെ നീതി നിഷേധമാണ് പൊതു മനസ്സിനെ താങ്കള്‍ക്ക് അനുകൂലമാക്കുന്നത്. സ്ത്രീസൌഹൃദ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതിനോടുള്ള കടുത്ത വിയോജിപ്പും അതിന്റെ ഭാഗമാണ്. അല്ലാതെ ആ ആനുകൂല്യം സമൂഹം താങ്കള്‍ക്കു നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് അല്ല . അതുകൊണ്ടു തന്നെ താങ്കളുടെ പ്രണയ പുരാണം ഒരു മെഗാ സീരിയലായി ഇങ്ങനെ ഓടുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ താങ്കള്‍ക്ക് ദോഷമുണ്ടാക്കും.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും നടത്തുന്ന സമരത്തിന്റെ സന്ദേശം ജനങ്ങളിലെത്തണം. ഭരണ വിരുദ്ധ വികാരം അലയടിക്കണം. അതിനിടയില്‍ പൊതു ജനത്തെ ഒരു തരത്തിലും ബാധിക്കാത്ത അവിഹിത കഥകളുടെ നൂലാമാലകളിലേയ്ക്ക് ചര്‍ച്ച വഴി തിരിച്ചു വിടാനുള്ള ഉപകരണമായി താങ്കള്‍ മാറരുത്.. !
ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് ഇലക്ഷനെ അട്ടിമറിക്കാമെന്ന ചിന്തയ്ക്ക് സമൂഹം വേണ്ട മറുപടി കൊടുത്തിട്ടും പ്രധാന വിഷയങ്ങളില്‍ നിന്നും താല്ക്കാലികമായി ശ്രദ്ധ തിരിക്കാനുള്ള വെടിയും പുകയുമായി ഈ വിഷയത്തെ സജീവമാക്കി നിര്‍ത്തേണ്ടത് ആരുടെ ആവശ്യമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.!
ഡോ. ബെറ്റിമോള്‍ മാത്യു .


