- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിന്റെ ജോർജ്ജു കുട്ടിയും അജയ് ദേവ്ഗണിന്റെ വിജയ് സൽഗോങ്കറും ഇനി സസ്പെൻസുമായി ഒരു ദിവസമെത്തും; ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസിന് എത്തും; ബോളിവുഡിന് ജീവശ്വാസമായി മലയാളം റീമേക്ക് ത്രില്ലർ സിനിമ; 'ദൃശ്യം' ചർച്ചകൾ വീണ്ടും സജീവതയിലേക്ക്
മുംബൈ: ബോളിവുഡിന് ഒടുവിൽ ജീവശ്വാസം കിട്ടി. ദക്ഷിണേന്ത്യൻ സിനിമകളുടെ പടയോട്ടത്തിന് മുമ്പിൽ പതറിയ ഹിന്ദി സിനിമയ്ക്ക് ഒടുവിൽ ഒരു ഹിറ്റ് കിട്ടി. ജിത്തു ജോസഫ് ഒരുക്കിയ മലയാളത്തിലെ 'ദൃശ്യം 2' ഹിന്ദിയിൽ വമ്പൻ ഹിറ്റാവുകയാണ്. അതിനിടെ മറ്റൊരു വിവരവും പുറത്തു വരുന്നു. ബോളിവുഡിന് ജീവശ്വാസം നൽകി അജയ് ദേവ്ഗണിന്റെ 'ദൃശ്യം 2' വിജയ പ്രദർശനം തുടരുമ്പോൾ, ചിത്രത്തിന്റെ അടുത്ത ഭാഗത്തേക്കുറിച്ചുള്ള വാർത്തയാണ് പുതിയ ചർച്ച. ഹിറ്റ് ഫ്രാഞ്ചൈസി ആയ ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കഥയിലെ സസ്‌പെൻസ് ലീക്ക് ആകാതിരിക്കാനാണ് ഈ നീക്കം. ഒരുമിച്ച് ഷൂട്ടിങ് ആരംഭിച്ച് ഒരേ സമയം റിലീസിനെത്തിക്കാനാണ് നീക്കം. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം'. മലയാളത്തിൽ ബോക്സ് ഓഫീസിൽ കോടികൾ നേടിയ ചിത്രം രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്തു. ദൃശ്യം 2 മലയാളത്തിൽ ഒടിടിയിലാണ് എത്തിയത്. കോവിഡുകാരണമായിരുന്നു ഇത്. ബോളിവുഡിൽ റീമേക്കുകൾ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ദൃശ്യം 2 വിന്റെ വിജയം. അജയ് ദേവ്ഗണിന്റെ കഥാപാത്രം വിജയ് സൽഗോങ്കർ ആണ്. മലയാളത്തിൽ മോഹൻലാലിന്റെ ജോർജ് കുട്ടിയും.
കോവിഡ് മഹാമാരിയിൽ തിയേറ്ററുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ആമസോൺ പ്രൈമിലൂടെ നേരിട്ട് ഒടിടി റിലീസ് ആയിരുന്നു ഉണ്ടായത്. ഈ ആഴ്ച എത്തിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന് വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സെപ്റ്റംബർ 18ന് തിയേറ്റർ റിലീസ് ആയി എത്തിയ ചിത്രം ആദ്യ മൂന്ന് ദിവസം കൊണ്ട് നേടിയത് 63.9 കോടി രൂപയാണ്. ഈ നേട്ടം മലയാള ചിത്രത്തിന് തിയേറ്ററിൽ നിന്നുണ്ടാക്കാനായില്ല. ഇതിനൊപ്പമാണ് മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചർച്ച. മൂന്നാം ഭാഗത്തേക്കുറിച്ചുള്ള ആലോചന നേരത്തെ ഉള്ളതാണെന്നും ബോളിവുഡിലെ വിജയം ഇതിന് കൂടുതൽ കരുത്ത് പകരുന്നതാണെന്നുമാണ് വിലയിരുത്തൽ.
ദൃശ്യം മൂന്നാം ഭാഗത്തേക്കുറിച്ചുള്ള ചർച്ച മലയാളത്തിൽ നേരത്തെ തുടങ്ങിയതാണ്. ജീത്തു ജോസഫ് - മോഹൻലാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഹിന്ദിയിൽ എത്തിയപ്പോൾ, ആദ്യ ഭാഗം സംവിധാനം ചെയ്തത് അന്തരിച്ച സംവിധായകൻ നിഷികാന്ത് കാമത്തും രണ്ടാം ഭാഗത്തിന്റെ സംവിധാനം അഭിഷേക് പഥകും ആയിരുന്നു. മൂന്നാം ഭാഗവും പഥക് സംവിധാനം ചെയ്യും എന്നാണ് സൂചനകൾ. ദൃശ്യം രണ്ടാം ഭാഗം ഒടിടി റിലീസ് ആകുന്നതിന് മുൻപ് സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയിരുന്നുവെന്ന് അഭിഷേക് പഥക് വെളിപ്പെടുത്തിയിരുന്നു.
സിനിമ കണ്ട് ഇഷ്ടപ്പെട്ടപ്പോൾ തന്നെ റീമേക്ക് അവകാശം സ്വന്തമാക്കിയെന്നും തുടർന്ന് ഞങ്ങൾ അത് വികസിപ്പിക്കാൻ ആരംഭിച്ചുവെന്നും സംവിധായകൻ പറഞ്ഞു. ഫ്രെയിം ടു ഫ്രെയിം റീമേക്ക് ചെയ്യുന്നതിൽ അർത്ഥമില്ല. അങ്ങനെ ചെയ്താൽ ഒരു സംവിധായകനെന്ന നിലയിൽ ഒന്നും ചെയ്യാനില്ല. പ്രേക്ഷകരുടെ കാഴ്ചയിലേക്ക് സിനിമയെ കൊണ്ടുവരണം. റീമേക്ക് ആകുമ്പോൾ പ്രേക്ഷകർ ചർച്ച ചെയ്യും. ഇത് വാമൊഴിയായി പ്രചരിക്കുകയും പ്രേക്ഷകരെ കുറയ്ക്കുകയും ചെയ്യും എന്നും അഭിഷേക് വെളിപ്പെടുത്തിയിരുന്നു.
'റീമേക്കിനായി ഒരു സ്‌ക്രിപ്റ്റ് റീ റൈറ്റ് ചെയ്യുമ്പോൾ മാറ്റാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ മാർക്ക് ചെയ്യുന്നു. സിനിമയുടെ ആശയം എന്താണോ അതിനെ നശിപ്പിക്കാതിരിക്കുക. ട്വിസ്റ്റും കഥാഗതിയും ഉൾപ്പെടെ സിനിമയുടെ ആത്മാവിൽ നാം ഉറച്ചുനിൽക്കണം. എന്നാൽ തിരക്കഥയിൽ മാറ്റം വരാം. ഹിന്ദി സിനിമകളെ അപേക്ഷിച്ച് മലയാളം സിനിമകൾ അല്പം വ്യത്യസ്തമാണ്. പ്രേക്ഷകരും വ്യത്യസ്തരാണ്. അതുകൊണ്ട് ആ മാറ്റം നമുക്കാവശ്യമാണ്. ഒരു റീമേക്കിന്റെ തിരക്കഥ മാറ്റുന്നത് പ്രധാനമാണ്, പക്ഷേ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്' അഭിഷേക് വ്യക്തമാക്കിയിരുന്നു.
റീമേക്കുകൾ വിജയിക്കുന്നില്ല എന്നതിനോട് താൻ യോജിക്കുന്നിലെന്ന് അദ്ദേഹം പ്രതികരിച്ചു. റീമേക്ക് ചെയ്യപ്പെടുന്ന സിനിമയുടെ ഒറിജിനൽ ഒടിടിയിൽ ലഭ്യമാണെങ്കിൽ തിയേറ്ററുകളിൽ പ്രേക്ഷകർ കുറവായിരിക്കും. ഈയിടെ വന്ന ചില സിനിമകൾക്ക് അത് തീർച്ചയായും ദോഷം ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മോഹൻലാൽ ഒരു മികച്ച നടനാണെന്ന് അഭിഷേക് പറഞ്ഞു. എന്നാൽ ഹിന്ദി പ്രേക്ഷകർക്ക് അജയ് ദേവ്ഗണിന്റെ വിജയ് സൽഗോങ്കർ എന്ന കഥാപാത്രവുമായാണ് കൂടുതൽ ബന്ധപ്പെടുത്താൻ സാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
മലയാളം സീക്വൽ പുറത്തിറങ്ങിയെങ്കിലും ഹിന്ദി പതിപ്പ് ആദ്യം കാണണമെന്ന ആഗ്രഹം കൊണ്ട് പലരും അത് കണ്ടില്ല. മലയാളം ദൃശ്യം ഒരു മികച്ച ചിത്രമാണ്, പക്ഷേ ഹിന്ദി പതിപ്പ് പുറത്തിറങ്ങുന്നത് വരെ പിടിച്ചുനിൽക്കാൻ അവർ തയ്യാറായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതെല്ലാം പരിഗണിച്ചാണ് മൂന്നാം ഭാഗം ഹിന്ദിയിലും മലയാളത്തിലും ഒരുമിച്ചിറക്കാനുള്ള നീക്കം.
മറുനാടന് മലയാളി ബ്യൂറോ