- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരു ഡ്രൈവർ കാരണം റാന്നി കെഎസ്ആർടിസി ഡിപ്പോയിൽ വൈകിയത് രണ്ടു സർവീസുകൾ; രണ്ടു ഡ്രൈവർമാർക്ക് എതിരേ നടപടിക്ക് ശുപാർശ; യാത്രക്കാർ ചീത്ത വിളിച്ചത് കെഎസ്ആർടിസിയുടെ അപമാനത്തിന് കാരണമായെന്ന് സ്റ്റേഷൻ മാസ്റ്ററുടെ റിപ്പോർട്ട്
റാന്നി: ഒരു ഡ്രൈവർ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് റാന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ രണ്ട് ദീർഘദൂര സർവീസുകൾ ഒരു മണിക്കൂറോളം വൈകി. ഡ്യൂട്ടിക്ക് വരാതിരുന്ന ഡ്രൈവർക്കും പകരം പോകാൻ പറഞ്ഞപ്പോൾ വിസമ്മതിച്ച ഡ്രൈവർക്കുമെതിരേ വിജിലൻസ് അന്വേഷണം നടത്തും.
ചൊവ്വാഴ്ച പുലർച്ചെ 4.10 നുള്ള കുടിയാന്മല, 4.30 നുള്ള അമൃത ആശുപത്രി എന്നീ സർവീസുകളാണ് വൈകി പുറപ്പെട്ടത്. ഡിപ്പോയിൽ നിന്നുള്ള ആദ്യ സർവീസാണ് കുടിയാന്മല സൂപ്പർ ഫാസ്റ്റ്. ഇതിൽ പോകേണ്ടിയിരുന്നത് വി.പി. സന്തോഷ് എന്ന ഡ്രൈവറായിരുന്നു. ഒപ്പം പോകാനുള്ള ഡ്രൈവർ കം കണ്ടക്ടർ പി.എ. നവാസ് കൃത്യസമയത്തിന് വരികയും ചെയ്തു. ഈ സർവീസിലേക്കുള്ള സീറ്റ് മുഴുവൻ ഓൺലൈൻ ബുക്കിങ് ആണ്. ഇതിൽ പോകേണ്ട ധാരാളം യാത്രക്കാരും ഡിപ്പോയിൽ വന്നിരുന്നു.
എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും ഡ്രൈവർ സന്തോഷ് എത്താതിരുന്നതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. 4.30 ന് പുറപ്പെടേണ്ട അമൃത ആശുപത്രി ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ ഡ്രൈവർ കെ.എം. പ്രമോദ് 4.15 ന് സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാർ ബഹളം ഉണ്ടാക്കുമെന്നതിനാൽ കുടിയാന്മല സർവീസിൽ പ്രമോദിനെ അയയ്ക്കാൻ തീരുമാനിച്ചു. ഇതിനുള്ള ഡ്യൂട്ടി കാർഡും എഴുതി നൽകി.
എന്നാൽ, ബുധനാഴ്ച നടക്കുന്ന യൂണിയൻ പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി സർവീസ് പോകാൻ പ്രമോദ് തയാറായില്ല. കാർഡും സ്റ്റേഷൻ മാസ്റ്ററുടെ മേശപ്പുറത്ത് വച്ച് ഇയാൾ ഇറങ്ങിപ്പോയി. ഇതിനിടെ രണ്ടു ബസിലും പോകേണ്ട യായ്‌രക്കാർ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ എത്തി ബഹളം തുടങ്ങി. യാത്രക്കാരുടെ ബഹളം അതിരു കടന്നപ്പോൾ പിന്നാലെ ഡ്യൂട്ടികൾക്ക് വരേണ്ട ഡ്രൈവർമാരെ ഫോണിൽ വിളിച്ച് കുടിയാന്മല സർവീസിൽ പോകുന്നതിന് തയാറായി വരാൻ ആവശ്യപ്പെട്ടു.
വീണ്ടും കാലതാമസം നേരിടുമെന്ന് വന്നതിനാൽ സ്റ്റേഷൻ മാസ്റ്റർ ഡ്രൈവർമാരുടെ വിശ്രമമുറിയിൽ ചെന്ന് കഴിഞ്ഞ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു അമൃത ആശുപത്രി ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവർ എം.കെ. കേശവനെ വിളിച്ചുണർത്തി കുടിയാന്മല സർവീസിന് അയയ്ക്കുകയായിരുന്നു. ഡബിൾ ഡ്യൂട്ടി കഴിഞ്ഞ് കിടന്നുറങ്ങിയ കേശവൻ വിഷയത്തിന്റെ ഗൗരവം മനസിലാക്കി സർവീസിന് പോകാൻ തയാറാകുകയായിരുന്നു.
ഒരു മണിക്കൂർ വൈകി 5.20 ന് ഈ സർവീസ് പുറപ്പെട്ടു. ഇതിനിടെ മുക്കാൽ മണിക്കൂറോളം വൈകി 5.20 ന് ഡ്രൈവർ പ്രമോദ് തന്നെ അമൃത ആശുപത്രി സർവീസിൽ പോവുകയും ചെയ്തു. വി.പി. സന്തോഷ്, എം.കെ. പ്രമോദ് എന്നിവരെ ആബ്സന്റായി കണക്കാക്കിയുള്ള റിപ്പോർട്ട് ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ വി.വി. റോബിൻസൺ ഇൻസ്പെക്ടർ ഇൻ ചാർജിന് കൈമാറി. സംഭവം സംബന്ധിച്ച് കെ.എസ്.ആർ.ടി.സി വിജിലൻസും അന്വേഷണം നടത്തി.