കൊച്ചി: സംസ്ഥാന സര്‍ക്കാരിലെ ഉന്നതനായ ഒരു മന്ത്രിയാണ് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ രക്ഷാപുരുഷനെന്ന കാര്യം നാട്ടില്‍ പാട്ടാണെന്ന് ബിജെപി നേതാവ് ഉപാദ്ധ്യക്ഷന്‍ ഡോ. കെ. എസ് രാധാകൃഷ്ണന്‍. മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരം ഈ ചാക്കോയുടെ സംരക്ഷകനാണെന്നും ആക്ഷേപമുണ്ട്. പഴയ ലഹരിക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഒത്താശ ചെയ്തത് ടോം ചാക്കോയുടെ ആപദ്ബാന്ധവനായ ഈ സൂപ്പര്‍ താരമാണ് എന്ന് അന്നേ കേട്ടിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആരാണ് ഷൈന്‍ ടോം ചാക്കോയുടെ രക്ഷകന്‍?

സംസ്ഥാന സര്‍ക്കാരിലെ ഉന്നതനായ ഒരു മന്ത്രിയാണ് ഷൈന്‍ ടോം ചാക്കോയുടെ രക്ഷാപുരുഷന്‍ എന്ന കാര്യം നാട്ടില്‍ പാട്ടാണ്. മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരം ഈ ചാക്കോയുടെ സംരക്ഷകനാണെന്നും ആക്ഷേപമുണ്ട്. ഇന്നലെ രാത്രി ഒരു ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നു എന്ന് അറിഞ്ഞ് പോലീസ് എത്തുമ്പോള്‍ ഷൈന്‍ ടോം ചാക്കോ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി ഓടി രക്ഷപ്പെട്ടു.

രണ്ടു ദിവസം മുമ്പാണ് 2015ലെ ഒരു മയക്കുമരുന്നു കേസില്‍ നിന്ന് ഇയാള്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത്. രക്ഷപ്പെട്ടു എന്നതല്ല പോലീസ് ഇയാളെ രക്ഷപ്പെടുത്തി എന്നാണ് കോടതി വിധിയില്‍ തെളിയുന്നത്. കാരണം മയക്കുമരുന്നു കേസ് അന്വേഷിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷിച്ചതും. അതിന് വേണ്ട ഒത്താശ ചെയ്തത് ടോം ചാക്കോയുടെ ആപദ്ബാന്ധവനായ ഈ സൂപ്പര്‍ താരമാണ് എന്ന് അന്നേ കേട്ടിരുന്നു. കൊച്ചിയിലെ മയക്കുമരുന്ന് ഇടപാടില്‍ മട്ടാഞ്ചേരി മാഫിയ എന്ന് അറിയപ്പെടുന്ന സംഘത്തിന് പങ്കുണ്ട് എന്ന് അന്നേ പാട്ടായിരുന്നു. എന്നിട്ടും ഒന്നും നടന്നില്ല. സിനിമയിലെ സൂപ്പര്‍ താരങ്ങളേയും സിനിമ സംഘടനകളേയും ഭയക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു.

സിനിമാ നിര്‍മ്മാണത്തില്‍ മയക്കുമരുന്നു മാഫിയ ആളും അര്‍ത്ഥവും നല്‍കി പങ്കെടുക്കുന്നുണ്ട് എന്ന ആക്ഷേപവും കുറെ കാലമായി കേള്‍ക്കുന്നുണ്ട്. അമ്മ, ഫെഫ്ക എന്നീ സിനിമ പ്രവര്‍ത്തക സംഘടനകള്‍ക്കും ഇക്കാര്യം അറിയാവുന്നതാണ്. അവരാരും തന്നെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. ഒരു ഭാഗത്ത് സര്‍ക്കാരും ബഹുജന സംഘടനകളും വന്‍ രീതിയില്‍ മയക്കുമരുന്നു വിപത്തിന് എതിരെ പ്രചാരണവും നിവാരണ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കെയാണ് നഗര മദ്ധ്യത്തില്‍ സിനിമക്കാര്‍ മയക്കുമരുന്നു ഇടപാടുകള്‍ നടക്കുന്നത്. അവരുടെ രക്ഷകരായി മന്ത്രിയും രാഷ്ട്രീയ നേതൃത്വവും താരപ്രമുഖരും ഒത്തു ചേരുന്നു എന്നത് ഭയജനകമാണ്.

മാത്രമല്ല കൊച്ചി നഗരത്തിലെ ചില അഭിഭാഷകരും പോലീസും ചേര്‍ന്ന് ഇക്കാര്യത്തില്‍ ഒത്തുകളിക്കുന്നതായും ആരോപണുണ്ട്. അധികാരത്തിന്റെ ഇടനാഴികളില്‍ അടക്കിപ്പിടിച്ചല്ലാതെതന്നെ ഇതു സംബന്ധമായ ഫലിത സംസാരങ്ങളും നടക്കുന്നുണ്ട്.

ഷൈന്‍ ടോം ചാക്കോ ഒരു സിനിമാസെറ്റില്‍ ഒപ്പം അഭിനയിച്ചു കൊണ്ടിരുന്ന നടിയോട് അപമര്യാദ കാണിച്ചതായി ആക്ഷേപമുണ്ട്. മയക്കുമരുന്ന് സേവിച്ച് അഴിഞ്ഞാടാനും ഒപ്പം അഭിനയിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു രസിക്കാനും സിനിമ നിര്‍മ്മാതാവും സംവിധായകനും എന്തിനാണ് ഈ നടന് സംരക്ഷണം നല്‍കിയത്. നമ്മുടെ ഭരണ നേതൃത്വവും രാഷ്ട്രീയ കക്ഷി നേതൃത്വവും താരസംഘടനകളും എന്തുകൊണ്ടാണ് മയക്കുമരുന്നു മാഫിയയെ ഭയക്കുന്നത്. കള്ളക്കടത്തും കരിഞ്ചന്തയും കള്ളപ്പണവും ഹാജി മസ്താന്റെ കാലം മുതല്‍ സിനിമയുടെ ഭാഗമാണ്. ഇപ്പോള്‍ മയക്കുമരുന്നും തീവ്രവാദി സംഘങ്ങളും സിനിമയില്‍ ഇടപെടുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സജീവ താല്പര്യം എടുക്കണം. അമ്മ സംഘടനയുടെ മുമ്പാകെ ഒരു നടി നല്‍കിയ സ്ത്രീപീഡന പരാതി ഉണ്ട്. അതൊരു ക്രിമിനല്‍ കുറ്റമാണ്. ഒരു ക്രിമിനല്‍ കുറ്റത്തെക്കുറിച്ചു അറിവ് ലഭിച്ചാല്‍ പോലീസില്‍ അറിയിക്കുക എന്നത് നിയമപരമായ ബാധ്യതയാണ്. താര സംഘടന എന്തുകൊണ്ടാണ് ഇക്കാര്യം പോലീസില്‍ അറിയിക്കാത്തത്?


(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)